പേസ്‌മേക്കര്‍ ഘടിപ്പിച്ചവരാണോ? സൂക്ഷിച്ചില്ലെങ്കില്‍ ഐഫോണ്‍ പണി തരും

 പേസ്‌മേക്കര്‍ ഘടിപ്പിച്ചവരാണോ? സൂക്ഷിച്ചില്ലെങ്കില്‍ ഐഫോണ്‍ പണി തരും

ഐഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി ആപ്പിള്‍. പേസ്മേക്കര്‍ പോലെയുള്ള ജീവന്‍രക്ഷാ ഉപകരണങ്ങള്‍ ശരീരത്തില്‍ ഘടിപ്പിച്ചവര്‍ക്കാണ് മുന്നറിയിപ്പ്. ഐഫോണ്‍ 13, 14 എന്നിവ മാത്രമല്ല എയര്‍പോഡ്, ആപ്പിള്‍ വാച്ച്, ഹോം പോഡ്, ഐപാഡ്, മാക്, ബീറ്റ്സ് എന്നിവ ഉപയോഗിക്കുന്നവര്‍ക്കും ഇത് ബാധകമാണ്.

പേസ് മേക്കറുകളുടെ പ്രവര്‍ത്തനത്തെ സ്വാധീനിക്കാന്‍ ശേഷിയുള്ള കാന്തങ്ങളും വൈദ്യുത കാന്തിക മണ്ഡലവും ആപ്പിള്‍ ഉപകരണങ്ങളില്‍ ഉള്ളതിനാല്‍ ഐഫോണുകളെ മിനിമം 15 സെന്റിമീറ്റര്‍ അകലത്തിലെങ്കിലും വയ്ക്കണമെന്നാണ് ആപ്പിള്‍ പറയുന്നത്.

ഫിറ്റ്ബിറ്റ്, ആപ്പിള്‍ വാച്ചുകള്‍ എന്നിവയ്ക്ക് പുറമെ സമാനമായ ഉപകരണങ്ങളും പണി തരും. ശരീരത്തില്‍ ഘടിപ്പിച്ച ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ പ്രവര്‍ത്തനത്തെ സ്വാധീനിക്കാന്‍ ഇവയ്ക്ക് കഴിയുമെന്ന് ചൂണ്ടിക്കാണിച്ചത് കഴിഞ്ഞ മാസം പുറത്തുവന്ന ഒരു പഠന റിപ്പോര്‍ട്ടാണ്. ആപ്പിളിന്റെ ബ്ലോഗ് പോസ്റ്റിലാണ് ഇതു സംബന്ധിച്ച മുന്നറിയിപ്പുള്ളത്. സുരക്ഷിതമായ അകലത്തില്‍ ആപ്പിള്‍ ഉപകരണങ്ങള്‍ സൂക്ഷിക്കുക എന്നതാണ് പോംവഴിയായി നിര്‍ദേശിച്ചിരിക്കുന്നത്.

ജീവന്‍ രക്ഷാ ഉപകരണങ്ങളെ സ്മാര്‍ട്ട് ഫോണുകള്‍ സ്വാധീനിക്കുമെന്ന മുന്നറിയിപ്പ് നേരത്തെ വന്നിട്ടുണ്ട്. 2020 ഒക്ടോബറിലാണ് ആദ്യം മുന്നറിയിപ്പ് വരുന്നത്. അതായത് ഐഫോണ്‍ 12 പുറത്തിറങ്ങിയ സമയത്ത്. അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ തന്നെയാണ് ഐഫോണിന്റെ ഉപയോഗം സംബന്ധിച്ച മുന്നറിയിപ്പ് നല്‍കിയത്.

'ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെ സഹായിക്കുന്ന ഇലക്ട്രോണിക് ഉപകരണങ്ങളെ സ്വാധീനിക്കുന്നതാണ് കാന്തങ്ങള്‍. ഐഫോണ്‍ 12ല്‍ ഉപയോഗിച്ച കാന്തങ്ങളും അതുണ്ടാക്കുന്ന കാന്തിക മണ്ഡലത്തിന്റെ സ്വാധീനവും കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്' എന്നായിരുന്നു 2021ല്‍ ബ്രൗണ്‍ സര്‍വകലാശാലയിലെ ഡോ. മിഷേലെ വു പറഞ്ഞത്.

രോഗികള്‍ക്ക് ഡോക്ടര്‍മാര്‍ തന്നെ നേരിട്ട് ഇതു സംബന്ധിച്ച മുന്നറിയിപ്പ് നല്‍കാറുണ്ട്. കാന്തത്തിന്റെ കൂടി സഹായത്തിലാണ് സാധാരണ പേസ്‌മേക്കറുടെ പ്രവര്‍ത്തന സമയം നിയന്ത്രിക്കുന്നത്. ഈ സാഹചര്യത്തില്‍ ഐഫോണ്‍ പോലുള്ള ഉപകരണങ്ങള്‍ അടുത്തെത്തിയാല്‍ തന്നെ പേസ് മേക്കര്‍ ഘടിപ്പിച്ച വ്യക്തിയുടെ ഹൃദയമിടിപ്പ് കൂടുകയോ കുറയുകയോ ചെയ്യാന്‍ സാധ്യതയുണ്ട്. ഇത് ജീവന്‍ വരെ അപകടത്തിലാക്കിയേക്കാമെന്ന് പഠനം പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.