വ്യാജരേഖ കേസ്; കെ വിദ്യയ്ക്ക് ഉപാധികളോടെ ജാമ്യം

വ്യാജരേഖ കേസ്; കെ വിദ്യയ്ക്ക് ഉപാധികളോടെ ജാമ്യം

പാലക്കാട്: വ്യാജ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് കേസില്‍ എസ്എഫ്‌ഐ നേതാവ് കെ. വിദ്യയ്ക്ക് ജാമ്യം. മണ്ണാര്‍ക്കാട് കോടതിയാണ് ജാമ്യം അനുവദിച്ചത്. 50,000 രൂപയുടെ രണ്ട് ആള്‍ജാമ്യത്തിലും ഒരു കാരണവശാലും കേരളം വിട്ടുപോകരുത് തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം നല്‍കിയത്. പാസ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള രേഖകള്‍ കോടതിയില്‍ ഹാജരാക്കണം.

വ്യാജരേഖ ഉണ്ടാക്കേണ്ട യാതൊരാവശ്യവും തനിക്കില്ലെന്നും പിജിയ്ക്ക് റാങ്ക് നേടിയാണ് വിജയിച്ചതെന്നുമാണ് കെ. വിദ്യ കോടതിയില്‍ അറിയിച്ചത്. താനൊരു സ്ത്രീയാണെന്നതും ആരോഗ്യവും വയസും പരിഗണിച്ച് ജാമ്യം നല്‍കണമെന്നും വിദ്യ കോടതിയോട് അപേക്ഷിച്ചു.

പൊലീസ് കസ്റ്റഡിയില്‍ ബുദ്ധിമുട്ട് ഇല്ലായിരുന്നു. അറസ്റ്റ് എല്ലാ മാനദണ്ഡങ്ങളും ലംഘിച്ചാണ്. ആരോഗ്യ സ്ഥിതി മോശമാണ്. കേസില്‍ ഹാജരാകാന്‍ പൊലീസ് നോട്ടീസ് നല്‍കിയില്ല. എന്തിനാണ് അറസ്റ്റ് ചെയ്യുന്നതെന്ന് കൃത്യമായി പൊലീസ് പറഞ്ഞില്ലെന്നും വിദ്യ ആരോപിച്ചു. തങ്ങള്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചാല്‍ ജാമ്യം റദ്ദാക്കാം. അന്വേഷണത്തോട് പൂര്‍ണമായി സഹകരിക്കും. റിക്കവറിയ്ക്കുവേണ്ടി വീണ്ടും കസ്റ്റഡിയില്‍ വിടരുത്. പാസ്പോര്‍ട്ട് ഹാജരാക്കാം. ഒളിവില്‍ പോവില്ല. തന്നെ വീണ്ടും മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഇട്ടുകൊടുക്കരുതെന്നും വിദ്യ വാദത്തിനിടെ ആവശ്യപ്പെട്ടു.

എന്നാല്‍ വ്യാജരേഖയുണ്ടാക്കിയെന്ന് വിദ്യ സമ്മതിച്ചുവെന്ന് പ്രോസിക്യൂട്ടര്‍ വാദിച്ചു. കേസ് വന്നപ്പോള്‍ വ്യാജരേഖ നശിപ്പിച്ചുവെന്നും മൊഴിയുണ്ട്. ഇതിന്റെ അസല്‍ കണ്ടെത്താനായില്ല. ഈ മൊഴിയുടെ വസ്തുത കണ്ടെത്തണം. നോട്ടീസ് നല്‍കാന്‍ വിദ്യ വീട്ടിലുണ്ടായിരുന്നില്ലെന്നും ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ട് പ്രോസിക്യൂഷന്‍ കോടതിയോട് ആവശ്യപ്പെട്ടു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.