മുട്ട കഴിച്ചാല്‍ കൊളസ്‌ട്രോള്‍ കൂടുമോ?

മുട്ട കഴിച്ചാല്‍ കൊളസ്‌ട്രോള്‍ കൂടുമോ?

ഏറെ പോഷക സമൃദ്ധമായ ഭക്ഷണമാണ് മുട്ട. രുചികരമായ ഒട്ടേറെ ഭക്ഷ്യവിഭവങ്ങള്‍ മുട്ട ഉപയോഗിച്ച് തയ്യാറാക്കുകയും ചെയ്യാറുണ്ട്. മാത്രമല്ല, ഫിറ്റ്‌നസ് പ്രേമികള്‍ പ്രോട്ടീന്റെ ഉറവിടമായാണ് മുട്ടയെ കാണുന്നത്. വിറ്റാമിനുകള്‍, ധാതുക്കള്‍, പ്രോട്ടീനുകള്‍, ആന്റിഓക്സിഡന്റുകള്‍, കൊഴുപ്പുകള്‍ എന്നിവയാല്‍ സമ്പന്നമാണ് മുട്ട. എന്നാല്‍ മുട്ടയില്‍ അടങ്ങിയിരിക്കുന്ന കൊഴുപ്പ് ഹൃദ്രോഗത്തിന് കാരണമാകുമെന്ന് പലരും വിശ്വസിക്കുന്നു. പുതിയകാല പഠനത്തിന്റെ അടിസ്ഥാനത്തില്‍ ഇതിന്റെ വസ്തുതയെന്താണെന്ന് നോക്കാം.

മുട്ട ചീത്ത കൊളസ്ട്രോളിന്റെ അളവ് കൂട്ടുമെന്നും അതിനാല്‍ അവ ഒഴിവാക്കുമെന്നും ധാരാളം ആളുകള്‍ പറയാറുണ്ട്. മാത്രമല്ല മറ്റ് പല ഭക്ഷണങ്ങളെ അപേക്ഷിച്ച് അവയില്‍ കൊളസ്ട്രോളിന്റെ അളവ് കൂടുതലാണ്. എന്നാല്‍ മുട്ട നമ്മുടെ പ്രതിരോധശേഷിക്കും നല്ല ആരോഗ്യത്തിനും ആവശ്യമായ പോഷകങ്ങളാല്‍ നിറഞ്ഞിരിക്കുന്ന ഭക്ഷ്യ വസ്തുവാണെന്ന കാര്യം തള്ളിക്കളയനാകില്ല.

സമീപകാല ഗവേഷണങ്ങള്‍ കാണിക്കുന്നത് മുട്ടയും ഹൃദയ സംബന്ധമായ അസുഖങ്ങളും തമ്മില്‍ ഒരു ബന്ധവുമില്ല എന്നാണ്. അത്തരത്തിലുള്ള ഒരു പഠന റിപ്പോര്‍ട്ട് ജസ്റ്റിന ഗോഡോസും സംഘവും പ്രസിദ്ധീകരിച്ചിരുന്നു. കാര്‍ഡിയോ വാസ്‌കുലാര്‍ ഡിസീസ് അപകടസാധ്യതയില്‍ മുട്ടയുടെ നിര്‍ണായകമായ തെളിവുകളൊന്നും കണ്ടെത്താന്‍ അവര്‍ക്ക് കഴിഞ്ഞില്ല എന്ന് പഠനം വെളിപ്പെടുത്തുന്നു.

പ്രമേഹ രോഗികളില്‍പ്പോലും ആഴ്ചയില്‍ 12 മുട്ടകള്‍ വരെ കഴിക്കുന്നത് രക്തത്തിലെ കൊളസ്ട്രോളിനെയോ ഹൃദ്രോഗ സാധ്യത ഘടകങ്ങളെയോ പ്രതികൂലമായി ബാധിക്കില്ലെന്നും മുട്ടയുടെ ഉപയോഗം നല്ല കൊളസ്ട്രോള്‍ അല്ലെങ്കില്‍ എച്ച്ഡിഎല്‍ അളവ് വര്‍ധിപ്പിക്കുന്നതിലൂടെ പ്രയോജനം ലഭിക്കുമെന്നും പഠനം തെളിയിച്ചിട്ടുണ്ട്.

ഹെല്‍ത്ത്ലൈന്‍ പറയുന്നതനുസരിച്ച് സാധാരണ കൊളസ്ട്രോളിന്റെ അളവും ഹൃദ്രോഗവുമായി ബന്ധപ്പെട്ട അപകട ഘടകങ്ങളും ഉള്ള ആരോഗ്യവാനായ ഒരു മുതിര്‍ന്നയാള്‍ക്ക് സുരക്ഷിതമായി പ്രതിദിനം 1-2 മുട്ടകള്‍ കഴിക്കാമെന്നാണ്. പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്നതിന് പകരം ഇത് നിങ്ങള്‍ക്ക് ഗുണം ചെയ്‌തേക്കാമെന്നും ചില ഗവേഷണങ്ങള്‍ പറയുന്നു.

അമിതമായ കൊളസ്ട്രോള്‍, പൂരിത കൊഴുപ്പ്, ട്രാന്‍സ് ഫാറ്റ് എന്നിവയുടെ ഉപയോഗം കൊളസ്ട്രോളിന്റെ അളവ് വര്‍ധിപ്പിക്കുന്നതിനും ഹൃദ്രോഗത്തിലേക്ക് നയിക്കുന്നതിനും കാരണമാകുമെന്ന് ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു. മുട്ട കഴിക്കുന്നത് ദോഷകരമാകില്ല. എന്നാല്‍ നിങ്ങളുടെ ഭക്ഷണക്രമത്തില്‍, ഉയര്‍ന്ന കൊഴുപ്പുള്ള മറ്റ് ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തിയാല്‍ ദോഷകരമാണ്.

വെണ്ണ, ചീസ്, സംസ്‌കരിച്ച മാംസം തുടങ്ങിയ പൂരിത കൊഴുപ്പുകള്‍, ബേക്കറി സാധനങ്ങളിലെ ട്രാന്‍സ് ഫാറ്റുകള്‍, ഫാസ്റ്റ് ഫുഡ്, സംസ്‌കരിച്ച ഭക്ഷണം, നാരുകള്‍ കുറഞ്ഞ ഭക്ഷണങ്ങള്‍ എന്നിവ അടങ്ങിയ ഭക്ഷണക്രമം രക്തത്തിലെ ഉയര്‍ന്ന കൊളസ്‌ട്രോളിന്റെ അളവ് വര്‍ദ്ധിപ്പിക്കും. മാത്രമല്ല, എല്‍ഡിഎല്‍ കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുന്നതിന് നിങ്ങളുടെ ദൈനംദിന കലോറി ഉപഭോഗം പരിമിതപ്പെടുത്തേണ്ടത് പ്രധാനമാണ്.
മുട്ടയുടെ ഉപയോഗം കൊളസ്‌ട്രോള്‍ വര്‍ധിപ്പിക്കില്ലെന്ന് തന്നെയാണ് സമീപകാല പഠനങ്ങളിലൂടെ ഗവേഷകര്‍ അടിവരയിട്ട് പറയുന്നത്


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲 https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.