സഹന പാതകള്‍ ക്ഷമയോടെ താണ്ടിയ കര്‍ദിനാള്‍ ജോര്‍ജ് പെല്‍ യാത്രയായി; കാലം ചെയ്തത് ഓസ്ട്രേലിയയിലെ ഏറ്റവും മുതിര്‍ന്ന കത്തോലിക്ക പുരോഹിതന്‍

സഹന പാതകള്‍ ക്ഷമയോടെ താണ്ടിയ കര്‍ദിനാള്‍ ജോര്‍ജ് പെല്‍ യാത്രയായി;  കാലം ചെയ്തത് ഓസ്ട്രേലിയയിലെ ഏറ്റവും മുതിര്‍ന്ന കത്തോലിക്ക പുരോഹിതന്‍

മെല്‍ബണ്‍: സഹനങ്ങളുടെ നീണ്ട പതിറ്റാണ്ടുകള്‍ പ്രാര്‍ത്ഥനയിലൂടെ അതിജീവിച്ച ഓസ്ട്രേലിയയിലെ മുതിര്‍ന്ന കര്‍ദിനാള്‍ ജോര്‍ജ് പെല്‍ വിട വാങ്ങി. ഇടുപ്പ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട സങ്കീര്‍ണതകളെ തുടര്‍ന്ന് റോമിലായിരുന്നു അന്ത്യം. 81 വയസായിരുന്നു.

മുന്‍ വത്തിക്കാന്‍ ട്രഷററായ കര്‍ദിനാള്‍ പെല്‍ ഓസ്ട്രേലിയയിലെ ഏറ്റവും ഉയര്‍ന്ന കത്തോലിക്കാ പുരോഹിതനാണ്. റോമിലെ ആശുപത്രിയില്‍ ഹൃദയസ്തംഭനത്തെ തുടര്‍ന്നാണ് അദ്ദേഹം കാലം ചെയ്തതെന്ന് ഉന്നത സഭാ വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞയാഴ്ച റോമില്‍ നടന്ന ബനഡിക്ട് പതിനാറാമന്‍ മാര്‍പ്പാപ്പയുടെ സംസ്‌കാര ചടങ്ങുകളില്‍ കര്‍ദിനാള്‍ ജോര്‍ജ് പെല്‍ പങ്കെടുത്തിരുന്നു. അതിനു ശേഷമാണ് ആരോഗ്യനില വഷളായത്.

സിഡ്നി ആര്‍ച്ച് ബിഷപ്പ് ആന്റണി ഫിഷര്‍ പെല്ലിന്റെ മരണത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തി. കര്‍ദിനാള്‍ പെല്ലിന്റെ വിയോഗം ഞെട്ടിപ്പിക്കുന്നതാണെന്ന് പറഞ്ഞ ആര്‍ച്ച് ബിഷപ്പ് അദ്ദേഹത്തിന്റെ ആത്മശാന്തിക്കു വേണ്ടിയും കുടുംബാംഗങ്ങള്‍ക്കു വേണ്ടിയും, പ്രത്യേകിച്ച് ജീവിച്ചിരിക്കുന്ന ഏക സഹോദരന്‍ ഡേവിഡ് പെല്ലിനു വേണ്ടിയും പ്രാര്‍ത്ഥിക്കണമെന്ന് വിശ്വാസികളോട് അഭ്യര്‍ത്ഥിച്ചു.

ഓസ്ട്രേലിയയിലും അന്തര്‍ദേശീയ തലത്തിലും ക്രിസ്ത്യന്‍ സമൂഹത്തോട് അഗാധമായ പ്രതിബദ്ധതയുള്ള സഭാ നേതാവായിരുന്നു കര്‍ദിനാള്‍ പെല്‍ എന്ന് ആര്‍ച്ച്  ബിഷപ്പ് അനുസ്മരിച്ചു.


