പ്രണയത്തെ കരുതലോടെ ചേര്‍ത്തു പിടിക്കാന്‍ ഇതാ ഒരു പ്രണയദിനം കൂടി...

പ്രണയത്തെ കരുതലോടെ ചേര്‍ത്തു പിടിക്കാന്‍ ഇതാ ഒരു പ്രണയദിനം കൂടി...

പ്രണയിക്കുന്നവര്‍ക്ക് ഒന്നുകൂടി തങ്ങളുടെ പ്രണയത്തെ കരുതലോടെ ചേര്‍ത്തു പിടിക്കുവാനുള്ള സമയമാണ് വാലന്റൈന്‍സ് ദിനം. സ്‌നേഹിക്കുന്നവര്‍ക്ക് എന്നും പ്രണയദിനമാണെങ്കിലും ആഘോഷിക്കുവാന്‍ ഈ ഒരു വാലന്റൈന്‍ ദിനം തന്നെ വേണം. സ്‌നേഹിച്ചും സമ്മാനങ്ങള്‍ നല്‍കിയും ഒരിക്കലും മറക്കാത്ത ഓര്‍മ്മകളുണ്ടാക്കുവാന്‍ പ്രണയിതാക്കള്‍ കാത്തിരിക്കുന്ന ഈ ദിനത്തിന് പറയുവാന്‍ ഒരു വലിയ കഥയുണ്ട്...

വാലന്റൈന്‍ ദിനത്തെക്കുറിച്ച് ചരിത്രം പറയുന്നതിങ്ങനെ:

വാലന്റൈന്‍ ദിനം എന്നാല്‍ മനസിലെത്തുക പ്രണയിക്കുന്നവരും ചുവന്ന പൂക്കളും ചോക്ലേറ്റും ഒക്കെയാണ്. എന്നാല്‍ ഈ ദിനത്തിന്റെ ചരിത്രത്തിലേക്ക് പോയാലോ കേള്‍ക്കേണ്ടത് പകയുടെയും ചോരയുടെയും കഥയാണ്. പ്രണയത്തിനായി ജീവന്‍ പോലും ബലി നല്‍കേണ്ടി വന്ന വാലന്റൈന്‍ എന്ന കത്തോലിക്ക ബിഷപിന്റെ കഥ. വിവാഹം നിരോധിച്ചപ്പോള്‍ പ്രണയിക്കുന്നവരെ ഒന്നിപ്പിക്കുവാന്‍ മുന്‍കൈയ്യെടുത്ത വാലന്റൈന്‍ ബിഷപിന്റെ കഥ.

റോമാ സാമ്രാജ്യം ക്ലോഡിയസ് ചക്രവര്‍ത്തി ഭരിക്കുന്ന സമയം. അക്കാലത്ത് അവിടുത്തെ കത്തോലിക്കാ സഭയുടെ ബിഷപ് വാലന്റൈന്‍ എന്ന പുരോഹിതനായിരുന്നു. ആ നാട്ടിലെ ആളുകള്‍ കുടുംബത്തിനു വേണ്ടിയാണ് കൂടുതല്‍ സമയം ചിലവഴിക്കുന്നതെന്നും യുദ്ധത്തിന് ആരും പ്രാധാന്യം നല്‍കുന്നില്ല എന്നും ചക്രവര്‍ത്തിക്കൊരു തോന്നലുണ്ടായി. അന്നുതന്നെ അദ്ദേഹം ആ നാട്ടില്‍ വിവാഹം നിരോധിച്ചു. അതോടെ ആ നാടു മുഴുവന്‍ കഷ്ടത്തിലായി.

അക്കാലത്ത് പ്രണയിക്കുന്നവര്‍ക്ക് തങ്ങളുടെ പ്രണയം പൂര്‍ണ്ണമാവാത്ത അവസ്ഥയായിരുന്നു. വിവാഹം കഴിക്കുവാനും പ്രണയിക്കുവാനും കഴിയാത്ത അവസ്ഥ. അവരുടെ ഈ ബുദ്ധിമുട്ട് മനസിലാക്കിയ ബിഷപ് സ്‌നേഹിക്കുന്നവരുടെ വിവാഹം അവരുടെ സമ്മതത്തോടെ രഹസ്യമായി നടത്തിക്കൊടുക്കുവാന്‍ തുടങ്ങി. ഇതറിഞ്ഞ ചക്രവര്‍ത്തി അദ്ദേഹത്തെ ഇരുമ്പഴിക്കുള്ളാക്കി. ചക്രവര്‍ത്തി വാലന്റൈനെ വധിക്കുന്നതിന് പകരം റോമന്‍ വിഗ്രഹാരാധനയിലേക്ക് നയിക്കാന്‍ ശ്രമിച്ചുവെന്നും പറയപ്പെടുന്നു. പക്ഷെ വാലന്റൈന്‍ ക്രിസ്തുവിലുള്ള തന്റെ വിശ്വാസത്തില്‍ അടിയുറച്ചു നില്‍ക്കുകയും ചക്രവര്‍ത്തിയെ ക്രിസ്തുവിലേക്ക് അടുപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു. എന്നാല്‍ കാരാഗ്രഹ സൂക്ഷിപ്പുകാരന്‍ ആസ്റ്റേരിയസും അദ്ദേഹത്തിന്റെ അന്ധയായ മകളും അനുകമ്പയോടെ പെരുമാറി ദിവസവും ഭക്ഷണവും മറ്റും നല്‍കി അദ്ദേഹത്തെ സഹായിച്ചു. അദ്ദേഹത്തിലുള്ള അവളുടെ വിശ്വാസത്തിന്റെ ശക്തിമൂലം അവള്‍ക്ക് കാഴ്ച ശക്തി തിരിച്ചു കിട്ടിയെന്നാണ് ചരിത്രം പറയുന്നത്.

എന്നാല്‍ ഇതറിഞ്ഞ ചക്രവര്‍ത്തി വാലന്‍ന്റൈന്റെ തല വെട്ടുവാന്‍ ഉത്തരവിട്ടു. തന്റെ വിധിയറിഞ്ഞ അദ്ദേഹം അവിടെ ഒരു പേപ്പറില്‍ പെണ്‍കുട്ടിക്കായി 'ഫ്രം യുവര്‍ വാലന്‍ന്റൈന്‍' എന്നെഴുതി ഒരു കുറിപ്പ് വെച്ചു. പിന്നീട് ആ ദിനം പ്രണയിതാക്കളുടെയും പരസ്പരം സ്‌നേഹിക്കുന്നവരുടെയും ദിനമായ വാലന്റൈന്‍ ദിനമായി ആഘോഷിക്കുവാന്‍ തുടങ്ങിയത്രെ.

നാലാം നൂറ്റാണ്ടു മുതല്‍ അദ്ദേഹത്തെ അടക്കം ചെയ്ത ദേവാലയം പ്രസിദ്ധമായി. വിശുദ്ധ ബാലനായി സുഹൃദ്ബന്ധത്തിന്റെ ആഗോള അടയാളമായി അദ്ദേഹം മാറി. അദ്ദേഹത്തിന്റെ രക്തസാക്ഷിത്വ ദിനം വാലന്റൈന്‍സ് ഡേ എന്ന് അറിയപ്പെടുന്നു. സ്‌നേഹിക്കുന്നവരെ ഒന്നിപ്പിക്കുന്ന വിശുദ്ധനാണ് വാലന്റൈന്‍. വിവാഹനിശ്ചയം നടത്തിയ വധൂവരന്മാരുടെ മധ്യസ്ഥനാണ് അദ്ദേഹം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.