ടീം ഇന്ത്യയുടെ മധ്യ നിരയിൽ അവകാശ വാദമുന്നയിച്ച് സഞ്ജു വി സാംസൺ; കഠിനാദ്ധ്വാനത്തിന്റെയും ആത്മസമർപ്പണത്തിന്റെയും ഫലമെന്ന് പരിശീലകർ

ടീം ഇന്ത്യയുടെ മധ്യ നിരയിൽ അവകാശ വാദമുന്നയിച്ച് സഞ്ജു വി സാംസൺ; കഠിനാദ്ധ്വാനത്തിന്റെയും ആത്മസമർപ്പണത്തിന്റെയും ഫലമെന്ന് പരിശീലകർ

ആർ. ആർ 

മത്സരം ഏത് ഫോർമാറ്റിൽ ആയാലും ഏത് ടീമിന്റെയും  ഏറ്റവും നിർണായകമായ ബാറ്റിംഗ്‌ പൊസിഷനാണ് വൺ-ഡൌൺ. .ഏതെങ്കിലുമൊരു ഓപ്പണർ പുറത്തായാൽ പിന്നീട് ക്രീസിലെത്തുന്ന  താരമാണ് ആ ഇന്നിംഗ്സിനെ  നിർണയിക്കുന്നതിൽ  സുപ്രധാന പങ്ക് വഹിക്കുന്നത്. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും  വൺ -ഡൌണായി  ബാറ്റിംഗിനിറങ്ങിയ സഞ്ജു വി സാംസൺന്റെ  ബാറ്റിംഗ് മികവിലാണ്   രാജസ്ഥാൻ റോയൽസ് വിജയം പിടിച്ചെടുത്തത്.

പരിമിത ഓവർ ക്രിക്കറ്റ് മത്സരങ്ങളിൽ ഇന്ത്യയുടെ ദേശീയ ടീം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി ശക്തനായ ഒരു മധ്യനിര ബാറ്റ്സ്മാൻ ഇല്ല എന്നുള്ളതാണ്. കഴിഞ്ഞ ഏകദിന ലോകകപ്പിൽ വിരാട് കോഹ്ലിക്കു  ശേഷം ശക്തനായ ഒരു മധ്യനിര ബാറ്റ്സ്മാൻ ഇല്ലാതിരുന്നതിന്റെ  പ്രതിസന്ധിയാണ് സെമിഫൈനലിൽ  ന്യൂസിലൻഡിനോട് തോൽക്കാൻ കാരണമെന്ന് ക്രിക്കറ്റ്  വിദഗ്ധർ വിലയിരുത്തിയിട്ടുണ്ട്.ആ ടൂർണമെന്റിൽ 

വളരെ നിർണായകസ്ഥാനത്ത് ടീമിൽ സ്ഥാനം കണ്ടെത്തിയ വിജയശങ്കറിനു  തിളങ്ങാൻ സാധിക്കാതെ പോയത് ഇന്ത്യയുടെ പരാജയത്തിന് മുഖ്യ കാരണമായി,  ക്രിക്കറ്റ് വിദഗ്ധർ വിലയിരുത്തിയിട്ടുണ്ട്. ഈ സ്ഥാനത്തേക്കാണ് സഞ്ജു  വി .സാംസൺ ഇപ്പോൾ ശക്തമായ അവകാശവാദം ഉന്നയിക്കുന്നത് .

കഠിനാദ്ധ്വാനം  ഫലം കണ്ടതായി വിദഗ്ദ്ധർ 

ഒന്നോ, രണ്ടോ ദിവസത്തെ അദ്ധ്വാനം കൊണ്ട് നേടിയെടുത്തതല്ല മറിച്ച്   കഠിനാദ്ധ്വാനത്തിന്റെയും ഇച്ഛാശക്തിയുടെയും ആത്മസമർപ്പണത്തിൻെറയും ഫലമാണ് അദ്ദേഹത്തിൻെറ  ഈ പ്രകടനമികവ്  എന്ന് കേരള രഞ്ജി ടീമിന്റെ  മുൻ ക്യാപ്റ്റനും പ്രമുഖ പരിശീലകനുമായ സോണി ചെറുവത്തൂർ അഭിപ്രായപ്പെടുന്നു. 

