ഉക്രെയ്ൻ യുദ്ധം: ഏറ്റവും പുതിയ സഹായ പാക്കേജിൽ ദീർഘദൂര മിസൈലുകൾ ഉൾപ്പെടുത്തി അമേരിക്ക

ഉക്രെയ്ൻ യുദ്ധം: ഏറ്റവും പുതിയ സഹായ പാക്കേജിൽ ദീർഘദൂര മിസൈലുകൾ ഉൾപ്പെടുത്തി അമേരിക്ക

വാഷിംഗ്ടൺ: ഉക്രെയ്‌നിന് നൽകുന്ന അധിക സൈനിക സഹായത്തിൽ ആക്രമണ പരിധി ഇരട്ടിയാക്കാൻ ശേഷിയുള്ള 2.2 ബില്യൺ ഡോളർ (1.83 ബില്യൺ പൗണ്ട്) മൂല്യം വരുന്ന ദീർഘദൂര മിസൈലുകളും ഉൾപ്പെടുത്തുമെന്ന് അമേരിക്ക. 2022 ഫെബ്രുവരി മുതൽ ഉക്രെയ്‌നിന് അമേരിക്ക ഇതുവരെ നൽകിയത് 29.3 ബില്യൺ ഡോളറിലധികം വരുന്ന സൈനിക സഹായമാണ്.

പുതിയ സൈനിക സഹായത്തിൽ 150 കിലോമീറ്റർ (93 മൈൽ) അകലെയുള്ള ലക്ഷ്യങ്ങളെ തകർക്കാൻ കഴിയുന്ന ഗ്രൗണ്ട് ലോഞ്ച്ഡ് സ്മോൾ-ഡയമീറ്റർ ബോംബുകൾ (GLSDB) ആണ് ശ്രദ്ധാകേന്ദ്രം. മിസൈൽ ഉക്രെയ്ൻ സൈന്യത്തിന് ദീർഘദൂര ശേഷിയും ദീർഘദൂര അഗ്നിശമന ശേഷിയും നൽകുന്നുവെന്ന് പെന്റഗൺ വക്താവ് ബ്രിഗ് ജനറൽ പാറ്റ് റൈഡർ പറഞ്ഞു. ആയുധത്തിന്റെ ഉപയോഗത്തിലൂടെ ആ രാജ്യത്തിന്റെ പ്രതിരോധ പ്രവർത്തനങ്ങൾ മെച്ചപ്പെട്ട നിലയിൽ നടത്താൻ കഴിയും.

മാത്രമല്ല അവരുടെ പരമാധികാരത്തിൽ ഉൾപ്പെടുന്ന എന്നാൽ നിലവിൽ റഷ്യൻ അധിനിവേശ പ്രദേശങ്ങളായി മാറിയവ തിരിച്ചുപിടിക്കാനും മിസൈൽ സൈന്യത്തെ പ്രാപ്തരാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഉക്രെയ്‌നിന്റെ ഭാഗമായിരുന്ന ക്രിമിയൻ പെനിൻസുലയെ റഷ്യ 2014 ൽ നിയമവിരുദ്ധമായി പിടിച്ചെക്കുകയും അത് തങ്ങളുടെ പ്രദേശത്തിന്റെ ഭാഗമായി കണക്കാക്കുകയും ചെയ്തിരുന്നു. ഈ പ്രദേശം തിരിച്ചു പിടിക്കുന്നതിന് മിസൈൽ ഉപയോഗിക്കുമോയെന്ന ഊഹാപോഹത്തോട് ഇത് തികച്ചും ഉക്രെയ്‌നിന്റെ മാത്രം തീരുമാനം ആയിരിക്കുമെന്നാണ് പെന്റഗൺ വക്താവ് പ്രതികരിച്ചത്.

തീരുമാനത്തിന് പിന്നാലെ ഉക്രെയ്‌നിയൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി അമേരിക്കയ്ക്കും പ്രസിഡന്റ് ജോ ബൈഡനും നന്ദി പറഞ്ഞു. “രാജ്യത്തിന് ലഭ്യമാകുന്ന ആയുധങ്ങൾ എത്രത്തോളം ദീർഘദൂരം ആകുന്നുവോ നമ്മുടെ സൈന്യം എത്രത്തോളം സഞ്ചരിക്കുന്നുവോ അത്രയും വേഗം റഷ്യയുടെ ക്രൂരമായ ആക്രമണം അവസാനിക്കും. അമേരിക്കയ്‌ക്കൊപ്പം ഭീകരതയ്‌ക്കെതിരെ ഞങ്ങളും നിലകൊള്ളുന്നു" എന്നും സെലെൻസ്‌കി ട്വീറ്റിൽ കുറിച്ചു.

മുമ്പ് ഉക്രെയ്നിന്റെ ഏറ്റവും ദൈർഘ്യമേറിയ ആയുധം ഹിമാർസ് റോക്കറ്റ് സംവിധാനമായിരുന്നു. ഇതിന് 80 കിലോമീറ്റർ (50 മൈൽ) വരെ ദൂരത്തിൽ ലക്ഷ്യമിടാൻ കഴിയും. കഴിഞ്ഞ വർഷം തെക്ക്, കിഴക്ക് മേഖലകളിൽ നടത്തിയ പ്രത്യാക്രമണത്തിനിടെ ഈ സംവിധാനം ഉക്രെയ്‌ൻ വ്യാപകമായി ഉപയോഗിച്ചിരുന്നു.