ബനഡിക്ട് പതിനാറാമന്‍ മാര്‍പ്പാപ്പയുടെ സംസ്‌കാര ചടങ്ങില്‍ കര്‍ദിനാള്‍ ജോര്‍ജ് പെല്‍

ഓസ്‌ട്രേലിയന്‍ ഫെഡറല്‍ സര്‍ക്കാരിനു വേണ്ടി പ്രധാനമന്ത്രി ആന്റണി അല്‍ബനീസി അനുശോചനം അറിയിച്ചു. കര്‍ദിനാള്‍ പെല്ലിന്റെ ഭൗതികാവശിഷ്ടങ്ങള്‍ റോമില്‍നിന്ന് ഓസ്ട്രേലിയയിലേക്ക് തിരികെ കൊണ്ടുവരാന്‍ ഫെഡറല്‍ സര്‍ക്കാര്‍ സഹായിക്കുമെന്ന് അദ്ദേഹം അറിയിച്ചു. സിഡ്നി സെന്റ് മേരീസ് കത്തീഡ്രലിന്റെ നിലവറയില്‍ പിതാവിനെ അടക്കം ചെയ്യും. കത്തോലിക്കാ സമൂഹത്തിന് ഇതൊരു പ്രയാസകരമായ ദിനമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ഓസ്ട്രേലിയയിലും അന്താരാഷ്ട്ര തലത്തിലും കത്തോലിക്കാ സഭയിലെ പ്രധാന നേതാവായിരുന്നു കര്‍ദിനാള്‍ പെല്‍. മെല്‍ബണ്‍, സിഡ്നി അതിരൂപതകളുടെ ആര്‍ച്ച് ബിഷപ്പായി സേവനമനുഷ്ഠിച്ച ജോര്‍ജ് പെല്ലിനെ 2003-ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയാണ് കര്‍ദിനാളായി വാഴിച്ചത്. പിന്നീട് 2014 മുതല്‍ 2017 വരെ വത്തിക്കാന്റെ സാമ്പത്തിക ചുമതലകളും കര്‍ദിനാള്‍ ജോര്‍ജ് പെല്‍ നിര്‍വ്വഹിച്ചു.


മാര്‍പാപ്പയ്‌ക്കൊപ്പം കര്‍ദിനാള്‍ ജോര്‍ജ് പെല്‍

ഓസ്ട്രേലിയയിലെ ഏറ്റവും മുതിര്‍ന്ന ആത്മീയ നേതാവില്‍ നിന്ന് ആഗോള കത്തോലിക്ക സഭയിലെ ഏറ്റവും ഉയര്‍ന്ന സ്ഥാനങ്ങളിലൊന്നായ വത്തിക്കാനിലെ ട്രഷററായി കര്‍ദിനാള്‍ പെല്‍ വളര്‍ന്നു. ഇതിനിടെയാണ് ഓസ്‌ട്രേലിയയിലെ കത്തോലിക്ക സഭയെ പിടിച്ചുലച്ച വ്യാജ ആരോപണങ്ങളുടെ കരിനിഴല്‍ കര്‍ദിനാളിനു മേല്‍ വീഴുന്നത്.

വത്തിക്കാനില്‍ സാമ്പത്തിക ഇടപാടുകളില്‍ അച്ചടക്കം കൊണ്ടുവരികയും നിരവധി പരിഷ്‌ക്കാരങ്ങള്‍ നടപ്പാക്കുകയും ചെയ്ത വേളയിലാണ് അദ്ദേഹത്തിനെതിരേയുള്ള ലൈംഗിക പീഡന പരാതി ഓസ്ട്രേലിയയില്‍ ശക്തിപ്പെടുന്നത്.

1990 ല്‍ മെല്‍ബണ്‍ ബിഷപ്പ് ആയി സേവനം ചെയ്യുമ്പോള്‍ ദേവാലയ ഗായക സംഘാംഗങ്ങളായ രണ്ടു കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു എന്നതായിരുന്നു അദ്ദേഹത്തിനെതിരെ ഉയര്‍ന്ന ആരോപണം. കത്തോലിക്ക സഭയിലെ ഏറ്റവും ഉന്നത സ്ഥാനീയനായ കര്‍ദിനാള്‍ പെല്ലിനെതിരായ ആരോപണം വലിയ ഞെട്ടലോടെയാണ് സഭാവിശ്വാസികള്‍ കേട്ടത്.

