അഞ്ചുവിളക്കിൻറെ നാട്ടിലെ നിഷ്കപടനായ രാഷ്ട്രീയ നേതാവ്; അതാണ് സിഎഫ്‌ സാർ

അഞ്ചുവിളക്കിൻറെ നാട്ടിലെ നിഷ്കപടനായ രാഷ്ട്രീയ നേതാവ്; അതാണ്  സിഎഫ്‌ സാർ

ചങ്ങനാശ്ശേരി എസ് ബി കോളേജിന്റെ മുൻവശത്തുള്ള റോഡിൽ കേരളാ കോൺഗ്രസ്സിലെ ഇരു വിദ്യാർത്ഥി പ്രസ്ഥാനങ്ങളും തമ്മിൽ ഒരേറ്റുമുട്ടലിനുള്ള അരങ്ങ് മുറുകുന്ന രംഗം. കാഴ്‌ചക്കാരായി എന്നെപ്പോലുള്ള ധാരാളം കുട്ടികൾ അവിടെയും ഇവിടെയുമായി നിൽപ്പുണ്ട്.  പെട്ടന്ന്  ഓട്ടോ  റിക്ഷയിൽ നിന്ന് ശുഭ്ര വസ്ത്രധാരിയായ ഒരാൾ  ഇറങ്ങി സംഘർഷ സാധ്യതയുള്ള കുട്ടികളുടെ അടുത്തേയ്ക്ക് നടക്കുന്നു. കക്ഷത്തിൽ ഒരു പഴഞ്ചൻ ഡയറിയുമായി നടന്ന് വരുന്ന വ്യക്തിയെ ചൂണ്ടിക്കാട്ടി കൂട്ടുകാരൻ പറഞ്ഞു, അതാണ് സി.എഫ് സാർ. സി എഫ് എത്തി ഏതാനും മിനിറ്റുകൾക്കുള്ളിൽ കുട്ടികൾ പിരിഞ്ഞ് പോയി.


പിന്നീട്  നിരവധി തവണ ചങ്ങനാശ്ശേരിയുടെ പല ഭാഗങ്ങളിൽ വച്ചും അദ്ദേഹത്തെ കണ്ട് മുട്ടിയിരുന്നു. ബോട്ട് ജെട്ടിയിലോ, ചന്തയിലോ, അരമനപ്പടിക്കലോ, എൻ എസ് എസ് കോളേജ് പരിസരത്തോ വച്ച്  കാണുമ്പോഴൊക്കെ ചുണ്ടിൽ ചെറിയ ഒരു പുഞ്ചിരിയും കൈയ്യിൽ ഡയറിയും അദ്ദേഹത്തെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാക്കിയിരുന്നു. ക്രൈസ്തവരും, ഹൈന്ദവരും, മുസ്ലീം സമൂഹവും സഹോദരതുല്യം താമസിക്കുന്ന ചങ്ങനാശ്ശേരിയിലെ എല്ലാ വിഭാഗത്തിലുള്ള  ജനങ്ങൾക്കും  അദ്ദേഹം പ്രിയപ്പെട്ട നിയമസഭാ സാമാജികനായിരുന്നു.  അതുകൊണ്ടാകണമല്ലോ നീണ്ട 40 വർഷത്തോളം ഇരുമുന്നണിയുടെയും ഭാഗമായി നിന്നിട്ടും  വിജയിച്ച് നിയമസഭയിലെത്തിയത്.


എസ് ബി ഹൈസ്കൂളിലെ അദ്ധ്യാപകവൃത്തി ഉപേക്ഷിച്ചാണ് അദ്ദേഹം രാഷ്ട്രീയത്തിലിറങ്ങുന്നത്. തുടക്കം മുതൽ കേരളാ  കോൺഗ്രസ് പാർട്ടിയിൽ കെ എം മാണിക്കൊപ്പം  ഉറച്ച് നിന്നു.. ഒരിക്കൽ പോലും അധികാരസ്ഥാനങ്ങൾക്കോ മന്ത്രിസ്ഥാനത്തിനോ വേണ്ടി  ശബ്ദമുയർത്തിയതായി കേട്ടിട്ടില്ല. ഒറ്റ തവണ കേരളത്തിന്റെ ഗ്രാമവികസന മന്ത്രിയായ അദ്ദേഹം  ചങ്ങനാശ്ശേരിയുടെ ജനപ്രതിനിധി എന്ന സ്ഥാനമാണ് കൂടുതൽ ഇഷ്ടപ്പെട്ടത്.


ട്വിറ്റർ അക്കൗണ്ടും, ആഡംബര കാറും, സ്മാർട്ട് ഫോണും, അഴിമതിയും, ആർഭാടവും ഒന്നുമില്ലാതെ അദ്ദേഹം ചങ്ങനാശ്ശേരിക്കാരുടെ ഇടയിൽ ജീവിച്ചു. അതേ ശാന്തതയോടെ തന്റെ ഈ ലോകജീവിതദൗത്യം പൂർത്തിയാക്കി അദ്ദേഹം യാത്രയാവുന്നു.  സി എഫ് സാറിന് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലി .

കുറിപ്പ് :  ചന്തക്കടവിലെ അതിപുരാതനമായ അഞ്ച് വിളക്കിനെ അനുസ്മരിച്ച് ചങ്ങനാശ്ശേരി പട്ടണം "അഞ്ച് വിളക്കിന്റെ നാടെന്നും" അറിയപ്പെടുന്നു.

(ജോ കാവാലം )



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.