ഫ്രാൻസിസ് മാർപ്പാപ്പ ഏപ്രിലിൽ ഹംഗറിയിലേക്ക്: മൂന്ന് ദിവസത്തെ അപ്പസ്തോലിക സന്ദർശനം ആഘോഷമാക്കാൻ വിശ്വാസി സമൂഹം

ഫ്രാൻസിസ് മാർപ്പാപ്പ ഏപ്രിലിൽ ഹംഗറിയിലേക്ക്: മൂന്ന് ദിവസത്തെ അപ്പസ്തോലിക സന്ദർശനം ആഘോഷമാക്കാൻ വിശ്വാസി സമൂഹം

വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് മാർപ്പാപ്പ ഏപ്രിൽ 28 മുതൽ 30 വരെ യൂറോപ്യൻ രാജ്യമായ ഹംഗറിയിൽ അപ്പസ്തോലിക സന്ദർശനം നടത്തും. അപ്പസ്തോലിക സന്ദർശനത്തിൽ പാപ്പയുടെ നാല്പത്തിയൊന്നാമത് യാത്രയാണിത്. രാജ്യ തലസ്ഥാനമായ ബുദാപെസ്റ്റിലായിരിക്കും പാപ്പ പ്രധാനമായും സമയം ചിലവഴിക്കുക.

"സിവിൽ, സഭാ അധികാരികളുടെ ക്ഷണം സ്വീകരിച്ച് മാർപ്പാപ്പ 2023 ഏപ്രിൽ 28 മുതൽ 30 വരെ ഹംഗറിയിലേക്ക് അപ്പസ്തോലിക സന്ദർശനം നടത്തും" എന്ന് വത്തിക്കാന്റെ വാർത്താ വിനിമയ കാര്യാലയത്തിന്റെ ഡയറക്ടർ മത്തേയോ ബ്രൂണി അറിയിച്ചു.

പീഡിത ക്രൈസ്തവരെ സഹായിക്കാന്‍ വിവിധ പദ്ധതികള്‍ ഒരുക്കി ശ്രദ്ധ നേടിയ യൂറോപ്യന്‍ രാജ്യമായ ഹംഗറിയിലേക്കുള്ള മൂന്ന് ദിവസത്തെ യാത്രയിൽ അഭയാർത്ഥികളെയും, പാവപ്പെട്ടവരെയും, വാഴ്ത്തപ്പെട്ട ലാസ്ലോ ബാത്‌യാനി-സ്ട്രാറ്റ്മാൻ സ്ഥാപനത്തിലെ കുട്ടികളെയും പാപ്പാ സന്ദർശിക്കും.

അപ്പസ്തോലിക യാത്രയിൽ ഹംഗറി പ്രസിഡന്റ് കാറ്റലിൻ നൊവാക്ക്, പ്രധാനമന്ത്രി വിക്ടർ ഓർബൻ എന്നിവരുമായുള്ള കൂടിക്കാഴ്ചകൾക്കു പുറമെ യുവജനങ്ങൾ, മെത്രാന്മാർ, വൈദികർ, ഡീക്കൻമാർ, സമർപ്പിതർ,വൈദിക വിദ്യാർത്ഥികൾ, അജപാലന പ്രവർത്തകർ, അക്കാദമിക സാംസ്കാരിക ലോകത്തെ പ്രതിനിധികൾ എന്നിവരുമായി ഫ്രാൻസിസ് പാപ്പ കൂടികാഴ്ച നടത്തും.

ഹംഗേറിയകാരിൽ പകുതിയിലധികവും ക്രൈസ്തവരാണ്. ജനസംഖ്യയുടെ 37 ശതമാനമെങ്കിലും കത്തോലിക്കരാണെന്നാണ് റിപ്പോർട്ട്. ഉക്രെയ്നിൽ യുദ്ധം ആരംഭിച്ചതിനുശേഷം, ഏകദേശം ഒരു ദശലക്ഷം ഉക്രെയ്‌നിയൻ പൗരന്മാർ ഹംഗറിയിലൂടെ അഭയാർത്ഥികളായി യാത്ര ചെയ്തിട്ടുണ്ടെന്ന് പ്രാദേശിക സ്രോതസ്സുകൾ വ്യക്തമാക്കുന്നു.