അതേസമയം ജിഎൽഎസ്ഡിബി ലഭ്യമാകുന്ന പക്ഷം റഷ്യയുടെ അധീനതയിലുള്ള ഡോൺബാസ്, സപ്പോരിജിയ, കെർസൺ മേഖലകളിൽ എവിടെയും ആക്രമിക്കാനുള്ള കഴിവും ഉക്രെയ്ൻ സേനയ്ക്ക് ലഭിക്കും. കിഴക്കൻ മേഖലയിലെ റഷ്യയുടെ ആയുധങ്ങൾ ഉൾപ്പെടെയുള്ള വിതരണ ലൈനുകളെ ഭീഷണിപ്പെടുത്താനും ഇതിലൂടെ ഉക്രെയ്‌നിന് സാധിക്കും.

ബോയിംഗും സാബും നിർമ്മിക്കുന്ന ജിഎൽഎസ്ഡിബി ഒരു ചെറിയ ബോംബ് ഘടിപ്പിച്ച ഒരു ഗ്ലൈഡിംഗ് റോക്കറ്റാണ്. ആക്രമിക്കാൻ ഉദ്ദേശിക്കുന്ന സ്ഥാനത്തിന്റെ ഒരു മീറ്ററിനുള്ളിൽ ഇതിന് പ്രഹരിക്കാൻ കഴിയും. മത്രമല്ല ഉക്രെയ്നിൽ ഇതിനകം ഉപയോഗത്തിലുള്ള ഹിമാർസ്, എം270 എംഎൽആർഎസ് സംവിധാനങ്ങൾ ഉൾപ്പെടെയുള്ള വിവിധ ആയുധ സംവിധാനങ്ങളിൽ നിന്ന് ജിഎൽഎസ്ഡിബിയെ തൊടുത്തുവിടാൻ സാധിക്കുമെന്നതും ശ്രദ്ധേയമാണ്.

അതേസമയം എന്നാണ് ഈ സംവിധാനം ഉക്രെയ്‌നിന് ലഭ്യമാക്കുക എന്നത് സംബന്ധിച്ച് പ്രതികരിക്കാൻ പെന്റഗണും ബോയിംഗും വിസമ്മതിച്ചു. ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് ജിഎൽഎസ്ഡിബി ഉക്രെയ്‌നിൽ എത്തുന്നതിന് ഒമ്പത് മാസം വരെ എടുക്കുമെന്നാണ്.

മിസൈൽ കൂടാതെ പുതിയ പാക്കേജിൽ അധിക ഹിമാർസ് മിസൈലുകളും 250 ജാവലിൻ ആൻറി ആർമർ സംവിധാനങ്ങളും ഉൾപ്പെടുന്നുണ്ട്. ഉക്രെയ്‌നിന് പുതിയ സൈനിക സഹായം നൽകാൻ പാശ്ചാത്യ രാജ്യങ്ങൾ വളരെ മന്ദഗതിയിലാണെന്ന ആശങ്കകൾക്കിടയിലാണ് പുതിയ തീരുമാനം.

കിഴക്കൻ ഡോൺബാസ് മേഖലയിൽ റഷ്യൻ ആക്രമണം ശക്തി പ്രാപിക്കുന്നതായി അടുത്ത ദിവസങ്ങളിൽ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. റഷ്യൻ ആക്രമണങ്ങളുടെ കേന്ദ്രബിന്ദുവായ ബഖ്മുട്ട് പട്ടണം മൂന്ന് വശത്തുനിന്നും വളഞ്ഞിരിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ തന്റെ സൈന്യം നഗരത്തിന് ചുറ്റും വേരൂന്നിയിരിക്കുകയാണെന്നും റഷ്യൻ ആക്രമണങ്ങൾക്ക് അത് കീഴടങ്ങില്ലെന്നും പ്രസിഡന്റ് സെലെൻസ്കി പ്രതികരിച്ചു.

അതിനിടെ ബ്ളോക്കിന്റെ നേതാക്കളായ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയൻ, കൗൺസിൽ പ്രസിഡന്റ് ചാൾസ് മൈക്കൽ എന്നിവരുമായി പ്രസിഡന്റ് സെലെൻസ്കി കീവിന്റെ പുതിയ യൂറോപ്യൻ യൂണിയൻ പ്രവേശന ചർച്ചകൾ നടത്തി. ഈ വർഷം യൂറോപ്യൻ യൂണിയനിൽ ഉക്രെയ്‌നിന്റെ അംഗത്വത്തെക്കുറിച്ച് ചർച്ചകൾ ആരംഭിക്കാൻ കഴിയുമെന്നതിൽ നേതാക്കൾ ഒരു ധാരണയിൽ എത്തിയതായി ഉച്ചകോടിക്ക് ശേഷം സംസാരിച്ച സെലെൻസ്‌കി പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.