മറഡോണ : ചേരിയിൽ നിന്നുയർന്ന ഇതിഹാസം

മറഡോണ : ചേരിയിൽ നിന്നുയർന്ന ഇതിഹാസം

ദൈവത്തിന്റെ കയ്യൊപ്പ് പതിഞ്ഞ ആ കുറിയ മനുഷ്യൻ, ഡിയാഗോ മറഡോണ എന്ന കാൽപ്പന്ത് കളിയിലെ ഇതിഹാസം വിട വാങ്ങി.  "പൊക്കമില്ലായ്മയാണെന്റെ പൊക്കം" എന്ന് പാടിയത് നമ്മുടെ പ്രിയങ്കരനായ കവി കുഞ്ഞുണ്ണി മാഷാണ്. എന്നാൽ 5 അടി 5 ഇഞ്ച് പൊക്കമുള്ള ഈ കുറിയ മനുഷ്യൻ ലോകത്തെ കീഴടക്കിയത് തന്റെ പൊക്ക കുറവിനെ അവഗണിച്ച്  നേട്ടങ്ങളിലേക്ക് മുന്നേറ്റം നടത്തിയത് കൊണ്ടാണ്. അത്ഭുതമായ ആത്മവിശ്വാസവും കഠിനാധ്വാനവും ദൈവ വിശ്വാസവുമാണ് അദ്ദേഹത്തെ   പ്രശസ്തിയുടെ കൊടുമുടിയിൽ എത്തിച്ചത്.

അർജന്റീനയിലെ ബ്യുണസ് ഐറിസ് എന്ന  സ്ഥലത്തെ ചേരിയിൽ ഒരു ബൂട്ട് പോലുമില്ലാതെ കളിച്ച് തുടങ്ങിയ മറഡോണയെ ഫുട്ബോളിലെ ഇതിഹാസം എന്ന് വിളിക്കാൻ അധിക കാലം കാത്തിരിക്കേണ്ടി വന്നില്ല. കത്തോലിക്കാ കുടുംബത്തിൽ ജനിച്ച മറഡോണ തന്റെ വിശ്വാസപാരമ്പര്യത്തെ എന്നും നെഞ്ചോട് ചേർത്തിരുന്നു.  ഒരിക്കൽ അദ്ദേഹം ഇങ്ങനെ പറഞ്ഞു "ദൈവമാണ് എന്നെ ഒരു ഫുട്ബോൾ കളിക്കാരനാക്കിയത്, അതുകൊണ്ടാണ് എല്ലായ്പ്പോഴും കളിക്കാനിറങ്ങുമ്പോൾ ഞാൻ കുരിശ് വരയ്ക്കുന്നത്.  അങ്ങനെ ചെയ്യുന്നില്ലെങ്കിൽ ഞാൻ ദൈവത്തെ ചതിക്കുന്നവനാകും."

കമ്മ്യൂണിസിറ്റ് സ്നേഹവും കത്തോലിക്കാ വിശ്വാസവും ഒരുമിച്ച് കൊണ്ടുപോകാൻ അദ്ദേഹത്തിന് എങ്ങനെ സാധിച്ചിരുന്നു എന്ന് പലരും   ചിന്തിച്ചിരുന്നു. ചെഗുവേരയുടെ മുഖച്ഛായ തന്റെ ശരീരത്തിൽ പച്ച കുത്തിയിരുന്ന അദ്ദേഹം അന്തരിച്ച ക്യുബൻ  പ്രസിഡണ്ട് ഫിഡൽ കാസ്ട്രോയോട് വളരെ അടുപ്പവും സ്നേഹവും കാത്ത്   സൂക്ഷിച്ചിരുന്നു. ( ഫിഡൽ കാസ്ട്രോ മരിച്ച നവംബർ 25 ന് തന്നെ മറഡോണയും ലോക ജീവിതത്തിൽ നിന്ന് യാത്രയായി എന്നതും ശ്രദ്ധേയമാണ്.)

സ്വന്തം നാട്ടുകാരനും ഫുട്ബോൾ ആരാധകനുമായ  ഫ്രാൻസിസ് പാപ്പയുമായി വളരെ അടുത്ത ബന്ധം അദ്ദേഹം കാത്ത് സൂക്ഷിച്ചിരുന്നു. ഒരിക്കൽ  പൊതുചടങ്ങിൽ ഫ്രാൻസിസ് പാപ്പയുടെ  കട്ട ഫാനാണ് താനെന്ന് മറഡോണ പ്രഖ്യാപിച്ചു . പാപ്പയ്ക്ക് മറഡോണയോട് പ്രത്യേക വാത്സല്യവും സ്നേഹവുമുണ്ടായിരുന്നു.  കാണുമ്പോഴൊക്ക ഫുട്ബോൾ ഇതിഹാസത്തിന് വേണ്ടി പ്രാർത്ഥിക്കാറുണ്ടെന്ന് പാപ്പാ പറയാറുണ്ടായിരുന്നു.

1986 ലെ ഇംഗ്ലണ്ടുമായുള്ള ക്വാർട്ടർ ഫൈനൽ മത്സരത്തിലെ വിവാദ ഗോൾ നേടിയ ശേഷം മറഡോണ പറഞ്ഞ വാചകം സുപ്രസിദ്ധമാണ്.  "ദൈവത്തിന്റെ കൈയും എന്റെ തലയും ചേർന്നാണ് ആ ഗോൾ നേടിയത്." വഴിതെറ്റലുകളും അപവാദങ്ങളും ചുറ്റിലും വിവാദ മതിലുകൾ തീർത്തപ്പോഴും പോക്കറ്റിലെ ജപമാലയിൽ ആശ്വാസം കണ്ടിരുന്ന മറഡോണ, കളിക്കളത്തിൽ ഇറങ്ങുമ്പോഴും ഇടവേളകളിലും പരസ്യമായി കുരിശ് വരച്ച് പ്രാർത്ഥിച്ചിരുന്നു . മറഡോണ കോടിക്കണക്കിന് ആരാധകരെ സങ്കടക്കടലിലാക്കി ദൈവത്തിന്റെ കൈയൊപ്പുമായി ദൈവ സന്നിധിയിലേക്ക് യാത്രയായി.

ഫുട്ബോൾ ചക്രവർത്തിക്ക് സി ന്യൂസ് ലൈവിന്റെ ആദരാഞ്ജലി.

(ജോ കാവാലം)




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.