ടോക്കിയോ: പ്രതീക്ഷയുടെ ചിറകിലേറി ഇന്ത്യയുടെ ചാന്ദ്ര പര്യവേക്ഷണ ദൗത്യമായ ചന്ദ്രയാന്‍ 3 ആകാശത്തേക്കു കുതിച്ചുയര്‍ന്നപ്പോള്‍ ജപ്പാന്റെ ബഹിരാകാശ സ്വപ്‌നങ്ങള്‍ക്കു കനത്ത തിരിച്ചടി. ജപ്പാനില്‍ പരീക്ഷണത്തിനിടെ റോക്കറ്റ് എഞ്ചിന്‍ പൊട്ടിത്തെറിച്ചതായി റിപ്പോര്‍ട്ട്. ജപ്പാന്‍ ബഹിരാകാശ ഏജന്‍സിയായ എയ്‌റോസ്‌പേസ് എക്‌സ്‌പ്ലോറേഷന്‍ ഏജന്‍സി വിക്ഷേപിച്ച എച്ച്3 റോക്കറ്റാണ് വിക്ഷേപിച്ച് നിമിഷങ്ങള്‍ക്കകം പൊട്ടിത്തെറിച്ചത്. രണ്ടാംഘട്ട എഞ്ചിന്‍ പരീക്ഷണത്തിനിടെയായിരുന്നു അപകടം.
റോക്കറ്റ് തകര്‍ന്നുവീണ് ഒരു കെട്ടിടം മുഴുവന്‍ തീ പിടിക്കുകയും മേല്‍ക്കൂര തകര്‍ന്നു വീഴുകയും ചെയ്തു. സംഭവത്തില്‍ ആര്‍ക്കും പരിക്കുകളില്ലെന്ന് ജപ്പാന്‍ വിദ്യാഭ്യാസ, ശാസ്ത്ര, സാങ്കേതിക മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ജ്വലന പ്രക്രിയ കഴിഞ്ഞ് ഏകദേശം 50 സെക്കന്‍ഡുകള്‍ക്ക് ശേഷമാണ് റോക്കറ്റ് പൊട്ടിത്തെറിച്ചതെന്ന് ശാസ്ത്ര സാങ്കേതിക മന്ത്രാലയ ഉദ്യോഗസ്ഥന്‍ നയോയ ടകെഗാമി അറിയിച്ചു.
തെക്കന്‍ ജപ്പാനിലെ നോഷിറോ ടെസ്റ്റിംഗ് സെന്ററിൽ നിന്ന് റോക്കറ്റ് ആകാശത്തേക്ക് ഉയര്‍ന്നപ്പോള്‍ വിക്ഷേപണം കാണാനെത്തിയ നിരവധി ആളുകള്‍ കൈയടിച്ച് ആഹ്ലാദപ്രകടനം നടത്തി. പിന്നാലെ റോക്കറ്റ് പൊട്ടിത്തെറിച്ചു. ആദ്യഘട്ടം ആസൂത്രണം ചെയ്തതുപോലെ വിജയകരമായപ്പോള്‍ രണ്ടാം ഘട്ടത്തില്‍ എഞ്ചിന്‍ ദൗത്യം പരാജയപ്പെട്ടതായി ശാസ്ത്രജ്ഞര്‍ അറിയിച്ചു. തുടര്‍ന്ന് റോക്കറ്റ് സ്വയം നശിപ്പിക്കാനുള്ള കമാന്‍ഡ് അയയ്ക്കുകയായിരുന്നു. പരാജയത്തിന്റെ കാരണം സംബന്ധിച്ച് എയ്‌റോസ്‌പേസ് എക്‌സ്‌പ്ലോറേഷന്‍ ഏജന്‍സി അന്വേഷണം ആരംഭിച്ചു.
ഉപഗ്രഹ വിക്ഷേപണ വിപണിയില്‍ രാജ്യത്തിന്റെ മത്സരശേഷി വര്‍ദ്ധിപ്പിക്കാനാണ് ജപ്പാന്റെ ശ്രമം. എന്നാല്‍ തുടര്‍ച്ചയായി റോക്കറ്റ് വിപേക്ഷണങ്ങള്‍ പരാജയപ്പെടുന്നത് ജപ്പാന്റെ ബഹിരാകാശ സ്വപ്നങ്ങള്‍ക്ക് കൂടുതല്‍ തിരിച്ചടിയാവുകയാണ്. ആറു മാസത്തിനിടെ ഇതു രണ്ടാമത്തെ പരാജയമാണ് നേരിട്ടത്. ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുന്നതിനായി രൂപകല്‍പ്പന ചെയ്ത എപ്‌സിലോണ്‍ ശ്രേണിയിലെ ഖര ഇന്ധന റോക്കറ്റിന്റെ വിക്ഷേപണം കഴിഞ്ഞ വര്‍ഷം ഒക്ടോബറിലും പരാജയപ്പെട്ടിരുന്നു.
എഞ്ചിന്‍ വികസനത്തിലെ കാലതാമസം കാരണം എച്ച്3 വിക്ഷേപണം രണ്ട് വര്‍ഷത്തിലേറെയായി വൈകിയിരുന്നു. ഫെബ്രുവരിയില്‍ റോക്കറ്റ് വിക്ഷേപിക്കാന്‍ ശ്രമിക്കുന്നതിനിടെ, വൈദ്യുത തകരാറിനെതുടര്‍ന്ന് ലിഫ്റ്റ്ഓഫിന് തൊട്ടുമുമ്പ് വിക്ഷേപണം നിര്‍ത്തിവച്ചു.
സമീപകാലത്തായി ബഹിരാകാശ പദ്ധതികള്‍ നിരവധി തിരിച്ചടികള്‍ നേരിടുന്നത് ജപ്പാന്‍ ബഹിരാകാശ ഗവേഷണ മേഖലയെ നിരാശയിലാക്കിയിരുന്നു. അടുത്ത വര്‍ഷം എപ്‌സിലോണ്‍ എസ് എന്നൊരു റോക്കറ്റ് വിക്ഷേപിക്കാനുള്ള തയ്യാറെടുപ്പിലാണ് ജപ്പാന്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.