ഓസ്ട്രേലിയയിലെ മാരോണൈറ്റ് സഭയുടെ സുവര്‍ണ ജൂബിലി; പാത്രിയാര്‍ക്കീസ് ബേച്ചാര റായ് സെപ്റ്റംബറില്‍ സിഡ്നിയിലെത്തും

ഓസ്ട്രേലിയയിലെ മാരോണൈറ്റ് സഭയുടെ സുവര്‍ണ ജൂബിലി; പാത്രിയാര്‍ക്കീസ് ബേച്ചാര റായ് സെപ്റ്റംബറില്‍ സിഡ്നിയിലെത്തും

സിഡ്‌നി: മധ്യപൂര്‍വ്വ ദേശത്തെ മാരോണൈറ്റ് കത്തോലിക്കാ സഭാ തലവന്‍ പാത്രിയാര്‍ക്കീസ് കര്‍ദിനാള്‍ ബേച്ചാര ബൂട്രോസ് റായ് സെപ്റ്റംബറില്‍ ഓസ്ട്രേലിയ സന്ദര്‍ശിക്കും. ഓസ്ട്രേലിയയിലെ മാരോണൈറ്റ് എപ്പാര്‍ക്കിയാണ് ഇക്കാര്യം അറിയിച്ചത്.

സെപ്റ്റംബര്‍ 24-ന് സിഡ്നിയില്‍ നടക്കുന്ന മാരോണൈറ്റ് എപ്പാര്‍ക്കിയുടെ സുവര്‍ണ ജൂബിലി ആഘോഷങ്ങളില്‍ പങ്കെടുക്കാനാണ് കര്‍ദിനാളിന്റെ സന്ദര്‍ശനം. സെപ്റ്റംബര്‍ 15-ന് മുതല്‍ 24 വരെയാണ് സന്ദര്‍ശനം.

പാട്രിയാര്‍ക്കല്‍ പ്രദേശത്തിന് പുറത്തുള്ള രൂപതകളിലെ മാരോണൈറ്റ് മെത്രാന്മാരുടെ ആറാമത് കോണ്‍ഗ്രസിലും അദ്ദേഹം അധ്യക്ഷനാകും.

ഓസ്ട്രേലിയയില്‍ മരോണൈറ്റ് എപ്പാര്‍ക്കി സ്ഥാപിതമായതിന്റെ 50-ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് ഈ വര്‍ഷം സിഡ്‌നി കോണ്‍ഗ്രസിന് ആതിഥേയത്വം വഹിക്കുന്നത്. ഓരോ മൂന്ന് വര്‍ഷം കൂടുമ്പോഴാണ് കോണ്‍ഗ്രസ് സംഘടിപ്പിക്കുന്നത്.

'ക്രൈസ്തവ വിശ്വാസത്താല്‍ നയിക്കപ്പെടാനും മാരോണൈറ്റ് കത്തോലിക്കാ മൂല്യങ്ങള്‍ പാലിക്കാനും യേശുക്രിസ്തുവിന്റെ അനുയായികളെന്നുള്ള പ്രതിബദ്ധത ഉയര്‍ത്തിപ്പിടിക്കാനുമുള്ള അവസരമാണ് സുവര്‍ണ്ണ ജൂബിലി ആഘോഷമെന്ന് മാരോണൈറ്റ് ബിഷപ്പ് ആന്റോയിന്‍- ചാര്‍ബെല്‍ ടാരാബെ പറഞ്ഞു.

'മാരോണൈറ്റ് സഭാ പിതാവായ പാത്രിയര്‍ക്കീസിന്റെ സന്ദര്‍ശനം ഞങ്ങളുടെ ഐക്യത്തെ ശക്തിപ്പെടുത്തുകയും ഓസ്ട്രേലിയയിലെ മാരോണൈറ്റ് വിശ്വാസികളുടെ ആവേശം വര്‍ധിപ്പിക്കുകയും ചെയ്യും. മാരോണൈറ്റ് പൈതൃകം സംരക്ഷിക്കാനും സുറിയാനി അന്ത്യോഖ്യന്‍ പൈതൃകവുമായും പാരമ്പര്യങ്ങളുമായും ഞങ്ങളെ ബന്ധിപ്പിക്കുന്ന പ്രതിബദ്ധതയെ ശക്തിപ്പെടുത്താനും സന്ദര്‍ശനം ഉപകരിക്കുമെന്നും ബിഷപ്പ് കൂട്ടിച്ചേര്‍ത്തു.

സുവര്‍ണ ജൂബിലി ആഘോഷത്തോടനുബന്ധിച്ചു നടക്കുന്ന വിശുദ്ധ കുര്‍ബാനയില്‍ 10,000-ത്തിലധികം പേര്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കര്‍ദിനാള്‍ റായിയോടുള്ള ആദരസൂചകമായി സെപ്റ്റംബര്‍ 21ന് ആഘോഷമായ അത്താഴ വിരുന്നും നടക്കും. അത്താഴത്തില്‍ നിന്നുള്ള വരുമാനം ലെബനനിലെ സഹായം ആവശ്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കും. രാജ്യത്തെ പിടിമുറുക്കുന്ന സാമ്പത്തിക പ്രതിസന്ധി മൂലം അവരുടെ വിദ്യാഭ്യാസം തടസപ്പെടുന്നില്ലെന്ന് ഉറപ്പാക്കുകയും ചെയ്യും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.