മോസ്‌ക്കോ: റഷ്യയില്‍ വിമത നീക്കത്തില്‍ നിന്ന് കൂലിപ്പട്ടാളമായ വാഗ്‌നര്‍ ഗ്രൂപ്പ് പിന്‍മാറിയതായി റിപ്പോര്‍ട്ടുകള്‍. മോസ്‌ക്കോ ലക്ഷ്യമിട്ടുള്ള നീക്കത്തില്‍ നിന്ന് പിന്‍മാറുകയാണെന്ന് വാഗ്‌നര്‍ ഗ്രൂപ്പിന്റെ തലവന്‍ യെവ്ഗിനി പ്രിഗോഷിന്‍ ടെലഗ്രാം സന്ദേശത്തിലൂടെ അറിയിച്ചു.
പിടിച്ചെടുത്ത റസ്‌തോവ് നഗരത്തില്‍ നിന്നു വാഗ്‌നര്‍ ഗ്രൂപ്പ് പിന്‍മാറി. രക്തച്ചൊരിച്ചില്‍ ഒഴിവാക്കാനാണ് പിന്‍മാറ്റമെന്ന് പ്രിഗോഷിന്‍ പ്രതികരിച്ചു. അതിനിടെ ബെലാറൂസ് പ്രസിഡന്റ് അലക്സാണ്ടര്‍ ലൂകാഷെങ്കോയുടെ മധ്യസ്ഥതയില്‍ റഷ്യന്‍ പ്രസിഡന്റ് പുടിനുമായുണ്ടാക്കിയ ഉടമ്പടിയുടെ ഭാഗമായി യെവ്ഗിനി പ്രിഗോഷിന്‍ അയല്‍ രാജ്യമായ ബെലാറൂസിലേക്ക് മാറുമെന്നാണ് റഷ്യന്‍ ഔദ്യോഗിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
സായുധകലാപ ശ്രമം നടത്തിയ പ്രിഗോഷിനെതിരെ എടുത്ത കേസുകള്‍ പിന്‍വലിക്കുകയും ചെയ്തിട്ടുണ്ട്. വാഗ്‌നര്‍ ഗ്രൂപ്പിനെതിരെ നടപടികള്‍ ഉണ്ടാകില്ലെന്നും റഷ്യ വ്യക്തമാക്കി. റഷ്യയിലെ വിമത നീക്കങ്ങള്‍ സംബന്ധിച്ച് പുടിന്‍ ബെലാറൂസ് പ്രസിഡന്റ് ലുകാഷെങ്കോയെ അറിയിച്ചിരുന്നു. പിന്നാലെയാണ് അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ പ്രശ്‌ന പരിഹാരത്തിനായുള്ള നീക്കങ്ങള്‍ സജീവമായത്.
വാഗ്‌നര്‍ ഗ്രൂപ്പിലെ അയ്യായിരത്തോളം ആളുകളാണ് മോസ്‌കോ ലക്ഷ്യമാക്കി നീങ്ങിയത്. വാഗ്‌നര്‍ ഗ്രൂപ്പിന്റെ ആയുധങ്ങള്‍ നിറച്ച വാഹനങ്ങള്‍ മോസ്‌കോ ലക്ഷ്യമാക്കി നീങ്ങുകയാണെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പിന്നാലെ പുടിന്‍ മോസ്‌ക്കോ വിട്ടതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നു.
പ്രസിഡന്റിന്റെ വിമാനങ്ങളില്‍ ഒന്ന് മോസ്‌ക്കോയില്‍ നിന്നു പറന്നുയര്‍ന്നതോടെയാണ് അഭ്യൂഹങ്ങള്‍ പ്രചരിച്ചത്. അതിനിടെ അപ്രതീക്ഷിത സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തില്‍ മോസ്‌ക്കോയില്‍ അവധി പ്രഖ്യാപിച്ചു. ജനങ്ങള്‍ വീട്ടില്‍ തന്നെ കഴിയണമെന്നും മോസ്‌ക്കോ മേയര്‍ നിര്‍ദേശം നല്‍കി. ഇന്റര്‍നെറ്റ് സേവനങ്ങളും നിര്‍ത്തി വച്ചിരുന്നു.
വാഗ്‌നര്‍ ഗ്രൂപ്പിന്റെ വിമത നീക്കത്തില്‍ നിന്നു മോസ്‌ക്കോ നഗരത്തെ രക്ഷിക്കാന്‍ ഊര്‍ജ്ജിത ശ്രമങ്ങളായിരുന്നു സൈന്യത്തിന്റെ ഭാഗത്തു നിന്നുണ്ടായത്. മോസ്‌ക്കോ നഗരത്തിലേക്കുള്ള പ്രധാന പ്രവേശന കവാടമായ പാലം സൈന്യം തകര്‍ത്തു. മറ്റു പ്രവേശന കവാടങ്ങള്‍ സൈന്യം അടയ്ക്കുകയും വാഗ്‌നര്‍ ഗ്രൂപ്പിനു നേരെ റഷ്യന്‍ ഹെലികോപ്റ്ററുകള്‍ ആക്രമണം നടത്തുകയും ചെയ്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.