പ്രായം കഴിഞ്ഞവരെയും വിവാഹിതരെയും ഒഴിവാക്കുന്നതിനെ ചൊല്ലി തർക്കം: കെപിസിസി ഓഫീസിൽ കെ.എസ്.യു നേതാക്കൾ തമ്മിലടിച്ചു

പ്രായം കഴിഞ്ഞവരെയും വിവാഹിതരെയും ഒഴിവാക്കുന്നതിനെ ചൊല്ലി തർക്കം: കെപിസിസി ഓഫീസിൽ കെ.എസ്.യു നേതാക്കൾ തമ്മിലടിച്ചു

തിരുവനന്തപുരം: പ്രായം കഴിഞ്ഞവരെയും വിവാഹിതരെയും ഒഴിവാക്കുന്നതിനെ ചൊല്ലി ഉണ്ടായ തർക്കത്തെ തുടർന്ന് കെപിസിസി ഓഫീസിൽ കെ.എസ്.യു നേതാക്കൾ തമ്മിലടിച്ചു. ഞായറാഴ്ച കെപിസിസി ഓഫീസില്‍ ചേര്‍ന്ന യോഗത്തിലായിരുന്നു ചേരിതിരിഞ്ഞുള്ള തല്ല്.  

പ്രായപരിധി പിന്നിട്ടവരും വിവാഹം കഴിഞ്ഞവരുമായി 10 പേര്‍ കെ.എസ്.യു സംസ്ഥാന കമ്മിറ്റിയിലുണ്ട്. ഇവരെ എന്തുകൊണ്ട് ഒഴിവാക്കുന്നില്ലെന്ന് ആലപ്പുഴയില്‍ നിന്നുള്ള എ ഗ്രൂപ്പുകാരനായ നേതാവ് ചോദിച്ചു. അതില്‍ തീരുമാനമെടുക്കേണ്ടത് എന്‍.എസ്.യു നേതൃത്വമാണെന്നായിരുന്നു കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിന്റെ മറുപടി. 

പ്രായപരിധി പിന്നിട്ട നേതാക്കളുടെ പേരെടുത്തു പറഞ്ഞു ചര്‍ച്ച തുടര്‍ന്നതോടെ തൃശൂരില്‍ നിന്നുള്ള നേതാവ് പ്രകോപിതനായി. തുടര്‍ന്നുണ്ടായ വാക്കേറ്റവും ഉന്തും തള്ളും ചേരി തിരിഞ്ഞുള്ള ഏറ്റുമുട്ടലില്‍ കലാശിച്ചു. കെപിസിസി ഓഫീസിന്റെ മുറ്റത്തേക്കുവരെ അടി നീണ്ടു.

കെ.സി. വേണുഗോപാല്‍ പക്ഷക്കാരനാണ് തൃശൂരില്‍നിന്നുള്ള നേതാവെന്ന് അറിയുന്നു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനുമായി അടുപ്പമുള്ള സേവ്യര്‍ അലോഷ്യസിനെ ഉന്നമിട്ട് എ, ഐ ഗ്രൂപ്പുകള്‍ ഒന്നിച്ചു പ്രശ്‌നമുണ്ടാക്കിയെന്നാണ് ഒരു വിഭാഗത്തിന്റെ ആരോപണം. എന്നാല്‍ സംഘര്‍ഷമുണ്ടായെന്നത് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ നിഷേധിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.