വൈറ്റ് ഹൗസ് വിട്ടിട്ടും ദേശീയ സുരക്ഷാ രേഖകള്‍ സൂക്ഷിച്ചു; ട്രംപിനെതിരെ കുറ്റപത്രം; മുന്‍ പ്രസിഡന്റിനോട് ഹാജരാകാന്‍ നിര്‍ദേശിച്ച് കോടതി

വൈറ്റ് ഹൗസ് വിട്ടിട്ടും ദേശീയ സുരക്ഷാ രേഖകള്‍ സൂക്ഷിച്ചു; ട്രംപിനെതിരെ കുറ്റപത്രം; മുന്‍ പ്രസിഡന്റിനോട് ഹാജരാകാന്‍ നിര്‍ദേശിച്ച് കോടതി

ന്യൂയോര്‍ക്ക്: രഹസ്യ രേഖകള്‍ സൂക്ഷിച്ച കേസുമായി ബന്ധപ്പെട്ട് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ കുറ്റപത്രം സമര്‍പ്പിച്ച് എഫ്.ബി.ഐ. വൈറ്റ് ഹൗസ് വിട്ടശേഷവും ദേശീയ സുരക്ഷാ രേഖകള്‍ സൂക്ഷിച്ചതിനാണ് നടപടി. വ്യാഴാഴ്ചയായിരുന്നു കേസില്‍ അന്വേഷണ ഏജന്‍സിയുടെ നിര്‍ണായക നീക്കം. ഇതിന് പിന്നാലെ കേസുമായി ബന്ധപ്പെട്ട് ഹാജരാകാന്‍ ട്രംപിന് മിയാമിയിലെ ഫെഡറല്‍ കോടതി നിര്‍ദേശം നല്‍കി.

അതീവ രഹസ്യമെന്ന് അടയാളപ്പെടുത്തിയ രേഖകള്‍ ട്രംപിന്റെ ഫ്‌ളോറിഡയിലെ വസതിയില്‍ നിന്ന് കണ്ടെത്തിയിരുന്നു. ദേശീയ സുരക്ഷയെ വരെ ബാധിക്കുന്ന രേഖകള്‍ എന്നാണ് എഫ്.ബി.ഐയുടെ റിപ്പോര്‍ട്ട്.

ട്രംപിനെതിരെ ഏഴ് കുറ്റങ്ങള്‍ ഉള്‍പ്പെടുത്തിയാണ് അന്വേഷണ ഏജന്‍സി കുറ്റപത്രം സമര്‍പ്പിച്ചിട്ടുള്ളത്. ചാരവൃത്തി നിയമത്തിന്റെ ലംഘനം ഉള്‍പ്പെടെ ട്രംപിനെതിരെ കുറ്റപത്രത്തില്‍ പ്രതിപാദിച്ചിട്ടുണ്ട്. ഔദ്യോഗിക രഹസ്യ രേഖകള്‍ ട്രംപ് ബോധപൂര്‍വ്വം സൂക്ഷിക്കുകയായിരുന്നുവെന്നാണ് കുറ്റപത്രത്തില്‍ അന്വേഷണ ഏജന്‍സി വ്യക്തമാക്കുന്നത്. ഇതിനു പുറമേ തെറ്റായ പരാമര്‍ശങ്ങള്‍ നടത്തി തെറ്റിദ്ധാരണ പടര്‍ത്താന്‍ ശ്രമിച്ചുവെന്നും, ഗൂഢാലോചന നടത്തിയെന്നും അദ്ദേഹത്തിനെതിരെ കുറ്റപത്രത്തില്‍ ആരോപണമുണ്ട്.

മിയാമി കോടതി ഹാജരാകാന്‍ ആവശ്യപ്പെട്ട് സമന്‍സ് നല്‍കിയത് ട്രംപും സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ സംഭവത്തില്‍ നീതിവകുപ്പ് ഇതുവരെ പ്രതികരണത്തിന് തയ്യാറായിട്ടില്ല.

2021 ല്‍ സ്ഥാനമൊഴിയുമ്പോള്‍ സ്വന്തം വസ്തുക്കള്‍ക്കൊപ്പം രഹസ്യ രേഖകളും കൊണ്ടുപോയി എന്നാണ് ട്രംപിനെതിരായ ആരോപണം. ഇതിന് പിന്നാലെ അദ്ദേഹത്തിന്റെ വസതിയില്‍ നടത്തിയ പരിശോധനയില്‍ നിന്നും ഈ രേഖകള്‍ പിടിച്ചെടുത്തു എന്നാണ് എഫ.ബി.ഐ വ്യക്തമാക്കുന്നത്. എന്നാല്‍ പിടിച്ചെടുത്തത് രഹസ്യ രേഖകള്‍ അല്ലെന്നും സംഭവത്തിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യം ഉണ്ടെന്നുമായിരുന്നു ട്രംപിന്റെ പ്രതികരണം.

ബൈഡന്‍ ഭരണകൂടം തനിക്കെതിരെ രണ്ടാം തവണയാണ് ക്രിമിനല്‍ കുറ്റം ചുമത്തുന്നതെന്ന് ട്രംപ് സമൂഹമാധ്യമങ്ങളിലൂടെ പറഞ്ഞു. ഒരു മുന്‍ അമേരിക്കന്‍ പ്രസിഡന്റിന് ഇത്തരമൊരു കാര്യം അഭിമുഖീകരിക്കേണ്ടി വരുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അമേരിക്കയില്‍ പ്രസിഡന്റ് പദവിയിലിരുന്ന ഒരാള്‍ക്കെതിരെ ആദ്യമായാണ് രഹസ്യ രേഖകള്‍ കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച വരുത്തിയതിന്റെ പേരില്‍ നിയമ നടപടിയുണ്ടാകുന്നത്. തെരഞ്ഞെടുപ്പ് ഫണ്ടില്‍ നിന്ന് പോണ്‍ താരത്തിന് പണം നല്‍കിയെന്ന കേസിലും ട്രംപിനെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്. പോണ്‍ സ്റ്റാറുമായുള്ള ബന്ധം പുറത്തുപറയാതിരിക്കാന്‍ 2016 ലെ തെരഞ്ഞെടുപ്പ് കാലത്ത് പണം നല്‍കിയെന്നാണ് കേസ്. എന്നാല്‍ ട്രംപ് കുറ്റം നിഷേധിച്ചു. തനിക്കെതിരായ രാഷ്ട്രീയ പകപോക്കലാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.