വാഷിംഗ്ടൺ: രക്ഷാപ്രവർത്തനങ്ങൾ തുടരുന്നതിനിടെ അമേരിക്കയിലെ അതിരൂക്ഷമായ ശൈത്യകാല കൊടുങ്കാറ്റിൽ രാജ്യവ്യാപകമായി കുറഞ്ഞത് 50 പേരുടെയെങ്കിലും ജീവൻ നഷ്ടമായതായി റിപ്പോർട്ട്. പടിഞ്ഞാറന്‍ ന്യൂയോര്‍ക്കിലെ ബഫലോ നഗരമാണ് പ്രതികൂല കാലാവസ്‌ഥയില്‍ ഏറ്റവുമധികം പ്രതിസന്ധി നേരിട്ടത്. കൊടുംതണുപ്പില്‍ ഇവിടെ മാത്രം 27 പേര്‍ മരിച്ചു. ഹിമപാതത്തെത്തുടര്‍ന്നു കനത്ത നാശനഷ്‌ടമുണ്ടായ ഈ പ്രദേശത്തേക്ക് എത്തിച്ചേരാന്‍ രക്ഷാപ്രവര്‍ത്തകര്‍ ബുദ്ധിമുട്ടുകയാണ്.
ഇതോടെ ബഫലോ നഗരത്തിലും പരിസര പ്രദേശങ്ങളിലുമായി ജീവൻ നഷ്ടപ്പെട്ടവരെ കാറുകളിലും വീടുകളിലും സ്നോ ബാങ്കുകളിലും നിന്ന് കണ്ടെത്തി. ചിലർ മഞ്ഞുവീഴ്ചയ്ക്കിടെയും മറ്റ് ചിലർ കൃത്യമായ വൈദ്യസഹായം ലഭിക്കാതെയുമാണ് മരണത്തിന് കീഴടങ്ങിയതെന്ന് അധികൃതർ അറിയിച്ചു.
ബഫലോ മേഖലയിലെ പല പലചരക്ക് കടകൾ അടച്ചിടുകയും ഡ്രൈവിംഗ് നിരോധനം ഏർപ്പെടുത്തുകയും ചെയ്തതോടെ, ചില ആളുകൾ ഭക്ഷണവും മറ്റ് ആവശ്യസാധനകളും എത്തിക്കാൻ അഭ്യർത്ഥിച്ചുകൊണ്ട് സോഷ്യൽ മീഡിയയിലൂടെ സന്ദേശങ്ങൾ പങ്കുവെച്ചിരുന്നു. നഗരത്തിലെ രാജ്യാന്തര വിമാനത്താവളവും റോഡ്-റെയില്‍ ഗതാഗതവും നിരോധിച്ചിട്ടുണ്ട്.
അമേരിക്കയുടെ മറ്റ് ഭൂരിഭാഗം മേഖലകളെയും കഠിനമായ ശൈത്യകാലാവസ്ഥ ബാധിച്ചിട്ടുണ്ട്. അതിരൂക്ഷമായ കാലാവസ്‌ഥയില്‍ രാജ്യത്തെ 48 സംസ്ഥാനങ്ങളും ക്രിസ്‌മസ് വാരാന്ത്യത്തില്‍ തണുത്തുറഞ്ഞിരുന്നു. ഇതേ തുടർന്ന് രക്ഷാപ്രവർത്തനവും വീണ്ടെടുക്കൽ ശ്രമങ്ങളും അധികൃതർ തുടരുകയാണ്.
അതിനിടെ ചൊവ്വാഴ്ച ചില പ്രദേശങ്ങളിൽ 23 സെന്റീമീറ്റർ മഞ്ഞ് വീഴാൻ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം തിങ്കളാഴ്ച അറിയിച്ചു. കാലാവസ്ഥാ വ്യതിയാന പ്രതിസന്ധി കൊടുങ്കാറ്റിന്റെ തീവ്രതയ്ക്ക് കാരണമായേക്കാമെന്ന് ശാസ്ത്രജ്ഞർ വ്യക്തമാക്കുന്നു.
