തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയായ കെ ഫോണ്‍ (കേരള ഫൈബര്‍ ഒപ്റ്റിക് നെറ്റ്വര്‍ക്) ഇന്ന് മുതല്‍ പ്രവൃത്തിച്ച് തടങ്ങും. ഇന്ന് വൈകിട്ട് നാലോടെ നിയമസഭയിലെ ശങ്കരനാരായണന്‍ തമ്പി ഹാളിലെ ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കെ ഫോണ്‍ പദ്ധതി നാടിന് സമര്‍പ്പിക്കും.
അതേസമയം കെ ഫോണിന്റെ ഉദ്ഘാടന ചടങ്ങും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന അനുബന്ധ ചടങ്ങുകളും ബഹിഷ്‌കരിക്കാനാണ് യുഡിഎഫ് തീരുമാനം.
എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് സൗകര്യം ഉറപ്പാക്കുക, കേരളത്തിന്റെ ഡിജിറ്റല്‍ അടിസ്ഥാന സൗകര്യങ്ങള്‍ ശക്തവും കാര്യക്ഷമവുമാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് കെ-ഫോണ്‍ പദ്ധതി ആവിഷ്‌കരിച്ചത്. പദ്ധതി നിലവില്‍ വരുന്നതോടെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന സംസ്ഥാനത്തെ 20 ലക്ഷത്തോളം കുടുംബങ്ങള്‍ക്ക് സൗജന്യമായും മറ്റുള്ളവര്‍ക്ക് മിതമായ നിരക്കിലും ഇന്റര്‍നെറ്റ് സേവനം ലഭ്യമാകും. ഇതിന്റെ ആദ്യഘട്ടമായി കേരളത്തിലെ 140 മണ്ഡലങ്ങളിലെ 14,000 കുടുംബങ്ങള്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ് ലഭ്യമാക്കും.
വിഷുക്കൈനീട്ടമായി 7,080 കുടുംബങ്ങള്‍ക്ക് കണക്ഷന്‍ നല്‍കിക്കഴിഞ്ഞു. സ്‌കൂളുകള്‍, ആശുപത്രികള്‍, ഓഫിസുകള്‍ തുടങ്ങി 30,000ത്തിലധികം സര്‍ക്കാര്‍ സ്ഥാപനങ്ങളിലും കെ ഫോണ്‍ വഴി ഇന്റര്‍നെറ്റ് എത്തും. ഇതുവരെ 26,542 ഓഫീസുകളില്‍ കണക്ഷന്‍ നല്‍കുകയും 17,155 ഓഫീസുകളില്‍ കെ ഫോണ്‍ കണക്ഷന്‍ സജീവമായി ഉപയോഗിക്കുകയും ചെയ്യുന്നുണ്ട്.
1500 കോടി രൂപ ചെലവില്‍ കിഫ്ബി സഹായത്തോടെയാണ് കേരള സ്റ്റേറ്റ് ഐടി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് (കെഎസ്‌ഐടിഐഎല്‍), കെഎസ്ഇബി എന്നിവര്‍ ചേര്‍ന്നു കെ ഫോണ്‍ പദ്ധതി യാഥാര്‍ഥ്യമാക്കിയത്. ഉദ്ഘാടനത്തിന് ശേഷം കെ ഫോണ്‍ ആപ് പ്ലേസ്റ്റോറിലും ആപ് സ്റ്റോറിലും ലഭ്യമാകും. മൂന്നു മാസത്തിനകം വാണിജ്യ കണക്ഷനുകളിലേക്കു കടക്കുമെന്നു കെ ഫോണ്‍ എം.ഡി ഡോ. സന്തോഷ് ബാബു പറഞ്ഞു. ബിഎസ്എന്‍എല്ലിന്റെ സ്‌പെക്ട്രം ഉപയോഗപ്പെടുത്തി 5 ജി സേവനം ലഭ്യമാക്കുന്നതിനും നീക്കം നടക്കുന്നുണ്ട്. തുടക്കത്തില്‍ ടെക്‌നോപാര്‍ക്ക്, സ്റ്റാര്‍ട് അപ് മിഷന്‍ എന്നിവിടങ്ങളില്‍ പ്രോജക്ട് നടപ്പിലാക്കാനാണ് തീരുമാനം. പിന്നാലെ ഇത് വീടുകളിലേക്ക് നല്‍കാനും പദ്ധതിയുണ്ട്.
പുതിയ കണക്ഷന്‍ എങ്ങനെ എടുക്കാം?
*പുതുതായി കണക്ഷന്‍ എടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഫോണില്‍ കെ ഫോണ്‍ ആപ് ഇന്‍സ്റ്റാള്‍ ചെയ്യണം.
*ആപ്പ് തുറന്ന് ന്യൂ കസ്റ്റമര്‍ എന്ന ഓപ്ഷന്‍ തിരഞ്ഞെടുത്ത് പ്രാഥമിക വിവരങ്ങള്‍ നല്‍കി രജിസ്റ്റര്‍ ചെയ്യാം.
*ബിസിനസ് സപ്പോര്‍ട്ട് സെന്ററില്‍ നിന്നു നിങ്ങളെ ബന്ധപ്പെടും.
*കണക്ഷന്‍ നല്‍കാന്‍ പ്രാദേശിക നെറ്റ്വര്‍ക് പ്രൊവൈഡര്‍മാരെ ഏല്‍പിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.