ബംഗളൂരു: കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകളിലേക്ക് കടന്നിരിക്കുകയാണ് നേതാക്കള്‍. മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള നിര്‍ണായക നിയമസഭാ കക്ഷിയോഗം ഇന്ന് ചേരുമ്പോള്‍ സിദ്ധരാമയ്യയ്ക്കാണ് മുന്‍തൂക്കം കൂടുതലെന്നാണ് വിവരം. ഡി.കെ ശിവകുമാറും എം.ബി പാട്ടീലും ഉപമുഖ്യമന്ത്രിമാരായേക്കുമെന്നാണ് കോണ്‍ഗ്രസ് ക്യാമ്പുകളില്‍ നിന്ന് ലഭിക്കുന്ന സൂചനകളില്‍ നിന്നും വ്യക്തമാകുന്നത്.
ആഭ്യന്തരമടക്കം സുപ്രധാന വകുപ്പുകള്‍ ഡി.കെ ശിവകുമാറിന് നല്‍കാനാണ് സാധ്യത. ഇന്ന് വൈകിട്ട് അഞ്ചരയ്ക്ക് ബംഗളൂരുവിലാണ് കോണ്‍ഗ്രസ് നിയമസഭാ കക്ഷിയോഗം ചേരുക.
മുന്നില്‍ നിന്നും നയിച്ച വിജയശില്പി എന്ന നിലയില്‍ ഡി.കെ ശിവകുമാര്‍ മുഖ്യമന്ത്രി ആകണം എന്നാഗ്രഹിക്കുന്ന ഒരു വിഭാഗം നേതാക്കളും പാര്‍ട്ടിയിലുണ്ട്.
അതേസമയം കര്‍ണാടകയില്‍ ആറു പേര്‍ നിയമസഭയില്‍ കടന്നത് നിസാര വോട്ടുകള്‍ക്കാണ്. നാടകീയതകള്‍ക്കൊടുവില്‍ ഇന്നു പുലര്‍ച്ചെ ജയനഗറിലെ ബിജെപി സ്ഥാനാര്‍ത്ഥിയുടെ ജയം 16 വോട്ടുകള്‍ക്കായിരുന്നു.
കയറിയും ഇറങ്ങിയും ലീഡ് നില മാറി മറിഞ്ഞപ്പോള്‍ ആറ് സ്ഥാനാര്‍ത്ഥികള്‍ ജയിച്ചു കയറിയത് ആയിരം വോട്ടിനു താഴെ ഭൂരിപക്ഷത്തിലാണ്. ബംഗളൂരുവിലെ ജയനഗറില്‍ തോറ്റ സ്ഥാനാര്‍ത്ഥി ജയിക്കുകയും ജയിച്ച സ്ഥാനാര്‍ത്ഥി തോല്‍ക്കുകയും ചെയ്തു. ഇന്നലെ ഉച്ചയോടെ 16 റൗണ്ട് വോട്ടും എണ്ണിക്കഴിഞ്ഞപ്പോള്‍ സിറ്റിങ് എംഎല്‍എ കോണ്‍ഗ്രസിലെ സൗമ്യ റെഡ്ഡി 294 വോട്ടുകള്‍ക്ക് വിജയിച്ചെന്നായിരുന്നു പ്രചരിച്ചത്. ഇതോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആഹ്ലാദ പ്രകടനവും തുടങ്ങി.
ബിജെപി സ്ഥാനാര്‍ത്ഥി സി.കെ രാമമൂര്‍ത്തി റീ കൗണ്ടിങ് ആവശ്യപ്പെട്ടു. നേരത്തെ വിവിധ കാരണങ്ങള്‍ പറഞ്ഞ് മാറ്റി വെച്ച തപാല്‍ വോട്ടുകള്‍ എണ്ണിയതോടെ ഫലം മറിച്ചായി. പുലര്‍ച്ചെ ഒന്നിന് റിസല്‍ട്ടെത്തിയപ്പോള്‍ 16 വോട്ടിന് രാമമൂര്‍ത്തി ജയിച്ചു. ഭൂരിപക്ഷത്തില്‍ മുന്നില്‍ ഡി.കെ ശിവകുമാറാണ്. കനക്പുരയില്‍ ശിവകുമാര്‍ ജനതാദള്‍ സ്ഥാനാര്‍ത്ഥി ബി നാഗരാജുവിനെ തോല്‍പ്പിച്ചത് 122-392 വോട്ടുകള്‍ക്കാണ്. ഇവിടെ ബിജെപി സ്ഥാനാര്‍ത്ഥി മന്ത്രി ആര്‍ അശോക മൂന്നാം സ്ഥാനത്തായി.
കര്‍ണാടകയില്‍ കോണ്‍ഗ്രസ് വിജയത്തില്‍ പ്രധാന ഘടകമായത് ന്യൂനപക്ഷ വിഭാഗങ്ങളെ ഒപ്പം ചേര്‍ക്കാനായത് തന്നെയാണ്. കേരളത്തില്‍ കോണ്‍ഗ്രസിനെതിരെ ബിജെപി ഉപയോഗിക്കുന്നതും ഇതേ തന്ത്രം തന്നെയാണ്. ന്യൂനപക്ഷ വിഭാഗത്തെ കോണ്‍ഗ്രസില്‍ നിന്ന് അടര്‍ത്തി മാറ്റാന്‍ ബിജെപി ആരംഭിച്ച ശ്രമങ്ങള്‍ക്കെതിരെ ഫലപ്രദമായ ഇടപെടല്‍ നടത്താന്‍ കര്‍ണാടക വിജയം പാര്‍ട്ടിയെ സഹായിക്കുമെന്ന് തന്നെയാണ് പ്രതീക്ഷ.
2019 ലെ വിജയം ആവര്‍ത്തിക്കാനായില്ലെങ്കിലും കര്‍ണാടക വിജയം ലോക്സഭാ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസിനെ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് പാര്‍ട്ടി. കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ വിജയങ്ങള്‍ക്ക് തന്ത്രങ്ങള്‍ നെയ്ത സുനില്‍ കനഗോലുവിനെ ലോക്സഭാ തിരഞ്ഞെടുപ്പിനായി കേരളത്തിലെത്തിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ട്.
നേതാക്കള്‍ തമ്മിലുള്ള അനൈക്യം താഴേത്തട്ടില്‍ നേതാക്കളെയും പാര്‍ട്ടിയേയും സജ്ജമാക്കല്‍, സര്‍ക്കാരിനെതിരെയുള്ള പ്രചാരണ വിഷയങ്ങള്‍ എന്നിവ അവലോകനം ചെയ്ത് സുനിലിന്റെ നേതൃത്വത്തിലുള്ള ടീം പദ്ധതികള്‍ ആവിഷ്‌ക്കരിക്കും. അതേസമയം തോല്‍വിക്ക് പിന്നാലെ വന്‍ അഴിച്ചുപണിക്കൊരുങ്ങുകയാണ് കര്‍ണാടകയിലെ ബിജെപി. സംസ്ഥാന അധ്യക്ഷന്‍ ഉള്‍പ്പെടെയുള്ളവരെ മാറ്റാനാണ് സാധ്യത.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.