ബഫര്‍ സോണ്‍: സര്‍വേ നമ്പര്‍ ഉള്‍പ്പെടുത്തിയുള്ള ഭൂപടം പ്രസിദ്ധീകരിച്ചു

ബഫര്‍ സോണ്‍: സര്‍വേ നമ്പര്‍ ഉള്‍പ്പെടുത്തിയുള്ള ഭൂപടം പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: ബഫര്‍ സോണ്‍ വിവാദങ്ങള്‍ തുടരുന്നതിനിടെ പ്രദേശങ്ങളുടെ സര്‍വേ നമ്പര്‍ ഉള്‍പ്പെടെയുള്ള ഭൂപടം പ്രസിദ്ധീകരിച്ചു. ഓരോ സ്ഥാപനത്തിനും ഓരോ നിറമാണ് ഭൂപടത്തില്‍ നല്‍കിയിരിക്കുന്നത്. ഇതിലുള്ള പരാതികള്‍ ജനുവരി ഏഴ് മുതല്‍ നല്‍കാം.

നേരത്തെ ജനവാസ കേന്ദ്രങ്ങളേയും നിര്‍മിതികളേയും ഒഴിവാക്കി സംരക്ഷിത മേഖലയ്ക്ക് ചുറ്റുമുള്ള ബഫര്‍ സോണ്‍ ഭൂപടം പ്രസിദ്ധീകരിച്ചിരുന്നു. ഇതില്‍ സര്‍വെ നമ്പര്‍ കൂടി ഉള്‍പ്പെടുത്തിയ ഭൂപടമാണ് ഇപ്പോള്‍ പ്രസിദ്ധീകരിച്ചത്.

സ്ഥലപരിശോധന നടത്തി റിപ്പോര്‍ട്ട് തയാറാക്കാനുള്ള സമിതിയുടെ കാലാവധിയും നീട്ടിയിട്ടുണ്ട്. ജസ്റ്റിസ് തോട്ടത്തില്‍ രാധാകൃഷ്ണന്‍ അധ്യക്ഷനായുള്ള സമിതിയുടെ കാലാവധിയാണ് നീട്ടി നല്‍കിയിരിക്കുന്നത്.

അടുത്ത വര്‍ഷം ഫെബ്രുവരി എട്ട് വരെയാണ് കാലാവധി നീട്ടി ഉത്തരവിറങ്ങിയത്. ഡിസംബര്‍ 30ന് കാലാവധി തീരുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. കാലാവധി നീട്ടാന്‍ നേരത്തെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായിരുന്നു.

ബഫര്‍സോണുമായി ബന്ധപ്പെട്ട നടപടികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കുമെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞിരുന്നു. ഫീല്‍ഡ് വേരിഫിക്കേഷന് വാര്‍ഡ്തലത്തില്‍ സമിതി രൂപീകരിക്കും. പരാതി ലഭിച്ചാലുടന്‍ പരിശോധന നടത്തുമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.