മാര്‍ ജോസഫ് പൗവ്വത്തില്‍ നിത്യതയിലേക്ക് യാത്രയായി; വിടവാങ്ങിയത് സഭയെ ജീവനു തുല്യം സ്‌നേഹിച്ച ഇടയന്‍

മാര്‍ ജോസഫ് പൗവ്വത്തില്‍ നിത്യതയിലേക്ക് യാത്രയായി; വിടവാങ്ങിയത് സഭയെ ജീവനു തുല്യം സ്‌നേഹിച്ച ഇടയന്‍

ചങ്ങനാശേരി: ലോകമെമ്പാടുമുള്ള മലയാളികളായ ക്രൈസ്തവ വിശ്വാസികളെ കണ്ണീരിലാഴ്ത്തി ചങ്ങനാശേരി അതിരൂപതയുടെ മുന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പൗവ്വത്തില്‍ നിത്യതയിലേക്ക് യാത്രയായി. തൊണ്ണൂറ്റിമൂന്ന് വയസായിരുന്നു. ഇന്ന് ഉച്ചയ്ക്ക് 1.25 നായിരുന്നു ദേഹവിയോഗം. സംസ്‌കാരം സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ല.

സിബിസിഐ പ്രസിഡന്റ്, കെസിബിസി ചെയര്‍മാന്‍, ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ സ്ഥാപക ചെയര്‍മാന്‍, സിബിസിഐ എജ്യൂക്കേഷന്‍ കമ്മീഷന്‍ ചെയര്‍മാന്‍, ഏഷ്യന്‍ പോസ്റ്റ് സിനഡല്‍ കമ്മീഷന്‍ അംഗം എന്നിങ്ങനെ നിരവധി സുപ്രധാന ചുമതലകള്‍ വഹിച്ചിട്ടുണ്ട്.

വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചങ്ങനാശേരി അതിരൂപത ആസ്ഥാനത്ത് വിശ്രമത്തിലായിരുന്ന പിതാവിന്റെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ചങ്ങനാശേരി ചെത്തിപ്പുഴ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.

1930 ഓഗസ്റ്റ് 14 നാണ് ചങ്ങനാശേരി കുറുമ്പനാടം പൗവ്വത്തില്‍ ജോസഫ്-മറിയക്കുട്ടി ദമ്പതിമാരുടെ മകനായി പി.ജെ ജോസഫ് എന്ന ജോസഫ് പൗവ്വത്തില്‍ ജനിച്ചത്. പുളിയാംകുന്ന് ഹോളി ഫാമിലി സ്‌കൂള്‍, കുറുമ്പനാടം സെന്റ് പീറ്റേഴ്സ് സ്‌കൂള്‍, ചങ്ങനാശേരി എസ്.ബി.എച്ച്.എസ് എന്നിവിടങ്ങളില്‍ നിന്ന് സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.

ചങ്ങനാശേരി എസ്.ബി കോളജില്‍ നിന്ന് ബിരുദവും മദ്രാസ് ലയോള കോളജില്‍ നിന്ന് ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. ചങ്ങനാശേരി പാറേല്‍ മൈനര്‍ സെമിനാരിയിലായിരുന്നു വൈദിക പഠനത്തിന്റെ തുടക്കം. പിന്നീട് പൂനെ പേപ്പല്‍ സെമിനാരിയില്‍ നിന്ന് ഫിലോസഫിയും തിയോളജിയും പൂര്‍ത്തിയാക്കി. 1962 ഒക്ടോബര്‍ മൂന്നിന് പൗരോഹിത്യ പട്ടം സ്വീകരിച്ചു.

പിന്നീട് 1963 മുതല്‍ 1972 വരെ ചങ്ങനാശേരി എസ്.ബി കോളജില്‍ അധ്യാപകനായി സേവനമനുഷ്ടിച്ചു. 1972 ജനുവരി 29 ന് ചങ്ങനാശേരി രൂപതയുടെ സഹായ മെത്രാനായും കേസറിയാ ഫിലിപ്പിയുടെ സ്ഥാനിക മെത്രാനായും അഭിഷിക്തനായി. പോള്‍ ആറാമന്‍ മാര്‍പ്പാപ്പായില്‍ നിന്ന് റോമില്‍ വച്ചാണ് മെത്രാന്‍ പട്ടം സ്വീകരിച്ചത്. അങ്ങനെ പരിശുദ്ധ പിതാവില്‍ നിന്ന് മെത്രാന്‍ പട്ടം സ്വീകരിക്കുന്ന സീറോ മലബാര്‍ സഭയില്‍ നിന്നുള്ള ആദ്യത്തെ മെത്രാന്‍ എന്ന പദവിയും മാര്‍ പൗവ്വത്തില്‍ സ്വന്തമാക്കി.

1977 ഫെബ്രുവരി 26 ന് കാഞ്ഞിരപ്പള്ളി രൂപതയുടെ പ്രഥമ മെത്രാനായി നിയമിതനായി. 1985 നവംബര്‍ 16 ന് ചങ്ങനാശേരി അതിരൂപത മെത്രാപ്പോലീത്തയായി. 1986 ജനുവരി 17 ന് ആര്‍ച്ച് ബിഷപ്പായി സ്ഥാനാരോഹണം. 2007 മാര്‍ച്ച് 19 ന് വിരമിച്ചു. 1992 മുതല്‍ 2007 വരെ സിറോ മലബാര്‍ ചര്‍ച്ച് സ്ഥിരം സിനഡ് അംഗമായിരുന്നു. 2012 ല്‍ മെത്രാഭിഷേകത്തിന്റെ റൂബി ജൂബിലിയും 2020 ല്‍ നവതിയും ആഘോഷിച്ചു.

സഭാപരമായ നിലപാടുകളില്‍ തികച്ചും കാര്‍ക്കശ്യക്കാരനായിരുന്ന പൗവ്വത്തില്‍ പിതാവ് സഭയുടെ ഐക്യത്തിനും കെട്ടുറപ്പിനും എന്നും മുന്തിയ പരിഗണന നല്‍കിയിരുന്നു. അതിനായി സീറോ മലബാര്‍ സഭയുടെ അധ്യക്ഷ പദവി വരെ നിരസിച്ച ചരിത്രവും അദേഹത്തിന്റെ അജപാലന ജീവിത ചരിത്രത്തിലുണ്ട്. 'സീറോ മലബാര്‍ സഭയുടെ കിരീടം' എന്നാണ് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ പൗവ്വത്തില്‍ പിതാവിനെ വിശേഷിപ്പിച്ചിട്ടുള്ളത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.