ഭിന്നശേഷിക്കാരനായ സുരേഷ് ബാബുവിനും ഭാര്യ ശാന്തക്കും ഫൊക്കാനയുടെ കാരുണ്യം

ഭിന്നശേഷിക്കാരനായ സുരേഷ് ബാബുവിനും ഭാര്യ ശാന്തക്കും ഫൊക്കാനയുടെ കാരുണ്യം

ഭിന്നശേഷിക്കാരനായ സുരേഷ് ബാബുവും ഭാര്യ ശാന്തയും ഓരോ രാത്രിയും വെളുപ്പിച്ചിരുന്നത് സർവ്വ ദൈവങ്ങളെയും വിളിച്ചായിരുന്നു. കരിക്കകത്തെ പൊളിഞ്ഞു വീഴാറായ വീട്ടിൽ മാനം കറുക്കുമ്പോൾ അവരുടെ മുഖവും കറുക്കുമായിരുന്നു. എന്നാൽ ഇനി അവർക്ക് പേടിക്കാനില്ല.

അമേരിക്കൻ മലയാളികളുടെ സംഘടനയായ ഫൊക്കാന അവർക്ക് സ്വന്തമായി സുരക്ഷിതത്വമുള്ള ഒരു വീട് നിർമ്മിച്ചു നൽകി. ഡോ. ബാബു സ്റ്റീഫനും , സെക്രട്ടറി കല ഷഹിയും അതിന്റെ താക്കോൽ ദാനം നിർവഹിച്ചപ്പോൾ സുരേഷ് ബാബുവിനും ശാന്തക്കും അത് പുത്തൻ പ്രതീക്ഷയുടെയും സ്വപ്ന സാക്ഷാൽകാരത്തിന്റെയും നിമിഷങ്ങൾ ആയിരുന്നു. 


കഴക്കൂട്ടം, കാരിക്കകം സ്വദേശികളായ ബാബുവും ശാന്തയും സ്വന്തമായ ഒരു വീട് എന്ന ആഗ്രഹം മനസ്സിലിട്ട് മുട്ടാത്ത വാതിലുകൾ ഇല്ലായിരുന്നു. അങ്ങനെയിരിക്കുമ്പോൾ മുൻമന്ത്രിയും കഴക്കൂട്ടം എം. എൽ . എ യുമായ കടകംപള്ളി സുരേന്ദ്രൻ ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫനുമായി ബന്ധപ്പെടുകയും സുരേഷ് ബാബുവിന്റെ കുടുംബത്തിന്റെ ദയനീയമായ അവസ്ഥയെ പറ്റി സംസാരിച്ചതിന്റെ അടിസ്ഥാനത്തിൽ അവർക്ക് ഫൊക്കാന നടപ്പിലാക്കുന്ന ഭവന നിർമാണ പദ്ധതിയിൽ ഉൾപ്പെടുത്തി വീട് നിർമിച്ചു നൽകാമെന്ന് ഡോ . ബാബു സ്റ്റീഫൻ ഉറപ്പു കൊടുക്കകയും ചെയ്തു.
വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് വീടിന്റെ പണി തീർത്തത്. താക്കോൽ ദാനത്തിനെത്തിയ ഡോ . ബാബു സ്റ്റീഫനേയും സെക്രട്ടറി കല ഷഹിയെയും കടകംപള്ളി സുരേന്ദ്രൻ എം. എൽ . എ പൊന്നാട അണിയിച്ചു സ്വീകരിച്ച് വേദിയിലേക്ക് ആനയിച്ചു. ആ നാട് തന്നെ ഒരു ഉത്സവ പ്രതീതിയിൽ ആയിരുന്നു.
ഈ അവസരത്തിൽ പങ്കെടുത്ത കടകംപള്ളി സുരേന്ദ്രൻ എം. എൽ . എ വളരെ സമയബന്ധിതമായി മികച്ച നിലയിൽ വീട് നിർമാണം പൂർത്തിയാക്കിയതിൽ ഫൊക്കാനയെ അഭിനന്ദിച്ചു. കഴക്കൂട്ടം മണ്ഡലത്തിൽ ഇനിയും വീടുകൾ നിർമിച്ചു നൽകാനുള്ള സന്നദ്ധത ഫൊക്കാന അറിയിച്ചതായും അദ്ദേഹം അറിയിച്ചു. ഫൊക്കാനയുടെ ചാരിറ്റി പ്രവർത്തനങ്ങൾ ലോകത്തിനു തന്നെ ഉദാത്തമായ മാതൃകയായി മാറിക്കൊണ്ടിരിക്കുന്ന ഈ അവസരത്തിൽ ഫൊക്കാനയുടെ ഭാവി പ്രവർത്തനങ്ങൾക്ക് ആശംസകൾ നേരുന്നതിനൊപ്പം ഫൊക്കാനയുടെ സഹായ സന്നദ്ധതക്ക് നന്ദി അറിയിക്കുകയും ചെയ്തു.
അമേരിക്കൻ മലയാളികളുടെ സാംസ്‌കാരിക സംഘടനയാണ് ഫൊക്കാന. സാംസ്കാരിക സംഘടന എന്നതിലുപരി ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ സമൂഹത്തിന്റെ ഉന്നമനത്തിനും പ്രത്യേക ശ്രദ്ധ നൽകുന്ന സംഘടനയാണ്. ഫൊക്കാന എല്ലാ സംഘടനകള്‍ക്കും മാതൃകയാണെന്നും കടകംപള്ളി സുരേന്ദ്രൻ എം. എൽ. എ അഭിപ്രായപ്പെട്ടു. ഫൊക്കാനയുടെ മാതൃകാപരമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന, സഹജീവികളെ സഹായിക്കണം എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്ന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫനും സെക്രട്ടറി ഡോ. കല ഷഹിക്കും ഫൊക്കാന കുടുംബത്തിനും അദ്ദേഹം നന്ദി രേഖപ്പെടുത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.