തൃശൂര്‍: മലയാള സിനിമയില്‍ അടുത്തിടെ പ്രദര്‍ശനത്തിനെത്തി ഏറെ വിവാദം സൃഷ്ടിച്ച 'ട്രാന്‍സ്' ചലച്ചിത്രം ക്രൈസ്തവ വിശ്വാസത്തെ മനഃപൂര്‍വ്വം അധിക്ഷേപിക്കുകയായിരുന്നുവെന്ന് വ്യക്തമായി സൂചന നല്‍കി പ്രമുഖ ചലച്ചിത്ര നിര്‍മ്മാതാവിന്റെ വെളിപ്പെടുത്തല്‍. ആദ്യ തിരക്കഥയില്‍ നിന്നും ക്ലൈമാക്‌സ് മാറ്റിയാണ് സിനിമ നിര്‍മിച്ചതെന്ന് പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവ് സിബി തോട്ടുപ്പുറമാണ് ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരിക്കുന്നത്. തിരക്കഥയുമായി തന്നെ സമീപിച്ചിരിന്നുവെന്നും പുറത്തിറങ്ങിയ ചലച്ചിത്രത്തില്‍ നിന്നു വിഭിന്നമായിരിന്നു തന്നെ അറിയിച്ച ക്ലൈമാക്സ് ഭാഗമെന്നും അദ്ദേഹം വ്യക്തമാക്കി.
"ബാംഗ്ലൂർ നിന്ന് ഒരു ചെറുപ്പക്കാരൻ ലിജിൻ ജോസ് എന്ന ഡയറക്ടറുടെ കൂടെ എന്റെ അടുക്കൽ വന്ന് കഥ പറഞ്ഞു. ധ്യാനങ്ങൾ നടത്തി പണം തട്ടുന്ന ഒരു റാക്കറ്റിന്റെ കഥയായിരുന്നു. അവരുടെ എല്ലാ ധ്യാനങ്ങളിലും ഒരു പെൺകുട്ടി തന്റെ സഹോദരനെ വീൽചെയറിൽ ഇരുത്തി കൊണ്ടുവരും. എന്നാൽ സൗഖ്യം ലഭിക്കാതെ വരുമ്പോൾ ധ്യാനഗുരു തന്നെ തനിക്കു കഴിവില്ലെന്നും ഇത് തട്ടിപ്പാണെന്നും വെളിപ്പെടുത്തുന്നു. ഇനി വരരുതെന്നും പറഞ്ഞു വെച്ചു. എന്നാൽ അന്നേ ദിവസം അത്ഭുതം നടക്കാൻ പോകുന്നു എന്ന് പറഞ്ഞ സമയം വീൽ ചെയറിൽ നിന്നും പെൺകുട്ടി എഴുന്നേൽക്കുന്നതും അങ്ങനെ ക്രിസ്തു ഉണ്ടെന്നു പാസ്റ്റർ വിശ്വസിക്കുന്നതുമാണ് തന്നെ അറിയിച്ച കഥ". അദ്ദേഹം പറഞ്ഞു.
ചിലരുടെ തെറ്റായ പ്രവണതകളെ ചൂണ്ടി കാണിക്കുന്നതിനുമപ്പുറം ദുരുദ്ദേശത്തോടെ ക്രൈസ്തവ വിശ്വാസത്തെ കടന്നാക്രമിക്കാന്‍ ശ്രമിച്ച സിനിമയായിരിന്നു ട്രാന്‍സ്. ഇതില്‍ വിമര്‍ശനം വ്യാപകമായിരിന്നു. അന്‍വര്‍ റഷീദിന്റെ സംവിധാനത്തില്‍ ഫഹദ് ഫാസില്‍ നായകനായി എത്തിയ സിനിമ ബോക്സോഫീസില്‍ പരാജയമായിരിന്നു. ക്രൈസ്തവ വിശ്വാസത്തെ പരിഹസിക്കുന്ന വിധത്തില്‍ മലയാളത്തില്‍ ചലച്ചിത്രങ്ങള്‍ പുറത്തുവരുന്നത് പതിവ് സംഭവമായി മാറിയിട്ടുണ്ട്. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമായാണ് ട്രാന്‍സിനെ ഏവരും നിരീക്ഷിക്കുന്നത്. അതേസമയം സിബി തോട്ടുപ്പുറം നല്‍കിയ വെളിപ്പെടുത്തല്‍ വരും ദിവസങ്ങളില്‍ വലിയ ചര്‍ച്ചയ്ക്കു കാരണമാകുമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.