104 കാറ്റഗറികളിലേയ്ക്ക് പി.എസ്.സി വിളിക്കുന്നു; പരീക്ഷ ഓഗസ്റ്റില്‍

104 കാറ്റഗറികളിലേയ്ക്ക് പി.എസ്.സി വിളിക്കുന്നു; പരീക്ഷ ഓഗസ്റ്റില്‍

തിരുവനന്തപുരം: യൂണിവേഴ്സിറ്റി അസിസ്റ്റന്റ്, പൊലീസ് സബ് ഇന്‍സ്പെക്ടര്‍ അടക്കം 104 കാറ്റഗറികളില്‍ ഓഗസ്റ്റില്‍ പി.എസ്.സി പരീക്ഷ നടത്തും. ഈ വര്‍ഷത്തെ പത്താംതലം പ്രാഥമിക പരീക്ഷ ഓഗസ്റ്റ് അഞ്ചിനും രണ്ടാം ഘട്ടം ഓഗസ്റ്റ് 19 നും ആരംഭിക്കും. ഈ രണ്ട് ഘട്ടത്തിലുമായി 16 ലക്ഷം അപേക്ഷകരെയാണ് പരീക്ഷയ്ക്കായി പരിഗണിക്കുന്നത്.

സപ്ലൈകോയിലും ഖാദി ബോര്‍ഡിലും എല്‍.ഡി ടൈപ്പിസ്റ്റ്, സെക്രട്ടേറിയേറ്റ്/പി.എസ്.സി/ സര്‍വകലാശാല / ഓഡിറ്റ് ഓഫീസുകള്‍ എന്നിവിടങ്ങളില്‍ കമ്പ്യൂട്ടര്‍ അസിസ്റ്റന്റ്, ഫോറസ്റ്റ് ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ ഫീല്‍ഡ് ഓഫീസര്‍, എന്‍.സി.സിയില്‍ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് എന്നീ തസ്തികയ്ക്കുള്ള പരീക്ഷയും ഓഗസ്റ്റില്‍ ഉണ്ടാകും.

എല്‍.ഡി ടൈപ്പിസ്റ്റ്, കമ്പ്യൂട്ടര്‍ അസിസ്റ്റന്റ്, ക്ലര്‍ക്ക് ടൈപ്പിസ്റ്റ് എന്നിവയ്ക്ക് മുഖ്യ പരീക്ഷയ്ക്ക് പകരം പൊതുപരീക്ഷ നടത്തി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ്, പി.എസ്.ടു മാനേജിംഗ് ഡയറക്ടര്‍ (സഹകരണ റബ്ബര്‍ മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍), സ്റ്റെനോഗ്രാഫര്‍ തസ്തികകളും ഈ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കേരള ആംഡ് പൊലീസിലെയും സിവില്‍ പൊലീസിലെയും സബ് ഇന്‍സ്‌പെക്ടര്‍ തസ്തികയിലേക്കുള്ള മുഖ്യപരീക്ഷ ഓഗസ്റ്റ് 23 നാണ്. അഞ്ച് കാറ്റഗറികള്‍ക്കാണ് മുഖ്യപരീക്ഷ. ഇതിന്റെ പ്രാഥമിക പരീക്ഷ പൂര്‍ത്തിയായി. അതില്‍ നിശ്ചിത മാര്‍ക്ക് വാങ്ങി അര്‍ഹത നേടുന്നവര്‍ക്ക് മുഖ്യപരീക്ഷയെഴുതാം. അര്‍ഹതാ പട്ടിക ഈ മാസം അവസാനമോ ജൂലൈ ആദ്യമോ പ്രസിദ്ധീകരിക്കും.

സര്‍വകലാശാലകളിലെ അസിസ്റ്റന്റ് മുഖ്യപരീക്ഷ ഓഗസ്റ്റ് 25നാണ്. ഫോറസ്റ്റ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷനില്‍ ഫീല്‍ഡ് ഓഫീസര്‍ക്ക് ഓഗസ്റ്റ് 26 നാണ് പരീക്ഷ. ഈ മാസം അവസാനം പ്രസിദ്ധീകരിക്കുന്ന അര്‍ഹതാ പട്ടികയിലുള്ളവര്‍ക്ക് പരീക്ഷ എഴുതാം.

കെ.എസ്.ഇ.ബി പി.ആര്‍.ഒ വിവരണാത്മക പരീക്ഷ ഓഗസ്റ്റ് രണ്ടിനാണ്. ആകെ 315 അപേക്ഷകരാണുള്ളത്. രണ്ട് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരീക്ഷ ഇംഗ്ലീഷിലോ മലയാളത്തിലോ എഴുതാം. ആരോഗ്യ വകുപ്പില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ക്ക് ഓഗസ്റ്റ് എട്ടിന് പരീക്ഷ നടത്തും. സെക്രട്ടേറിയറ്റ്, പി.എസ്.സി എന്നിവിടങ്ങളില്‍ സെക്യൂരിറ്റി ഗാര്‍ഡ്, ഹോമിയോപ്പതി മെഡിക്കല്‍ കോളജില്‍ ഹൗസ് കീപ്പര്‍ എന്നിവയുടെ പൊതുപരീക്ഷ ഓഗസ്റ്റ് ഒന്‍പതിന് നടത്തും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.