ഐ പി എൽ മത്സരങ്ങൾക്ക് വേണ്ടി സഞ്ജു വി സാംസൺ കഠിനമായ പരിശീലനം നടത്തിക്കൊണ്ടിരിക്കുമ്പോഴാണ്  കോവിഡ് എന്ന  മഹാമാരിയുടെ ഫലമായി തിരുവനന്തപുരം നഗരത്തിൽ ട്രിപ്പിൾ ലോക്ക് ഡൌൺ പ്രഖ്യാപിച്ചത്, എന്നാൽ  പ്രഖ്യാപനം നിലവിൽ വരുന്നതിന് തലേദിവസം കൊല്ലത്ത് പരിശീലനം തുടരാനുള്ള അദ്ദേഹത്തിന്റെ തീരുമാനം വിജയത്തിലേക്ക് കുതിക്കാനുള്ള നിശ്ചയ ദാർഢ്യത്തിന്റെ തെളിവായിരുന്നു എന്ന് സോണി ചെറുവത്തൂർ പറയുന്നു. 

 കൊല്ലത്ത്  ഹോട്ട്സ്പോട്ടുകൾ പ്രഖ്യാപിക്കുന്ന ഘട്ടം വന്നപ്പോൾ തിരുവനന്തപുരം  നഗരത്തിലേക്ക്  തിരിച്ചുവരികയും  സോണി ചെറുവത്തൂർ പരിശീലകനായ ലൗആൾ  അക്കാദമിയിൽ പരിശീലനം നടത്തുന്നതിനായി കായിക മന്ത്രി ഇ പി ജയരാജന്റെ പ്രത്യേക അനുമതിക്കായി അപേക്ഷ നൽകുകയും ചെയ്തു. പിന്നീട് കോവിഡ് മഹാമാരിയുടെ കാലയളവിൽ പ്രത്യേക അനുമതിയോടെ ലൗആൾ അക്കാദമിയിലാണ് സഞ്ജു വി സാംസൺ പരിശീലനം തുടർന്നത്.   കേരള രഞ്ജി ടീമിനെ മുൻ ക്യാപ്റ്റനും രാജസ്ഥാൻ റോയൽസ് സഹതാരവുമായിരുന്ന   റൈഫി  വിൻസെന്റ് ഗോമസിന്റെ  കഠിനമായ ശിക്ഷണത്തിലാണ് സഞ്ജു വി സാംസൺ പരിശീലനം തുടർന്നത്. 

മണിക്കൂറുകളോളം സഞ്ജു വി  സാംസൺ നെറ്റ്സിൽ  കഠിനമായ പരിശീലനത്തിൽ ഏർപ്പെട്ടിരുന്നതായി സോണി ചെറുവത്തൂർ പറയുന്നു.അമൽ  മനോഹർ എന്ന ഫിറ്റ്നസ്  പരിശീലകന്റെ  കീഴിൽ ശക്തമായ ഫിറ്റ്നസ് പരിശീലനം നടത്താനും  സഞ്ജു വി സാംസൺ ശ്രദ്ധിച്ചു.ലൗആൾഅക്കാദമിയിൽ തന്നെ ആയിരുന്നു  സ്കിൽ പരിശീലനവും  നടത്തിയിരുന്നത്. 

കഴിഞ്ഞ ഐപിഎൽ സീസണുകളിൽ സഞ്ജു വി സാംസൺ എന്ന ബാറ്റ്സ്മാനെതിരെ  എതിരെ ഉയർന്ന പ്രധാന ആരോപണം അദ്ദേഹത്തിൻറെ ബാറ്റിങ്ങിനു സ്ഥിരത പോര എന്നുള്ളതായിരുന്നു. ഈ പരിമിതി മാറി കടക്കുന്നതിനാണ്  നെറ്റ്സിൽ മണിക്കൂറുകളോളം സഞ്ജു  വി സാംസൺ കഠിനമായ പരിശീലനം നടത്തിയിരുന്നത് എന്ന് സോണി ചെറുവത്തൂർ വ്യക്തമാക്കി. 