"ഈ ജീവിതകാലത്തെ ഏറ്റവും മോശം കൊടുങ്കാറ്റ്" എന്നാണ് എറി കൗണ്ടി എക്‌സിക്യൂട്ടീവ് മാർക്ക് പോളോൺകാർസ് ഹിമപാതത്തെ വിശേഷിപ്പിച്ചത്. ഇനിയും കൂടുതൽ പേർ മരിച്ചിട്ടുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകിയ അദ്ദേഹം ചിലർ രണ്ട് ദിവസത്തിലേറെയായി തങ്ങളുടെ കാറുകളിൽ കുടുങ്ങിക്കിടക്കുകയാണെന്ന് ചൂണ്ടിക്കാട്ടുകയും ചെയ്തു.
കിഴക്കന്‍ സംസ്‌ഥാനങ്ങളിലെ രണ്ടുലക്ഷത്തിലേറെ അമേരിക്കൻ പൗരന്മാര്‍ക്ക് കഴിഞ്ഞ പല ദിവസങ്ങളിലും വൈദ്യുതി ലഭ്യമായിരുന്നില്ല. ആയിരക്കണക്കിനു വിമാനങ്ങള്‍ റദ്ദാക്കിയതോടെ അവധിക്കാല യാത്രക്കാര്‍ മഞ്ഞുമൂടിയ കെട്ടിടങ്ങളില്‍ അകപ്പെട്ടു. ഒമ്പതു സംസ്‌ഥാനങ്ങളിലായി 32 മരണങ്ങളും സ്‌ഥിരീകരിച്ചിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയരുമെന്ന അധികൃതരുടെ മുന്നറിയിപ്പുണ്ട്.
മണിക്കൂറുകളോളം നീണ്ട തെരച്ചിലില്‍ വാഹനങ്ങളില്‍നിന്നും മഞ്ഞുപാളികള്‍ക്കിടയില്‍നിന്നുമാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. പല പ്രദേശങ്ങളിലെയും അപകടകരമായ പരിതസ്‌ഥിതി രക്ഷാപ്രവര്‍ത്തനത്തിനു തടസം സൃഷ്‌ടിക്കുന്നുണ്ട്. അതേസമയം ഈ ആഴ്ച അവസാനത്തോടെ താപനില സാവധാനത്തിൽ ഉയരുമെന്ന കണ്ടെത്തലുകൾ അൽപം ആശ്വാസം പകരുന്നതാണെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രത്തിലെ കാലാവസ്ഥാ നിരീക്ഷകനായ ആഷ്ടൺ റോബിൻസൺ കുക്ക് വ്യക്തമാക്കി.
മഞ്ഞുവീഴ്‌ചയുള്ള മേഖലകളില്‍ ഇന്നും വൈദ്യുതി പുനസ്‌ഥാപിക്കാമെന്ന പ്രതീക്ഷയില്ല. വൈദ്യുത സബ്‌സ്‌റ്റേഷനുകള്‍ക്കുമേല്‍ കനത്ത തോതില്‍ മഞ്ഞുമൂടിക്കിടക്കുകയാണ്. അതേസമയം ഇന്നലെ രാത്രിയോടെ ചില പ്രദേശങ്ങളില്‍ വൈദ്യുതി പുനസ്‌ഥാപിച്ചു തുടങ്ങി. ഉപയോഗം കുറയ്‌ക്കുന്നതു ലക്ഷ്യമിട്ട് നോര്‍ത്ത് കരോലിന, ടെന്നസി തുടങ്ങിയ സ്ഥലങ്ങളില്‍ വന്‍തോതില്‍ ഊര്‍ജനികുതി ഏര്‍പ്പെടുത്തുകയും ചെയ്‌തു.