സഭാ വിരോധികളും മാധ്യമങ്ങളും നിരവധി ഊഹാപോഹങ്ങള്‍ പ്രചരിപ്പിച്ചു. കെട്ടച്ചമച്ച കഥകളുമായി മാധ്യമങ്ങള്‍ ക്രൂരമായി വേട്ടയാടിയപ്പോഴും നിശബ്ദനായി സത്യം തെളിയുന്നതിനുള്ള പ്രാര്‍ഥനയിലായിരുന്നു അദ്ദേഹം. തുടക്കം മുതല്‍ ആരോപണങ്ങള്‍ അദ്ദേഹം നിഷേധിക്കുകയും നിരപരാധിത്വം തെളിയിക്കുമെന്നു പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

2018 ല്‍ മെല്‍ബണ്‍ കീഴ്ക്കോടതി അദ്ദേഹത്തെ കുറ്റക്കാരനായി വിധിച്ചു. 2019-ല്‍ ആറു വര്‍ഷത്തെ ജയില്‍ ശിക്ഷയ്ക്കും വിധിച്ചു. പിന്നീട് നിരപരാധിയാണെന്നു കണ്ടെത്തിയതോടെ 2020-ല്‍ ഓസ്‌ട്രേലിയയിലെ പരമോന്നത കോടതി ഏകകണ്ഠമായ തീരുമാനത്തിലൂടെ അദ്ദേഹത്തിന്റെ ശിക്ഷ റദ്ദാക്കി. കള്ളക്കഥകള്‍ മെനഞ്ഞുണ്ടാക്കിയ മാധ്യമങ്ങള്‍ക്ക് വന്‍തുക പിഴ ഈടാക്കുകയും ചെയ്തു. ഒരു വര്‍ഷത്തിലധികമാണ് വയോധികനായ പുരോഹിതന്‍ മെല്‍ബണിലെ ബാര്‍വണ്‍ ജയിലില്‍ കഴിഞ്ഞത്.

ജയിലില്‍ വിശ്വാസമാണ് തന്നെ കാത്തുരക്ഷിച്ചതെന്നും അവിടെ വച്ച് തന്റെ ശത്രുക്കളോട് താന്‍ ക്ഷമിച്ചുവെന്നും കര്‍ദിനാള്‍ ജോര്‍ജ് പെല്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

സഭയുടെ ചരിത്രത്തില്‍ സമാനതകളില്ലാത്ത മാനസിക പീഡനങ്ങള്‍ ഏറ്റുവാങ്ങിയെങ്കിലും വിശ്വാസത്തിന്റെ ശക്തിയില്‍ പ്രതിസന്ധികളെ അതിജീവിച്ചാണ് കര്‍ദിനാള്‍ പെല്‍ നിത്യതയിലേക്കു യാത്രയായത്.

കൂടുതല്‍ വായനയ്ക്ക്:

ജയില്‍ ജീവിതത്തില്‍ ഏറെ വേദനിച്ചത് കത്തോലിക്ക സഭയെ ഓര്‍ത്ത്: സഹനത്തിന്റെ ദിനങ്ങളെക്കുറിച്ച് മനസ് തുറന്ന് കര്‍ദിനാള്‍ ജോര്‍ജ് പെല്‍

കര്‍ദിനാള്‍ ജോര്‍ജ് പെല്‍ രാഷ്ട്രീയ പകപോക്കലിന്റെ ഇര: നിയമ വിദഗ്ധന്‍ ഫാ. ഫ്രാങ്ക് ബ്രണ്ണന്‍

കർദിനാൾ പെല്ലിന്റെ വിചാരണ ആഘോഷിച്ച മാധ്യമങ്ങൾ കുറ്റം ഏറ്റുപറഞ്ഞ് കോടതിയിൽ


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.