കെഎസ്എഫ്ഇയിലെ ക്രമക്കേടുകള്‍ ഇഡി അന്വേഷിക്കണം: പി.കെ. കൃഷ്ണദാസ്

കെഎസ്എഫ്ഇയിലെ ക്രമക്കേടുകള്‍ ഇഡി അന്വേഷിക്കണം: പി.കെ. കൃഷ്ണദാസ്

തിരുവനന്തപുരം: കെഎസ്എഫ്ഇയിലെ ക്രമക്കേടുകളെ കുറിച്ച് എണ്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷിക്കണമെന്ന് ബിജെപി ദേശീയ സമിതി അംഗം പി.കെ.കൃഷ്ണദാസ്. കെഎസ്എഫ്ഇയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും ധനമന്ത്രി തോമസ്‌ഐസക്കും ഉന്നയിച്ചിട്ടുള്ള ആരോപണങ്ങള്‍ ഗൗരവമുള്ളതാണ്. ഇത് സിപിഎമ്മിനകത്തെ ആഭ്യന്തര പ്രശ്‌നമല്ല. കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയെ ബാധിക്കുന്ന പ്രശ്‌നമാണ്. എന്താണ് നടന്നതെന്ന് ജനങ്ങള്‍ക്കറിയണം. ആരോപണം ഉന്നയിച്ച മുഖ്യമന്ത്രിയും ധനമന്ത്രിയും സംയുക്തമായി കെഎസ്എഫ്ഇയിലെ ക്രമക്കേടുകളെ കുറിച്ച് അന്വേഷിക്കാന്‍ ഇഡിയെ ക്ഷണിക്കണമെന്നും പി.കെ. കൃഷ്ണദാസ് പറഞ്ഞു.

കേസരി സ്മാരക ജേര്‍ണലിസ്റ്റ് ട്രസ്റ്റിന്റെ മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്‍ഡിഎഫ് സര്‍ക്കാര്‍ അധോലോക സര്‍ക്കാരായി മാറിയിരിക്കുന്നു. അഴിമതിയും കള്ളക്കടത്തുമെല്ലാം സര്‍ക്കാരിന്റെ ഔദ്യോഗിക പദ്ധതികളായി. എല്‍ഡിഎഫിനകത്ത് കലഹം രൂക്ഷമാണ്. മാന്യന്മാര്‍ക്കും മര്യാദക്കാര്‍ക്കും ആത്മാഭിമാനത്തോടെ വോട്ട് ചെയ്യാവുന്ന ഏക മുന്നണി എന്‍ഡിഎയാണ്. അധോലോക രാഷ്ട്രീയവും അധാര്‍മ്മിക രാഷ്ട്രീയവും മര്യാദക്കാര്‍ക്ക് യോജിച്ചതല്ല. എല്‍ഡിഎഫിനും യുഡിഎഫിനും ആത്മവിശ്വാസമില്ല. നാളിതുവരെയില്ലാത്ത പ്രതിസന്ധിയാണ് ഇരുകൂട്ടരും നേരിടുന്നത്.

എല്‍ഡിഎഫ് മുഖ്യമന്ത്രിയെ മുന്‍നിര്‍ത്തിയോ നാലു വര്‍ഷത്തെ വികസനത്തെ മുന്‍നിര്‍ത്തിയോ വോട്ട് ചോദിക്കുന്നില്ല. അവര്‍ക്ക് അതിന് ഭയമുണ്ട്. ബംഗാളിലും ത്രിപുരയിലും സംഭവിച്ചതിനേക്കാള്‍ വലിയ തിരിച്ചടി കേരളത്തില്‍ സിപിഎമ്മിനെ കാത്തിരിക്കുകയാണ്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രമുഖരായ എല്‍ഡിഎഫ് യുഡിഎഫ് നേതാക്കള്‍ ജയിലിനുള്ളില്‍ നിന്നുകൊണ്ട് ജനവിധി തേടുന്ന സാഹചര്യമുണ്ടാകും. വികസനമാണ് ഈ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ മുന്നോട്ടു വയ്ക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ പല വികസന പദ്ധതികളോടും നിഷേധാത്മക സമീപനമാണ് ഇടതുസര്‍ക്കാര്‍ സ്വീകരിച്ചത്. ബിജെപിക്ക് മേല്‍ക്കൈയുണ്ടായാല്‍ അതിനു മാറ്റം വരും. ഓരോ വാര്‍ഡിലും ഓരോ നരേന്ദ്രമോദിയെ സൃഷ്ടിക്കുകയാണ് ബിജെപിയുടെ ലക്ഷ്യം.

ആറു വര്‍ഷക്കാലത്തെ മോദി സര്‍ക്കാരിന്റെ ജനക്ഷേമകരമായ പ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തിയാണ് എന്‍ഡിഎ വോട്ട് തേടുന്നത്. ഇത്തവണ ജനങ്ങള്‍ എന്‍ഡിഎയ്ക്ക് അനുകൂലമായി വോട്ട് ചെയ്യും. എന്‍ഡിഎയ്ക്ക് പൂര്‍ണ്ണമായ ആത്മവിശ്വാസമുണ്ട്. എന്‍ഡിഎ അട്ടിമറി വിജയം നേടും. ഇതുവഴി കേരളരാഷ്ട്രീയത്തില്‍ ശുദ്ധീകരണത്തിന് കളമൊരുങ്ങും. ബിജെപിയില്‍ ആഭ്യന്തര കലഹമില്ല. പരമ്പരാഗതമായി എല്‍ഡിഎഫിനും യുഡിഎഫിനും വോട്ടു ചെയ്തവര്‍ ഇത്തവണ എന്‍ഡിഎയ്ക്ക് വോട്ട് ചെയ്യുമെന്നും പി.കെ കൃഷ്ണദാസ് പറഞ്ഞു. കേസരി സ്മാരക ജേര്‍ണലിസ്റ്റ് ട്രസ്റ്റ് അധ്യക്ഷന്‍ സുരേഷ് വെള്ളിമംഗലം പങ്കെടുത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.