ഭക്ഷ്യ സുരക്ഷ; അഞ്ചംഗ ടാസ്‌ക് ഫോഴ്‌സിനെ നിയമിച്ച് ഉത്തരവ്

ഭക്ഷ്യ സുരക്ഷ; അഞ്ചംഗ ടാസ്‌ക് ഫോഴ്‌സിനെ നിയമിച്ച് ഉത്തരവ്

തിരുവനന്തപുരം: ഭക്ഷ്യ സുരക്ഷാ പരിശോധനയ്ക്കായി സംസ്ഥാനത്ത് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സിനെ രൂപീകരിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജാണ് ഇക്കാര്യം അറിയിച്ചത്.

ഭക്ഷ്യസുരക്ഷാ ഡെപ്യൂട്ടി കമ്മീഷണറുടെ നേതൃത്വത്തില്‍ ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍, രണ്ട് ഭക്ഷ്യസുരക്ഷാ ഓഫീസര്‍മാര്‍, ക്ലാര്‍ക്ക് എന്നിവരടങ്ങുന്നതാണ് ഫോഴ്സ്.

ഭക്ഷ്യ വിഷബാധ പോലുള്ള അടിയന്തിര ഘട്ടങ്ങളില്‍ അന്വേഷിച്ച് ആവശ്യമായ തുടര്‍നടപടികള്‍ എടുക്കുന്നതും കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നതും സ്പെഷ്യല്‍ ടാസ്‌ക് ഫോഴ്സിന്റെ ചുമതലയായിരിക്കും.

ഭക്ഷ്യവിഷബാധ ഉണ്ടായാല്‍ അവ പെട്ടെന്ന് നിയന്ത്രിക്കാനുള്ള ഇടപെടല്‍, അന്വേഷണം, റിപ്പോര്‍ട്ട് ചെയ്യല്‍, പ്രവര്‍ത്തനം ഏകോപിപ്പിക്കല്‍ എന്നിവ ടാസ്‌ക് ഫോഴ്സ് ചെയ്യണം. ഇതിനുപുറമേ മാര്‍ക്കറ്റില്‍ മായം ചേര്‍ത്ത ഭക്ഷ്യവസ്തുക്കള്‍ എത്തുന്നതിന് മുമ്പുതന്നെ തടയാനായി രഹസ്യ സ്വഭാവത്തോടുകൂടി അന്വേഷിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നതിനുമായാണ് ടാസ്‌ക് ഫോഴ്സ് രൂപീകരിച്ചത്.

ഇതിനായി ഭക്ഷ്യ വിഷബാധ, ഭക്ഷ്യവസ്തുക്കളിലെ മായം ചേര്‍ക്കല്‍, അവയുടെ ഉല്‍പാദക കേന്ദ്രങ്ങള്‍, വിപണന മാര്‍ഗങ്ങള്‍ എന്നിവ സംബന്ധിച്ച് പഠിച്ച് അവ ഉണ്ടാകാതിരിക്കാനുള്ള മാര്‍ഗങ്ങള്‍ നിര്‍ദ്ദേശിച്ച് റിപ്പോര്‍ട്ട് നല്‍കണം.

ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ കണ്ടെത്തി നടപടിക്ക് നിര്‍ദ്ദേശം നല്‍കണം. നിലവാരമില്ലാത്ത ഭക്ഷ്യ എണ്ണ, നെയ്യ് എന്നിവ ഉല്‍പാദിപ്പിക്കുന്ന കേന്ദ്രങ്ങള്‍ കണ്ടെത്തി നടപടി സ്വീകരിക്കുകയും അനുവദനീയമല്ലാത്ത കൃത്രിമ നിറങ്ങള്‍ ഉപയോഗിക്കുന്ന സ്ഥാപനങ്ങള്‍ കണ്ടെത്തി നടപടിക്ക് നിര്‍ദ്ദേശം നല്‍കുകയും വേണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.