സഞ്ജുവിന് അഭിനന്ദനപ്രവാഹം

തിരുവനന്തപുരത്ത്പാ നിന്നുള്ള പാർലമെന്റംഗം ശ്രീ ശശി തരൂർ ഉൾപ്പടെ സമൂഹത്തിലെ പ്രമുഖരായ അനേകർ സഞ്ജുവിനെ അഭിനന്ദിച്ചു..  ഇന്ത്യന്‍ ക്രിക്കറ്റിന് അടുത്ത മഹേന്ദ്ര സിംഗ് ധോണിയെ കിട്ടിയെന്നായിരുന്നു തരൂരിന്റെ പ്രതികരണം.  ഷെയ്ന്‍ വോണിനെ പോലുള്ള ഇതിഹാസങ്ങളും സഞ്ജുവിനെ കഴിഞ്ഞ ദിവസം അഭിനന്ദിച്ചിരുന്നു. 

ചെന്നൈ സൂപ്പർ കിംഗ്സിനെതിരായ  മത്സരത്തിനുശേഷം സഞ്ജു വി  സാംസൺ കളിച്ച എല്ലാ ഷോട്ടുകളും യഥാർത്ഥ ക്രിക്കറ്റിങ്  ഷോട്ടുകൾ ആയിരുന്നു എന്ന് ഇന്ത്യയുടെ ഇതിഹാസതാരം സച്ചിൻ തെണ്ടുല്ക്കർ  അഭിപ്രായപ്പെട്ടു. സഞ്ജു വി  സാംസണ് ലോകത്ത് ഏതെങ്കിലും ഒരു ടീമിൽ ഇടം ഇല്ലാതെ പോകുന്നുവെങ്കിൽ അത് ഇന്ത്യൻ ടീമിൽ  മാത്രമാണ് എന്ന് ഇന്ത്യയുടെ മുൻ ഓപ്പണർ ഗൗതം ഗംഭീർ എംപി അഭിപ്രായപ്പെട്ടതും   സഞ്ജുവിന്റെ   പ്രകടന മികവിനുള്ള സാക്ഷ്യമായി കാണാം. സഞ്ജു സാംസണെ പോലുള്ള ഒരു പ്രതിഭ ഇന്ത്യയുടെ മൂന്ന് ടീമുകളുടെയും ഭാഗമല്ല എന്നത് അമ്പരിപ്പിക്കുന്ന കാര്യമാണെന്ന് ഷെയ്ന്‍ വോണ്‍ പറയുന്നു. 

തുടർന്നുള്ള ഐപിഎൽ മത്സരങ്ങളിലും സഞ്ജു വി സാംസൺ ഉജ്ജ്വല ഫോമിൽ ബാറ്റ് ചെയ്യണമെന്നും ഇന്ത്യൻ ദേശീയ ടീമിലെ സ്ഥിര സാന്നിധ്യമായി മാറണമെന്നും ആഗ്രഹിക്കുന്നവരാണ് മലയാളി ക്രിക്കറ്റ് പ്രേമികൾ.

യുഎഇ ആതിഥേയത്വം വഹിക്കുന്ന ഐപിഎൽ പതിമൂന്നാം  സീസൺ  അവസാനിക്കുമ്പോൾ ഇന്ത്യൻ ടീമിലെ  തന്റെ സ്ഥാനമുറപ്പിക്കാൻ സഞ്ജുവിനു  സാധിക്കും എന്ന വിലയിരുത്തലിൽ തന്നെയാണ്  അദ്ദേഹത്തിന്റെ  പരിശീലകനും ആരാധകരും.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.