തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തില്‍ ഗംഭീര പോളിംഗ്. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നടന്ന വോട്ടെടുപ്പില്‍ അവസാനം കണക്ക് ലഭിക്കുമ്പോള്‍ 78.64 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. ആദ്യഘട്ടത്തില്‍ 72.67 ശതമാനം, രണ്ടാംഘട്ടത്തില്‍ 76.38 ശതമാനം എന്നിങ്ങനെയാണ് പോളിംഗ് നില. മൂന്ന് ഘട്ടങ്ങളിലായി ആകെ 76 ശതമാനമാണ് തദ്ദേശ തെരഞ്ഞെടുപ്പിലെ പോളിംഗ് നിരക്ക്.മൂന്ന് മുന്നണികളും വിജയം അവകാശപ്പെടുന്ന പോരാട്ടത്തിന്റെ അന്തിമ ഫലം 16ന് അറിയാം.
മലപ്പുറം - 78.87, കോഴിക്കോട് -79 , കണ്ണൂര്‍ - 78.57 , കാസര്‍ഗോഡ് -77.17 , എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്ക്. മലബാറിലെ രാഷ്ട്രീയ പോരാട്ട വീര്യം വ്യക്തമാക്കുന്നതായിരുന്നു വോട്ടെടുപ്പില്‍ കണ്ട ആവേശം. കോവിഡ് കാലമായിട്ടും രാവിലെ മുതല്‍ പോളിംഗ് ബൂത്തില്‍ നല്ല തിരക്ക് അനുഭവപ്പെട്ടു.
പല സ്ഥലങ്ങളിലും ചെറിയ രീതിയില്‍ സംഘര്‍ഷമുണ്ടായി. നാദാപുരം തെരുവംപറമ്പില്‍ ലാത്തിച്ചാര്‍ജ്ജിനു ശേഷവും ജനക്കൂട്ടം പിരിഞ്ഞുപോകാത്തതിനെ തുടര്‍ന്ന് പോലീസ് ഗ്രനേഡ് പ്രയോഗിച്ചു. പോലീസുകാര്‍ ഉള്‍പ്പടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. സംഘര്‍ഷത്തില്‍ പോലീസ് ജീപ്പ് തകര്‍ത്തു. മലപ്പുറം ജില്ലയില്‍ പെരുമ്പടപ്പ് കോടത്തൂരിലും, താനൂരിലും എല്‍ഡിഎഫ് - യുഡിഎഫ് പ്രവര്‍ത്തര്‍ ഏറ്റുമുട്ടി. കള്ളവോട്ട് ചെയ്യാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് 16കാരനെ ഉള്‍പ്പടെ പോലീസ് അറസ്റ്റു ചെയ്തു.
സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ വോട്ടായി മാറുമെന്ന് എല്‍ഡിഎഫ് പ്രതീക്ഷിക്കുമ്പോള്‍ ഭരണത്തിലെ അഴിമതി ജനം തിരിച്ചറിയുമെന്ന് യുഡിഎഫ് അവകാശപ്പെടുന്നു. ഇരു മുന്നണികളേയും തള്ളി ജനം തങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്ന് ബിജെപിയും അവകാശപ്പെടുന്നു.
എല്‍ഡിഎഫിലെത്തിയ ജോസ് കെ.മാണിക്കും ഏറെ നിര്‍ണായകമാണ് ഈ തിരഞ്ഞെടുപ്പ്. കോട്ടയം ജില്ലയില്‍ ശക്തി തെളിയിക്കാനായാല്‍ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ജോസിന് കൂടുതല്‍ വിലപേശല്‍ നടത്താം. മറിച്ചാണെങ്കില്‍ മുന്നണി മാറ്റം നഷ്ടക്കച്ചവടമാകും. യുഡിഎഫില്‍ നിലകൊള്ളുന്ന പി.ജെ ജേസഫിനും സമാനമായ രാഷ്ട്രീയ സാഹചര്യമാണുള്ളത്. വെല്‍ഫയര്‍ പാര്‍ട്ടി, ട്വന്റി, ട്വന്റി കൂട്ടായ്മ എന്നിവയുടെ ഭാവിയും ഈ തെരഞ്ഞെടുപ്പില്‍ ബോധ്യമാകും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.