ആമസോൺ കാടുകളിൽ നിന്ന് അതിശയകരമായി രക്ഷപെട്ട കുട്ടികൾ പുതു ജീവിതത്തിലേക്ക്; 34 ദിവസത്തിനുശേഷം ആശുപത്രി വിട്ടു

ആമസോൺ കാടുകളിൽ നിന്ന് അതിശയകരമായി രക്ഷപെട്ട കുട്ടികൾ പുതു ജീവിതത്തിലേക്ക്; 34 ദിവസത്തിനുശേഷം ആശുപത്രി വിട്ടു

ഗ്വവിയാരോ: വിമാനം തകർന്ന് ആമസോൺ കാട്ടിൽ അകപ്പെട്ട നാല് കുട്ടികളെ 40 ദിവസത്തിന് ശേഷം രക്ഷപ്പെടുത്തിയ വാർത്ത അടുത്തിടെ ലോകം വലിയ പ്രത്യാശയോടെയാണ് ശ്രവിച്ചത്. അതി ജീവനത്തിന്റെ പര്യായമായി മാറിയ കുട്ടികൾ പുതു ജീവിതത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. കൊളംബിയയിൽ വിമാനപകടത്തെ തുടർന്ന് കാട്ടിലകപ്പെട്ടുപോയ നാല് കുട്ടികളും ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടു. 34 ദിവസത്തിന് ശേഷമാണ് കുട്ടികൾ ആശുപത്രിവിട്ടത്. എല്ലാവരും ആരോഗ്യം വീണ്ടെടുത്തെന്ന് രാജ്യത്തെ ശിശുക്ഷേമ വകുപ്പ് മേധാവി ആസ്ട്രിഡ് കാസെറസ് പറഞ്ഞു.

കുട്ടികളുടെ തൂക്കവും ആരോഗ്യവുമെല്ലാം കൃത്യമായ നിലയിലാണെന്നും ആസ്ട്രിഡ് കാസെറസ് വ്യക്തമാക്കി. കാട്ടിൽ നിന്ന് കണ്ടെത്തുന്ന സമയത്ത് മെലിഞ്ഞ് ക്ഷീണിതരായിരുന്നു ഇവർ. ഇപ്പോഴും ശിശുക്ഷേമ വകുപ്പിന്റെ സംരക്ഷണത്തിന് കീഴിലാണ് കുട്ടികൾ.

മെയ് ഒന്നിനുണ്ടായ വിമാനാപകടത്തിലാണ് പതിനൊന്ന് മാസം പ്രായമുള്ള പിഞ്ചുകുഞ്ഞും സഹോദരങ്ങളായ നാലും ഒമ്പതും പതിമൂന്നും വയസുള്ള സഹോദരങ്ങൾ കാട്ടിൽ അകപ്പെട്ടത്. പൈലറ്റും കുട്ടികളുടെ അമ്മയും അടക്കം പ്രായപൂർത്തിയായ മൂന്ന് പേരാണ് അപകടത്തിൽ കൊല്ലപ്പെട്ടത്.

ഇവരുടെ മൃതദേഹം വിമാനാവശിഷ്ടങ്ങൾക്ക് സമീപത്ത് നിന്ന് കണ്ടെത്തിയിരുന്നു. എന്നാൽ വിമാനത്തിലുണ്ടായിരുന്ന കുട്ടികളെ കണ്ടെത്താനായിരുന്നില്ല. അതേസമയം കുട്ടികൾ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടതായുള്ള തെളിവുകൾ പുറത്ത് വന്നതോടെയായിരുന്നു ഇവർക്കായുള്ള തെരച്ചിൽ ഊർജ്ജിതമാക്കിയത്. കമ്പുകളും ചില്ലകളും ഉപയോഗിച്ച് നിർമ്മിച്ച താൽക്കാലിക ഷെഡും കുട്ടികളുടെ ഹെയർ ക്ലിപ്പും ഫീഡിംഗ് ബോട്ടിലും പാതി ഭക്ഷിച്ച പഴങ്ങളും കണ്ടെത്തിയതിന് പിന്നാലെ സേനയുടെ നിരവധി സംഘങ്ങളാണ് അഗ്‌നി രക്ഷാ സേനയ്‌ക്കൊപ്പം ആമസോൺ കാട് അരിച്ച് പെറുക്കിയത്.

അതേസമയം രക്ഷാസേന കുട്ടികളെ കണ്ടെത്തുന്നതിന് മുന്പ് വിൽസൺ എന്ന നായ കുട്ടികളുടെ അടുത്തെത്തിയിരുന്നു. 40 ദിവസത്തിനു ശേഷമാണ് കുട്ടികളെ രക്ഷാസേന കണ്ടെത്തിയത്. ഏതാനും ദിവസങ്ങൾ കുട്ടികൾക്കൊപ്പമുണ്ടായിരുന്ന വിൽസണായിരുന്നു രക്ഷാസംഘത്തെ ഇവരുടെ അടുത്തേക്ക് എത്താൻ സഹായിച്ചത്. 14 മാസത്തെ കഠിന പരിശീലനത്തിനൊടുവിലാണ് വിൽസൺ സേനയുടെ ഭാഗമായത്. മെയ് 28 ന് കുട്ടികളുടെ കാൽ പാടുകൾ കണ്ടെത്തിയതിനൊപ്പം വിൽസന്റെ കാൽപാടുകളും സൈന്യം കണ്ടെത്തിയിരുന്നു.

കൂടുതൽ‌ വായനക്ക്

ആമസോണിലെ അത്ഭുത അതിജീവനം: വിമാനം തകര്‍ന്ന് വനത്തില്‍ കാണാതായ നാല് കുഞ്ഞുങ്ങളെ 40 ദിവസത്തിന് ശേഷം രക്ഷിച്ചു

മൂന്നു സഹോദരങ്ങളുടെ അമ്മയായി 13 കാരി; കൊടുംകാടിനുള്ളില്‍ ഒന്നാം ജന്മദിനം: തളരാത്ത ആത്മവിശ്വാസത്തിന്റെ അതിജീവനകഥ

ആമസോണ്‍ കാടുകളില്‍ അകപ്പെട്ട 'വില്‍സണ്' വേണ്ടിയുള്ള തെരച്ചില്‍ അവസാനിപ്പിച്ചു; സ്മാരകം പണിയുമെന്ന് കൊളംബിയന്‍ സൈന്യം

'ആമസോണ്‍ കുട്ടികളെ' ആര് സംരക്ഷിക്കും?.. ബന്ധുക്കള്‍ക്കിടയില്‍ തര്‍ക്കം




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.