അറബിക്കടലിലെ ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറുന്നു: തീരപ്രദേശങ്ങളില്‍ കനത്ത ജാഗ്രതാ നിര്‍ദേശം

 അറബിക്കടലിലെ ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറുന്നു: തീരപ്രദേശങ്ങളില്‍ കനത്ത ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: തെക്കുകിഴക്കന്‍ അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ബുധനാഴ്ചയോടെ വടക്കുപടിഞ്ഞാറന്‍ ദിശയിലേക്ക് നീങ്ങി ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

ഈ സാഹചര്യത്തില്‍ ജൂണ്‍ ആറ് മുതല്‍ പത്ത് വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്.

അടുത്ത ആറ് മണിക്കൂറിനുള്ളില്‍ വടക്ക് ദിശയില്‍ സഞ്ചരിച്ച് മധ്യ കിഴക്കന്‍ അറബിക്കടലില്‍ ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുണ്ട്. തിരുവനന്തപുരം ജില്ലയിലെ തീരപ്രദേശങ്ങളിലെ മത്സ്യബന്ധനത്തിനും കടലോര ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും വിലക്കേര്‍പ്പെടുത്തി.

നിലവില്‍ മത്സ്യബന്ധനത്തിനേര്‍പ്പെട്ടിരിക്കുന്നവരെ ഏറ്റവും അടുത്ത സുരക്ഷിത തീരത്തെത്തിക്കുന്നതിന് നടപടി സ്വീകരിക്കാന്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് ജില്ലാ ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശം നല്‍കി.

കടലാക്രമണം രൂക്ഷമാകുന്ന പ്രദേശങ്ങളില്‍ ക്യാമ്പുകള്‍ സജ്ജമാക്കാനും മത്സ്യബന്ധനോപാധികള്‍ സുരക്ഷിതമാക്കാന്‍ ആവശ്യമായ സജ്ജീകരങ്ങള്‍ ഏര്‍പ്പെടുത്താനും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറെ ചുമതലപ്പെടുത്തി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഉത്തരവിറക്കി.

ചുഴലിക്കാറ്റ് ഭീഷണി ഒഴിയുന്നതുവരെ തീരദേശമേഖലകളില്‍ ഫിഷറീസ് വകുപ്പിന്റെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പ്രത്യേക കണ്‍ട്രോള്‍ റൂമുകള്‍ തയാറാക്കാനും നിര്‍ദേശമുണ്ട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.