ഹോളിവുഡ് സമരത്തില്‍ വന്‍കിട ചിത്രങ്ങളുടെ നിര്‍മാണം നിലച്ചു; യേശുവിനെക്കുറിച്ചുള്ള 'ദ ചോസണ്‍' പരമ്പരയുടെ ചിത്രീകരണത്തിനു മുടക്കമില്ല

ഹോളിവുഡ് സമരത്തില്‍ വന്‍കിട ചിത്രങ്ങളുടെ നിര്‍മാണം നിലച്ചു; യേശുവിനെക്കുറിച്ചുള്ള 'ദ ചോസണ്‍' പരമ്പരയുടെ ചിത്രീകരണത്തിനു മുടക്കമില്ല

ലോസ് ഏഞ്ചലസ്: ഹോളിവുഡില്‍ ഇന്നേ വരെയുണ്ടായിട്ടുള്ളതില്‍ ഏറ്റവും വലിയ പണിമുടക്കില്‍ സിനിമാ-ടിവി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഏതാണ്ട് പൂര്‍ണമായി സ്തംഭിച്ചപ്പോള്‍ യേശുക്രിസ്തുവിന്റെ ജീവിതം ആസ്പദമാക്കി നിര്‍മിക്കുന്ന 'ദ ചോസണ്‍' പരമ്പരയുടെ നാലാം സീസണിന്റെ ചിത്രീകരണം തടസമില്ലാതെ മുന്നേറുന്നു.

സ്‌ക്രീന്‍ ആക്ടേഴ്സ് ഗില്‍ഡ്-അമേരിക്കന്‍ ഫെഡറേഷന്‍ ഓഫ് ടെലിവിഷന്‍ ആന്‍ഡ് റേഡിയോ ആര്‍ട്ടിസ്റ്റ് തുടങ്ങിയ സംഘടനകള്‍ നടത്തുന്ന പണിമുടക്കില്‍ വമ്പന്‍ ചിത്രങ്ങളുടെ പോലും പ്രൊഡക്ഷന്‍ നിലച്ച സാഹചര്യത്തിലാണ് 'ദ ചോസണ്‍' എന്ന ജനപ്രിയ ടെലിവിഷന്‍ പരമ്പരയുടെ ചിത്രീകരണം തുടരാനുള്ള അനുമതി ലഭിച്ചത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം പണിമുടക്കില്‍ നിന്ന് ഇളവ് ലഭിച്ച ആദ്യത്തെ പരമ്പരയാണ് 'ദ ചോസണ്‍'.

പതിനൊന്ന് ആഴ്ചകളായി തുടരുന്ന എഴുത്തുകാരുടെ സമരത്തിന് അഭിനേതാക്കളുടെ സംഘടനയായ സ്‌ക്രീന്‍ ആക്ടേഴ്‌സ് ഗില്‍ഡ് കഴിഞ്ഞ ദിവസം പിന്തുണ പ്രഖ്യാപിച്ചിരുന്നു. ജൂലൈ 13-ന് മുതല്‍ സിനിമ ചിത്രീകരണങ്ങളില്‍ നിന്നും പ്രൊമോഷന്‍ പരിപാടികളില്‍ നിന്നുമെല്ലാം ഒന്നര ലക്ഷത്തോളം കലാകാരന്മാര്‍ വിട്ടുനില്‍ക്കുകയാണ്.

ക്രിസ്തുവിന്റെ വേഷം ചെയ്യുന്ന നടന്‍ ജോനാഥന്‍ റൂമി ഉള്‍പ്പെടെ സ്‌ക്രീന്‍ ആക്ടേഴ്‌സ് ഗില്‍ഡിലെ അംഗങ്ങള്‍ ദ ചോസണില്‍ അഭിനയിക്കുന്നുണ്ട്. അതിനാല്‍ സമരം ചിത്രീകരണത്തെ ബാധിച്ചതായി അണിയറ പ്രവര്‍ത്തകര്‍ ട്വിറ്ററില്‍ ആദ്യം പറഞ്ഞിരുന്നു.

ജനങ്ങളില്‍നിന്നുള്ള ധനസഹായത്തിലാണ് പരമ്പരയുടെ ചിത്രീകരണം പുരോഗമിക്കുന്നത് എന്നതിനാല്‍ ഇളവ് അനുവദിക്കണമെന്ന് അഭ്യര്‍ത്ഥിച്ചതായും പ്രവര്‍ത്തകര്‍ വ്യക്തമാക്കി. തുടര്‍ന്ന് ഇളവ് ലഭിക്കുകയും തിങ്കളാഴ്ച ചിത്രീകരണം തുടരുകയും ചെയ്തു. രണ്ടാഴ്ചയ്ക്കുള്ളില്‍ പരമ്പരയുടെ നാലാം സീസണ്‍ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സീസണ്‍ 4 പൂര്‍ണമായും വമ്പന്‍ പ്രൊഡക്ഷന്‍ കമ്പനികളില്‍നിന്നും സ്വതന്ത്രവും 100 ശതമാനവും സംഭാവനകള്‍ വഴിയുള്ളതുമാണെന്നും പരമ്പരയുടെ സംവിധായകന്‍ ഡാളസ് ജെന്‍കിന്‍സ് സമൂഹ മാധ്യമത്തില്‍ കുറിച്ചു.

മൊത്തം 7 സീസണുകള്‍ ഉള്ള പരമ്പരയുടെ നാലാമത്തെ സീസണു വേണ്ടിയുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. പൊതുജനങ്ങളില്‍ നിന്നും ധനസമാഹരണം നടത്തി (ക്രൗഡ് ഫണ്ടിംഗ്) നിര്‍മ്മിച്ച 'ദ ചോസണ്‍' എന്ന പരമ്പര അന്‍പതോളം വിവിധ ഭാഷകളിലേക്ക് തര്‍ജ്ജമ ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിന്റെ സബ്‌ടൈറ്റില്‍ മലയാളത്തിലും പുറത്തിറക്കിയിരുന്നു.

ജോനാഥന്‍ റൂമി ക്രിസ്തുവായി പ്രേക്ഷകരുടെ മുമ്പിലെത്തുന്ന ടെലിവിഷന്‍ പരമ്പര ക്രൈസ്തവ വിശ്വാസികളെ മാത്രമല്ല, അക്രൈസ്തവരെയും ആകര്‍ഷിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.