അമേരിക്കയുമായുള്ള പ്രിഡേറ്റര്‍ ഡ്രോണ്‍ ഇടപാടില്‍ 25,000 കോടിയുടെ അഴിമതി; പ്രധാനമന്ത്രിക്കെതിരെ കടുത്ത ആരോപണവുമായി കോണ്‍ഗ്രസ്

 അമേരിക്കയുമായുള്ള പ്രിഡേറ്റര്‍ ഡ്രോണ്‍ ഇടപാടില്‍ 25,000 കോടിയുടെ അഴിമതി; പ്രധാനമന്ത്രിക്കെതിരെ കടുത്ത ആരോപണവുമായി കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തില്‍ അഴിമതി ആരോപണവുമായി കോണ്‍ഗ്രസ്. ഇരു രാജ്യങ്ങളും പരസ്പരം ഒപ്പുവെച്ച പ്രിഡേറ്റര്‍ ഡ്രോണുകള്‍ വാങ്ങാനുള്ള കരാറില്‍ 25,000 കോടിയുടെ അഴിമതിയാണ് നടക്കുന്നതെന്ന് കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര ആരോപിച്ചു.

ഡ്രോണുകള്‍ ഇന്ത്യയില്‍ നിര്‍മിക്കുമെന്ന് നേരത്തെ മോഡി പറഞ്ഞിരുന്നു. മെയ്ക്ക് ഇന്‍ ഇന്ത്യ മുദ്രാവാക്യത്തിന് എന്തു സംഭവിച്ചുവെന്നും അദേഹം ചോദിച്ചു. മറ്റു രാജ്യങ്ങളില്‍ നിന്ന് ലഭിക്കുന്നതിനെക്കാള്‍ നാലിരട്ടി വില നല്‍കി എന്തിനാണ് ഡ്രോണുകള്‍ അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നതെന്നും അദേഹം വാര്‍ത്താ സമ്മേളനത്തില്‍ ചോദിച്ചു.

പ്രിഡേറ്റര്‍ ഡ്രോണുകളുടെ വിതരണക്കാരായ ജനറല്‍ ആറ്റമിക്സിന്റെ സിഇഒയുമായി അടുത്ത ബന്ധമുള്ള ഉന്നത സ്വാധീനമുള്ള വ്യക്തിക്ക് കരാര്‍ ഒപ്പിടുന്നതില്‍ നിര്‍ണായക പങ്കുണ്ട്. മോഡിയുടെ അമേരിക്കയിലെ അത്താഴത്തിന് 25,000 കോടിയുടെ ചെലവുണ്ടെന്നും ഖേര പരിഹസിച്ചു.

എ.ഐ ഇന്റഗ്രേഷന്‍ ഇല്ലാത്ത ഡ്രോണിനാണ് ഇത്രയും വില. ഇന്ത്യ ഡ്രോണിന് 11 കോടി യു.എസ് ഡോളര്‍ നല്‍കുമ്പോള്‍ യു.എസ് വ്യോമസേന ഇതിലും മികച്ച എം.ക്യു 9 ഡ്രോണ്‍ 5.6 കോടി ഡോളറിനാണ് വാങ്ങിയത്. 2016 ല്‍ യു.കെ. വ്യോമസേന എം.ക്യു 9 ബി ഡ്രോണ്‍ വാങ്ങിയത് 1.25 കോടി ഡോളറിനാണ്.

സ്പെയിന്‍ 4.6 കോടി ഡോളര്‍, തയ് വാന്‍ 5.4 കോടി ഡോളര്‍, ഇറ്റലി, നെതര്‍ലന്‍ഡ്സ് 8.2 കോടി ഡോളര്‍, ജര്‍മനി 1.7 കോടി ഡോളര്‍ എന്നിങ്ങനെ ഡ്രോണിന് ചെലവാക്കി. ഡ്രോണ്‍ ഇടപാടിന് കേന്ദ്ര മന്ത്രിസഭയുടെ സുരക്ഷാകാര്യ സമിതി അനുമതി നല്‍കാത്തത് എന്തുകൊണ്ടാണെന്നും കോണ്‍ഗ്രസ് വക്താവ് ചോദിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.