ന്യൂഡല്‍ഹി: കൊലക്കുറ്റത്തില്‍ 36 വര്‍ഷത്തിന് ശേഷം പ്രതിയെ ജയില്‍ മോചിതനാക്കി സുപ്രീം കോടതി ഉത്തരവ്. ഛത്തീസ്ഗഢിലെ ദത്തേവാഡില്‍ (പഴയ മധ്യപ്രദേശില്‍) 1987 ല്‍ നടന്ന കൊലക്കേസിലാണ് വിധിയുണ്ടായിരിക്കുന്നത്.
ദത്തേവാഡിലെ ബൈക്കുന്തപൂരില്‍ ജോലി ചെയ്തിരുന്ന വിജയകുമാറാണ് കൊല്ലപ്പെട്ടത്. ഇയാളുടെ സഹോദരന്‍ വിക്രമന്‍ നായരായിരുന്നു കേസിലെ പ്രതി.
1987 സെപ്റ്റംബര്‍ 14 ന് റാം നരേഷ് എന്ന വ്യക്തിയുടെ ചായക്കടയില്‍ ചായ കുടിക്കാന്‍ എത്തിയപ്പോഴായിരുന്നു സംഭവം നടക്കുന്നത്. കടയില്‍ എത്തിയ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. ഇത് അടിപിടിയായി മാറുകയും ചായക്കടയില്‍ ഇരുന്ന കത്രിക കൊണ്ട് വിജയകുമാറിനെ വിക്രമന്‍ നായര്‍ കുത്തിക്കൊലപ്പെടുത്തിയെന്നുമാണ് പ്രോസിക്യൂഷന്‍ കേസ്.
കേസില്‍ ബൈക്കുന്തപൂര്‍ കോടതി വിക്രമന്‍ നായര്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചു. പിന്നീട് ഹൈക്കോടതി ഇത് പത്തുവര്‍ഷം തടവാക്കി ചുരുക്കി. ഇതിനിടെ കേസില്‍ അപ്പിലുമായി 2010 ല്‍ സുപ്രീം കോടതിയില്‍ എത്തിയ വിക്രമന്‍ നായര്‍ക്ക് 2013 ല്‍ കോടതി ജാമ്യം നല്‍കി.
വാക്ക് തര്‍ക്കത്തിനിടെ സഹോദരനായ വിജയകുമാര്‍ തന്നെ മര്‍ദ്ദിച്ചെന്നും നെഞ്ചില്‍ കയറിയിരുന്ന് വീണ്ടും മര്‍ദ്ദിച്ചുവെന്നും ഇത് തടയാനുള്ള ശ്രമത്തില്‍ സ്വയ രക്ഷയ്ക്കായിട്ടാണ് കുത്തിയതെന്നും അതിനാല്‍ ശിക്ഷയില്‍ ഇളവ് വേണമെന്നും കാട്ടിയാണ് വിക്രമന്‍ നായര്‍ സുപ്രീം കോടതിയെ സമീപിച്ചത്.
2010 സുപ്രീം കോടതിയില്‍ എത്തിയ കേസില്‍ പിന്നീട് വിക്രന്‍ നായര്‍ക്ക് ജാമ്യം കിട്ടി. എന്നാല്‍ വാദം പലകുറി നീണ്ടു. ഒടുവില്‍ ജസ്റ്റിസ് ബി.ആര്‍. ഗവായ്, ജസ്റ്റിസ് വിക്രം നാഥ് എന്നിവരടങ്ങിയ ബെഞ്ചിന് മുന്നില്‍ ഹര്‍ജി എത്തി.
സ്വയരക്ഷയ്ക്ക് വേണ്ടിയുള്ള ചെറുത്ത് നില്‍പ്പിനിടെയാണ് കുത്തിയതെന്നും കൊലപ്പെടുത്തണമെന്ന ലക്ഷ്യത്തോടെയല്ല കൃത്യം നടത്തിയതെന്നും മുതിര്‍ന്ന അഭിഭാഷകന്‍ സന്തോഷ് പോള്‍, അഭിഭാഷകരായ ബി. രഘുനാഥ്, ശ്രീറാം പറക്കാട്ട്, എന്നിവര്‍ വിക്രമന്‍ നായര്‍ക്കായി വാദിച്ചു.
എന്നാല്‍ കൊലപാതകം സ്വയം രക്ഷയുടെ പരിധിയില്‍ വരില്ലെന്ന് ഛത്തീസ്ഢ് സര്‍ക്കാരിന് വേണ്ടി അഭിഭാഷകന്‍ ഗൗതം നാരായണ്‍ പറഞ്ഞു. സുദീര്‍ഘമായ വാദത്തിനൊടുവില്‍ വിക്രമന്‍നായരുടെ വാദം ശരിവെച്ച സുപ്രീം കോടതി സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തില്‍ കൊലക്കുറ്റം ഒഴിവാക്കി മനപൂര്‍വ്വം അല്ലാത്ത നരഹത്യയാക്കി കുറച്ചു. കൂടാതെ ഇതുവരെ അനുഭവിച്ച തടവ് ശിക്ഷ വിധിയാക്കി വെട്ടിച്ചുരുക്കി വിക്രമന്‍ നായരെ ജയില്‍ മോചിതനാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.