ആകാശത്തോളം ഉയര്‍ന്ന് പുക, കവിഞ്ഞൊഴുകി ലാവ; അമേരിക്കയിലെ ഹവായിയില്‍ കിലോയ അഗ്‌നിപര്‍വതം പൊട്ടിത്തെറിച്ചു

ആകാശത്തോളം ഉയര്‍ന്ന് പുക, കവിഞ്ഞൊഴുകി ലാവ; അമേരിക്കയിലെ ഹവായിയില്‍ കിലോയ അഗ്‌നിപര്‍വതം പൊട്ടിത്തെറിച്ചു

ന്യൂയോര്‍ക്ക്: ലോകത്തിലെ ഏറ്റവും സജീവമായ അഗ്‌നിപര്‍വതങ്ങളിലൊന്നായ കിലോയ മൂന്നു മാസത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും പൊട്ടിത്തെറിച്ചു. അമേരിക്കന്‍ സംസ്ഥാനവും ദ്വീപ് മേഖലയുമായ ഹവായിയിലാണ് ഈ അഗ്‌നിപര്‍വതം സ്ഥിതി ചെയ്യുന്നത്. സ്‌ഫോടനത്തെത്തുടര്‍ന്ന് ലാവാപ്രവാഹം തുടങ്ങി. കിലോയയുടെ കൊടുമുടികളിലൊന്നായ കാല്‍ഡിറയിലെ ഹാലെമൗമൗ അഗ്‌നിമുഖത്താണ് സ്‌ഫോടനം നടന്നത്. അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിച്ചതിന് പിന്നാലെ 3.4 തീവ്രതയില്‍ ഭൂചലനവും റിപ്പോര്‍ട്ട് ചെയ്തു.

ലാവാപ്രവാഹം കാണാന്‍ ദ്വീപിലെ ദേശീയ ഉദ്യാനത്തിലേക്ക് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് ഹവായ് ടൂറിസം ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കി. ഹവായിയിലെ രണ്ടാമത്തെ വലിയ അഗ്‌നിപര്‍വതമായ കിലോയ മൂന്ന് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് പൊട്ടിത്തെറിക്കുന്നത്. എന്നാല്‍ ആളുകള്‍ക്കും കെട്ടിടങ്ങള്‍ക്കും ഭീഷണിയൊന്നുമില്ലെന്ന് അധികൃതര്‍ അറിയിച്ചു. ഹവായിയിലെ ദ്വീപുകള്‍ അഗ്‌നിപര്‍വത സ്‌ഫോടനങ്ങളും തുടര്‍ന്നുള്ള ലാവാപ്രവാഹങ്ങളും മൂലം നിര്‍മിതമാണ്. പ്രധാനമായും 5 അഗ്‌നിപര്‍വതങ്ങളാണ് ഹവായിയിലുള്ളത്. ഇവയിലൊന്നാണ് കിലോയ.

1983 മുതല്‍ ഇടയ്ക്കിടെ തീതുപ്പുന്ന അഗ്‌നിപര്‍വതമാണ് കിലോയ. അഞ്ച് അഗ്‌നിപര്‍വതങ്ങള്‍ ചേര്‍ന്നാണ് ലോകപ്രശസ്ത വിനോദസഞ്ചാരകേന്ദ്രവും പസിഫിക് സമുദ്രത്തിലെ ദ്വീപുമായ ഹവായ്ക്കു രൂപം നല്‍കിയത്. 2018 മേയ് ആദ്യവാരമാണ് സമീപകാലത്ത് കിലോയയുടെ ഏറ്റവും വലിയ പൊട്ടിത്തെറി സംഭവിച്ചത്. തുടര്‍ന്നുണ്ടായ ലാവാ പ്രവാഹത്തില്‍ ഹവായിയിലെ ജനവാസ മേഖലയായ ലെയ്‌ലാനി എസ്റ്റേറ്റ്‌സിന് കനത്ത നാശം സംഭവിച്ചു. 700 വീടുകള്‍, മറ്റു ടൂറിസം കേന്ദ്രങ്ങള്‍, റോഡുകള്‍ എന്നിവയൊക്കെ തകര്‍ന്നിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.