തൃശൂര്‍: കേരള കത്തോലിക്കാ സഭയുടെ യുവജന പ്രസ്ഥാനം നയിച്ച സംസ്ഥാനതല ലഹരിവിരുദ്ധ സന്ദേശ യാത്ര സമാപിച്ചു. സംസ്ഥാനത്തെ 14 ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന 32 കത്തോലിക്കാ രൂപതകളിലൂടെയുള്ള യാത്ര സാംസ്‌കാരിക കേന്ദ്രമായ തൃശൂരിലാണ് സമാപിച്ചത്.
കെ.സി.വൈ.എം സംസ്ഥാന പ്രസിഡന്റ് ഷിജോ ഇടയാടിയില്‍ 32 രൂപതകളുടെ സഹകരണത്തോടെ നയിച്ച ലഹരി വിരുദ്ധ സന്ദേശയാത്ര ജനുവരി 15 ന്
പാറശാല രൂപതയില്‍ നിന്നുമാണ് ആരംഭിച്ചത്. വിവിധ രൂപതാ കേന്ദ്രങ്ങളില്‍ യാത്രയ്ക്ക് സ്വീകരണം നല്‍കി.
വിവിധ രൂപതാ പിതാക്കന്മാര്‍, രൂപതാ യുവജന നേതൃത്വം, വിവിധ സംഘടനാ നേതാക്കള്‍, രാഷ്ട്രീയ പ്രവര്‍ത്തകര്‍, കലാ-സാംസ്‌കാരിക നേതാക്കള്‍, സാമൂഹിക പ്രവര്‍ത്തകര്‍, വൈദികര്‍, സന്യസ്ഥര്‍ തുടങ്ങി നിരവധി വ്യക്തിത്വങ്ങള്‍ ഈ ലഹരി വിരുദ്ധ സന്ദേശ യാത്രയ്ക്ക് ആശംസകളും പിന്തുണയും അറിയിച്ചു.
വിവിധ രൂപതാ നേതാക്കള്‍ പൊതുസമൂഹത്തിന് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഒപ്പം ലഹരിക്കടിമപ്പെട്ടു ജീവിതത്തില്‍ കരിനിഴല്‍ വീണ യുവതലമുറയുടെ നാളെയുടെ ജീവിതത്തില്‍ വെളിച്ചം പകരാന്‍ പ്രതീക്ഷയുടെ മെഴുകുതിരി നാളങ്ങള്‍ തെളിയിക്കുകയും ചെയ്തു.
ഓരോ രൂപതയിലെയും സ്വീകരണത്തിന് ശേഷം സമ്മേളനത്തില്‍ വിശിഷ്ടട വ്യക്തിയുടെ സാന്നിധ്യത്തില്‍ രൂപതാ തലത്തില്‍ എഡിസി (ആന്റി ഡ്രഗ് സെല്‍) രൂപീകരിക്കുകയും ലോഗോ പ്രകാശനം ചെയ്യുകയും ചെയ്തു. ഇന്നിന്റെ ആവശ്യം മനസിലാക്കി രൂപതകളില്‍ എഡിസി പ്രാവര്‍ത്തികമാക്കണമെ ന്നും സംസ്ഥാന പ്രസിഡന്റ് രൂപതകളോട് ആഹ്വാനം ചെയ്തു.
തെക്കന്‍ മേഖല, കോട്ടയം, എറണാകുളം, മലബാര്‍, തൃശൂര്‍ എന്നിങ്ങനെ തരംതിരിച്ച സമയ ക്രമീകരണത്തോടെയായിരുന്നു സന്ദേശ യാത്ര നടപ്പാക്കിയത്.
പാറശാലയില്‍ നിന്നും ആരംഭിച്ച് കേരളക്കര മുഴുവന്‍ കടന്നു ചെന്ന് ലഹരിക്കെതിരെയും ലഹരി മാഫിയകള്‍ക്കെതിരെയും മാറി വരുന്ന സര്‍ക്കാരുകളുടെ മദ്യനയത്തിന്റെ പേരിലുള്ള ഇരട്ടത്താപ്പിന്റെയും നഗ്‌ന സത്യങ്ങളെ ഉറച്ച ശബ്ദത്തില്‍ തുറന്നു കാട്ടിയാണ് പൂരങ്ങളുടെ നാട്ടില്‍ യാത്രക്ക് സമാപനം കുറിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26