2021 സെപ്റ്റംബർ 12 ന് സ്ലോവാക്യയിലേക്കുള്ള യാത്രാമധ്യേ, 52 മത് അന്തർദേശീയ ദിവ്യകാരുണ്യ കോൺഗ്രസിന്റെ സമാപനത്തോടനുബന്ധിച്ചുള്ള ദിവ്യബലിക്കായി മാർപ്പാപ്പ രാജ്യത്തിന്റെ തലസ്ഥാനമായ ബുദാപെസ്റ്റിൽ ഒരു ഹ്രസ്വ സന്ദർശനം നടത്തിയിരുന്നു.

രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം പാപ്പയുടെ അപ്പസ്തോലിക സന്ദര്‍ശനം നടക്കുമെന്ന വാര്‍ത്ത ഏറെ ആഹ്ളാദത്തോടെയാണ് വിശ്വാസി സമൂഹം സ്വീകരിച്ചിരിക്കുന്നത്. ആദ്യ സന്ദർശനത്തിൽ ഏഴ് മണിക്കൂര്‍ മാത്രമാണ് പാപ്പ രാജ്യത്ത് സമയം ചെലവിട്ടതെങ്കില്‍ മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന സന്ദര്‍ശനമാണ് ഏപ്രില്‍ മാസത്തില്‍ നടക്കുകയെന്നതും ശ്രദ്ധേയമാണ്.

2021 ലെ ഹംഗറി സന്ദർശനത്തിലും 2022 ൽ വത്തിക്കാനിലും ഫ്രാൻസിസ് പാപ്പ പ്രധാനമന്ത്രി വിക്ടർ ഓർബനുമായി കൂടിക്കാഴ്ച നടത്തിയിരിന്നു. 2022 മാർച്ചിൽ ഹംഗറിയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട കാറ്റലിൻ നൊവാക്ക്, കഴിഞ്ഞ ഓഗസ്റ്റിൽ വത്തിക്കാനിൽ ഫ്രാൻസിസ് മാർപ്പാപ്പയെ സന്ദര്‍ശിച്ചിരിന്നു.

ക്രിസ്തീയ വിശ്വാസം പൊതുവേദികളില്‍ പരസ്യമായി പ്രഘോഷിച്ചും ജീവന്റെ മഹത്വത്തെ മാനിക്കുന്ന നിരവധി തീരുമാനങ്ങള്‍ നടപ്പിലാക്കിയും ശ്രദ്ധ നേടിയ കാറ്റലിൻ നോവാക്ക് പില്‍ക്കാലത്ത് ഹംഗറിയിലെ കുടുംബക്ഷേമ വകുപ്പ് മന്ത്രിയായിരിന്നു.

അഭയാര്‍ത്ഥി മറവിലുള്ള ഇസ്ലാമിക അധിനിവേശത്തെ ശക്തമായി പ്രതിരോധിച്ചും കൂടുതല്‍ കുഞ്ഞുങ്ങളെ സ്വീകരിക്കുന്നവര്‍ക്ക് അനവധി ക്ഷേമ പദ്ധതികള്‍ പ്രഖ്യാപിച്ചും യൂറോപ്പിന്റെ ക്രിസ്തീയ ഉണര്‍വിന് വേണ്ടി ഇടപെടലുകള്‍ നടത്തിയും ഏറെ ശ്രദ്ധ നേടിയ വ്യക്തിയാണ് ഹംഗേറിയന്‍ പ്രധാനമന്ത്രി വിക്ടര്‍ ഓര്‍ബാന്‍.

ലോകമെമ്പാടുമുള്ള പീഡിത ക്രൈസ്തവരുടെ ക്ഷേമത്തിന വേണ്ടി ഓര്‍ബന്‍ ഭരണകൂടം പ്രത്യേക വകുപ്പ് തന്നെ രൂപീകരിച്ചിരിന്നു. സിറിയ, ഇറാഖ് ഉള്‍പ്പെടെ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ കനത്ത നാശം വിതച്ച അനേകം സ്ഥലങ്ങളില്‍ പീഡിത ക്രൈസ്തവര്‍ക്ക് വേണ്ടി ഹംഗറി ക്ഷേമ പദ്ധതി രൂപീകരിക്കുകയും ചെയ്തിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.