അമേരിക്കൻ ജനസംഖ്യയുടെ 60 ശതമാനവും ഏതെങ്കിലും തരത്തിലുള്ള ശീതകാല കാലാവസ്ഥാ ബാധിച്ചതായി റിപ്പോർട്ടുണ്ട്. റോക്കി പർവതനിരകളുടെ കിഴക്ക് മുതൽ അപ്പലാച്ചിയൻസ് വരെ താപനില സാധാരണയേക്കാൾ വളരെ താഴെയായി കാണപ്പെട്ടു. ആയിരക്കണക്കിന് വിമാനങ്ങള്‍ റദ്ദാക്കിയതിനെത്തുടര്‍ന്ന് അറ്റ്‌ലാന്റ, ഷിക്കാഗോ, ഡെന്‍വര്‍, ഡെട്രോയിറ്റ്, ന്യൂയോര്‍ക്ക് എന്നിവിടങ്ങളിലുള്‍പ്പെടെ യാത്രക്കാര്‍ വിമാനത്താവളങ്ങളില്‍ കുടുങ്ങി. തിരക്കേറിയ ഗതാഗത റൂട്ടുകളില്‍ ചിലത് താല്‍ക്കാലികമായി അടച്ചതും യാത്രികര്‍ക്കു വിനയായി.
അതേസമയം ഡീപ് സൗത്ത് പ്രദേശങ്ങളിലെ തണുത്തുറഞ്ഞ അവസ്ഥ പൈപ്പുകൾ പൊട്ടിത്തെറിച്ച് ദശലക്ഷക്കണക്കിന് ഗാലൻ വെള്ളം ചോരുന്നതിനും ഡസൻ കണക്കിന് ജലസംവിധാനങ്ങളെ പ്രതിസന്ധിയിലാക്കാനും കാരണമായിട്ടുണ്ട്. ഇതും നിരവധിയാളുകളെ പ്രതികൂലമായി ബാധിച്ചു.
അതിശൈത്യം കാനഡയിലും നാശനഷ്‌ടമുണ്ടാക്കിയിട്ടുണ്ട്. കാനഡയ്ക്കടുത്തുള്ള ഗ്രേറ്റ് തടാകം മുതൽ മെക്സിക്കോയുടെ അതിർത്തിയിലുള്ള റിയോ ഗ്രാൻഡെ വരെ കടുത്ത കാലാവസ്ഥ നീണ്ടുനിന്നു. കഴിഞ്ഞദിവസം ബ്രിട്ടീഷ് കൊളംബിയയില്‍ ഓടിക്കൊണ്ടിരുന്ന ബസ് കീഴ്‌മേല്‍ മറിഞ്ഞ് നാലുപേര്‍ മരിക്കുകയും 53 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്‌തു.
ഒന്റാറിയോയിലും ക്യൂബെക്കിലും ലക്ഷക്കണക്കിനാളുകള്‍ക്ക് ഇപ്പോഴും വൈദ്യുതിയില്ല. പ്രധാന നഗരങ്ങളില്‍ നിരവധി വിമാനങ്ങള്‍ റദ്ദാക്കി. ടൊറന്റോയ്‌ക്കും ഒട്ടാവയ്‌ക്കും ഇടയിലുള്ള പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസ് നിര്‍ത്തിവച്ചതായും റിപ്പോര്‍ട്ടുണ്ട്.
കൂടുതൽ വായിക്കാൻ...
അതിശൈത്യത്തില്‍ അമേരിക്കയും കാനഡയും: മരണം 31 ആയി; താപനില മൈനസ് 45 ഡിഗ്രി വരെ താഴ്ന്നു
അമേരിക്കയിൽ ശൈത്യകാലം രൂക്ഷമാകുന്നു: ഭൂരിഭാഗം സംസ്ഥാനങ്ങളിലും ഇത്തവണ ദശാബ്ദങ്ങളിലെ ഏറ്റവും തണുപ്പുള്ള ക്രിസ്തുമസ് ആയിരിക്കുമെന്ന് റിപ്പോർട്ട്
ശീതക്കൊടുങ്കാറ്റിൽ വലഞ്ഞ് അമേരിക്ക; 2300 വിമാനങ്ങള്‍ റദ്ദാക്കി
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.