സംസ്ഥാന ബജറ്റില്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള ഫണ്ട് കുറഞ്ഞേക്കും; വിവിധ ഫീസുകളും പിഴകളും കൂടും

 സംസ്ഥാന ബജറ്റില്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള ഫണ്ട് കുറഞ്ഞേക്കും; വിവിധ ഫീസുകളും പിഴകളും കൂടും

തിരുവനന്തപുരം: സംസ്ഥാന ബജറ്റ് ഫെബ്രുവരി മൂന്നിന്. തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള ഫണ്ട് കുറഞ്ഞേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. തനത് വരുമാനം കൂട്ടാന്‍ നടപടിയുണ്ടാകും. ഫീസും പിഴയും കൂട്ടാനും സാധ്യതയുണ്ട്.

തദ്ദേശ സ്ഥാപനങ്ങളുടെ വരുമാനം കൂട്ടാനുള്ള പ്രഖ്യാപനങ്ങള്‍ ബജറ്റിലുണ്ടാകുമെന്നാണ് സൂചന. കൂടാതെ വസ്തു നികുതി, പരസ്യ നികുതി, വിനോദ നികുതി എന്നിവ വര്‍ധിപ്പിച്ചേക്കും. പൊലീസ്, റവന്യു, എക്‌സൈസ് തുടങ്ങിയ വകുപ്പുകളിലെ പിഴകളും വര്‍ധിപ്പിക്കാന്‍ സാധ്യതയുണ്ട്.

സംസ്ഥാനം കടന്നുപോകുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കണമെങ്കില്‍ വരുമാനം വര്‍ധിപ്പിക്കുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ല. ഇതിന് സാധ്യമായ മാര്‍ഗങ്ങളെല്ലാം ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ തേടുന്നുണ്ട്. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് തദ്ദേശ സ്ഥാപനങ്ങളുടെ വരുമാനം കൂട്ടാനുള്ള നിര്‍ദേശം. തദ്ദേശ സ്ഥാപനങ്ങളുടെ വിഹിതം ഇത്തവണ വെട്ടിക്കുറച്ച് അത് പരിഹരിക്കുന്നതിന് അവരുടെ വരുമാനം കൂട്ടാനുള്ള നിര്‍ദേശം ബജറ്റിലുണ്ടായേക്കും.

തദ്ദേശ സ്ഥാപനങ്ങളുടെ തനത് വരുമാന മാര്‍ഗങ്ങളായ വസ്തു നികുതി, വിനോദ നികുതി, പരസ്യ നികുതി, ബില്‍ഡിങ് പെര്‍മിറ്റ് ഫീസ്, ലൈസന്‍സ് ഫീസ് എന്നിവയില്‍ ചിലത് വര്‍ധിപ്പിക്കുമെന്നാണ് സൂചന. വനം, പൊലീസ്, എക്‌സൈസ്, റവന്യു, വിദ്യാഭ്യാസം തുടങ്ങിയ വകുപ്പുകളുമായി ബന്ധപ്പെട്ട് നിരവധി ഫീസുകളും പിഴകളുമുണ്ട്. ഇതില്‍ അഞ്ച് ശതമാനം വരെ വര്‍ധനയുണ്ടായേക്കും. ഭൂമിയുടെ ന്യായവില 10 ശതമാനം വര്‍ധിപ്പിക്കുന്നതും പരിഗണനയിലുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.