ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ വയനാട് പാര്‍ലമെന്റ് മണ്ഡലത്തില്‍ എത്രയും വേഗം തിരഞ്ഞെടുപ്പ് നടത്താനുള്ള നീക്കങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ മുന്‍പോട്ട് നീങ്ങുന്നതിനിടയില്‍ രാഹുല്‍ ഗാന്ധിക്കെതിരെ മോഡി തീര്‍ത്ത പദ്മവ്യൂഹത്തില്‍ നിന്ന് പുറത്തെത്തിക്കാനുള്ള പരിശ്രമങ്ങള്‍ കോണ്‍ഗ്രസ് നേതൃത്വം ആരംഭിച്ചു.
അപ്പീല്‍ നല്‍കി സ്റ്റേ ലഭിക്കാത്ത സാഹചര്യം രാഹുല്‍ ഗാന്ധിക്ക് വലിയ തിരച്ചടിയായിരിക്കുമെന്ന് നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു. ഇതിനിടയില്‍ വയനാട്ടില്‍ തിരഞ്ഞെടുപ്പ് നടത്താനുള്ള സാധ്യതകളെക്കുറിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമ വിദഗ്ദ്ദരുമായി ഇന്ന് ചര്‍ച്ചകള്‍ നടത്തുന്നു.
കര്‍ണാടകത്തിലെ തിരഞ്ഞെടുപ്പിനൊപ്പം കേരളത്തിലെ വയനാട്ടിലും ഉപതിരഞ്ഞെടുപ്പ് നടത്താനുള്ള നീക്കങ്ങളാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ നടത്തുന്നത്.
രാഹുല്‍ ഗാന്ധിയുടെ അയോഗ്യതയ്ക്ക് സ്റ്റേ ലഭിക്കാതിരിക്കുകയും വയനാട്ടില്‍ തിരഞ്ഞെടുപ്പ് നടക്കുകയും ചെയ്താല്‍ വയനാട്ടില്‍ പ്രിയങ്കാ ഗാന്ധി മത്സരിച്ചേക്കുമെന്ന് അഭ്യൂഹങ്ങള്‍ ശക്തമാണ്. പ്രിയങ്കയെ മത്സരിപ്പിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് വയനാട്ടില്‍ നിന്ന് തന്നെ ധാരാളം ആവശ്യക്കാര്‍ വരുന്നുണ്ടെന്ന് കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വത്തോട് അടുത്ത കേന്ദ്രങ്ങള്‍ അറിയിക്കുന്നു.
സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രെട്ടറി ഈ ആവശ്യം രാഹുലിനെയും പ്രിയങ്കയെയും അറിയിച്ചു എന്നാണ് മനസിലാക്കുന്നത്. രാഹുലിനെപ്പോലെ ബിജെപി ഭയക്കുന്ന പ്രിയങ്കയുടെ പാര്‍ലമെന്റിലെ സാന്നിധ്യം കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ശക്തി പകരുമെന്ന കോണ്‍ഗ്രസ് എംപിമാരും കരുതുന്നു.
പ്രിയങ്ക മത്സരിക്കാന്‍ തയാറായാല്‍ ഐക്യകണ്ഠമായി ഈ തീരുമാനത്തെ കോണ്‍ഗ്രസ്സിന്റെ സംസ്ഥാന നേതൃത്വം സ്വീകരിക്കും എന്ന കാര്യം ഉറപ്പാണ്. രാഹുലിനേക്കാള്‍ ആവേശകരമായ സ്വീകരണമായിരിക്കും പ്രിയങ്ക മത്സരിച്ചാല്‍ വയനാട്ടിലെ ജനങ്ങള്‍ നല്‍കുക എന്ന് വയനാട്ടിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറയുന്നു.
വയനാട്ടില്‍ പ്രിയങ്ക മത്സരിക്കാന്‍ തയാറായാല്‍ കേരളത്തിലെ ഇടത് ജനാധിപത്യമുന്നണി സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ സാധ്യതയില്ല. പ്രിയങ്ക മത്സര രംഗത്ത് നിന്ന് പിന്മാറിയാല്‍ കേരളത്തിലെ യുവ നേതാക്കളായ അബിന്‍ വര്‍ക്കി, രാഹുല്‍ മാങ്കൂട്ടം, മുന്‍ മന്ത്രി പി.കെ ജയലക്ഷ്മി എന്നിവരില്‍ ഒരാളെ ആയിരിക്കും കോണ്‍ഗ്രസ് മത്സരിപ്പിക്കുക.
കോടതിയില്‍ നിന്ന് ക്ലീന്‍ ചിറ്റ് വാങ്ങി രാഹുല്‍ ഗാന്ധി തിരിച്ചെത്തിയാല്‍ എം.പി സ്ഥാനം ഒഴിഞ്ഞ് കൊടുക്കാന്‍ തയാറുള്ളവരെയായിരിക്കും കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം പരിഗണിക്കുക.
1951 ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷന്‍ 151 എ, പാര്‍ലമെന്റിലെയും സംസ്ഥാന നിയമസഭകളിലെയും കാഷ്വല്‍ ഒഴിവുകള്‍ ഒഴിവ് വന്ന തീയതി മുതല്‍ ആറ് മാസത്തിനുള്ളില്‍ ഉപതിരഞ്ഞെടുപ്പിലൂടെ നികത്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ ചുമതലപ്പെടുത്തുന്നു. ഒരു ഒഴിവുമായി ബന്ധപ്പെട്ട നിയമ നടപടികള്‍ സമയത്ത് പൂര്‍ത്തിയാക്കേണ്ടത് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഭരണഘടനാ ബാധ്യതയാണ്.
നിയമ പ്രകാരം മാര്‍ച്ച് 23 ന് മുതല്‍ വയനാട് സീറ്റ് ഒഴിഞ്ഞുകിടന്നു. സെക്ഷന്‍ 151 എ പ്രകാരം, 2023 സെപ്റ്റംബര്‍ 22 നകം മണ്ഡലത്തില്‍ നിന്ന് ഒരു പുതിയ എംപിയെ തിരഞ്ഞെടുക്കുന്നതിന് ഉപതിരഞ്ഞെടുപ്പ് നടത്താന്‍ ബാധ്യഥരാണ്. പതിനേഴാം ലോക്സഭയുടെ കാലാവധിക്ക് ഒരു വര്‍ഷത്തിലേറെ മുമ്പാണ് ഈ ഒഴിവ് ഉയര്‍ന്നത് എന്നതിനാല്‍, തിരഞ്ഞെടുക്കപ്പെട്ട എംപിക്ക് ഹ്രസ്വകാല കാലാവധി മാത്രമേ ഉണ്ടാകൂവെങ്കിലും ഉപതിരഞ്ഞെടുപ്പ് ഒഴിവാക്കാനാവില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲
https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v