തിരുവനന്തപുരത്ത് കഴിഞ്ഞദിവസം ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ നേതൃത്വത്തിൽ മൂന്നു വനിതകൾ ചേർന്ന് യുട്യൂബറെ കൈകാര്യം ചെയ്യേണ്ടിവന്ന സംഭവം സാംസ്കാരിക കേരളത്തിന്റെ മുഖംമൂടി വലിച്ചുകീറുന്നതാണ്. മാതൃത്വത്തെയും സ്ത്രീത്വത്തെയും സമൂഹമാധ്യമങ്ങളിലൂടെ ഇത്ര നീചമായി ആക്ഷേപിച്ച ഒരു സാമൂഹ്യവിരുദ്ധനെ നിയമത്തിനു മുമ്പിൽ കൊണ്ടുവരാനുള്ള വ്യവസ്ഥാപിതമായ ശ്രമങ്ങൾ പരാജയപ്പെട്ടതിനെത്തുടർന്നാണ് തങ്ങൾക്ക് ഇത്തരമൊരു കടുംകൈ ചെയ്യേണ്ടിവന്നത് എന്നാണ് ഭാഗ്യലക്ഷ്മി പ്രതികരിച്ചത്. നിയമവാഴ്ച നിലനിൽക്കുന്ന ഒരു സംസ്ഥാനം ഇത്തരമൊരു ദുരവസ്ഥയിലേക്ക് എത്തപ്പെട്ടത് അതീവ ദുഃഖകരവും അങ്ങേയറ്റം ആശങ്ക ഉളവാക്കുന്നതുമാണ്. സംഭവത്തിനു പിന്നാലെ ഭാഗ്യലക്ഷ്മിയെയും കൂട്ടുകാരികളെയും അഭിനന്ദിക്കാൻ സാംസ്കാരിക-സാമൂഹിക രംഗത്തെ നിരവധിപ്പേരെത്തി. അക്കൂട്ടത്തിൽ മന്ത്രി കെ.കെ. ശൈലജയും വനിതാകമ്മീഷൻ അധ്യക്ഷ ജോസഫൈനും ഉണ്ടായി എന്നതും സന്തോഷകരമാണ്.
തിരുവനന്തപുരത്തെ വിജയ് പി. നായർ എന്ന വൈകൃതമനസിന്റെ ഉടമയ്ക്ക്, ഇത്ര ആക്ഷേപകരമായ ഒരു വീഡിയോ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിലൂടെ ആയിരക്കണക്കിന് പേരിലേക്ക് എത്തിക്കാൻ എങ്ങനെ ധൈര്യംകിട്ടി എന്നതാണ് പലരെയും അദ്ഭുതപ്പെടുത്തിയത്. എന്നാൽ, ഇതേക്കുറിച്ചുള്ള അന്വേഷണത്തിൽ എനിക്കു കണ്ടെത്താൻ കഴിഞ്ഞത് ഞെട്ടിക്കുന്ന വസ്തുതകളാണ്. കഴിഞ്ഞ കുറച്ചു കാലങ്ങളായി കേരളത്തിലെ പോലീസ് സ്റ്റേഷനുകളിലും വനിതാ കമ്മീഷനിലും സ്ത്രീത്വത്തെ അപമാനിച്ചതു സംബന്ധിച്ച് ലഭിച്ച അനേകം പരാതികളിൽ ബഹുഭൂരിപക്ഷത്തിന്മേലും കൃത്യമായ അന്വേഷണം നടക്കുകയോ കുറ്റക്കാരെ പിടികൂടുകയോ ചെയ്തിട്ടില്ല. അപമാനകരമായ ഇത്തരം നിരവധി വീഡിയോകളും ഫേസ്ബുക്ക്, വാട്സ്ആപ്പ് പോസ്റ്റുകളും അനുദിനം സമൂഹമാധ്യമങ്ങളിൽ നിറയുന്നുമുണ്ട്.
കേരളത്തിൽ ആതുരശുശ്രൂഷാ രംഗത്തും ജീവകാരുണ്യ പ്രവർത്തനങ്ങളിലും നിസ്വാർഥ സേവനമനുഷ്ഠിക്കുന്ന കന്യാസ്ത്രീസമൂഹം കഴിഞ്ഞ കുറച്ചുകാലങ്ങളായി നേരിടുന്ന ആക്ഷേപവും അപമാനവും വിവരണാതീതമാണ്. അടുത്തകാലത്തായി കേരളത്തിൽ ഇത്രമാത്രം സൈബർ ആക്രമണം നേരിട്ടിട്ടുള്ള ഒരു വിഭാഗമുണ്ടാകില്ല. ഭാഗ്യല്ക്ഷമിയെപ്പോലെ കൈക്കരുത്തുകൊണ്ട് അതിനെ നേരിടാത്തതുകൊണ്ടാണോ ഇരകളായ കന്യാസ്ത്രീ സമൂഹത്തിന്റെ വേദനകൾ പുറംലോകത്ത് എത്താത്തത്? കേരളത്തിന്റെ പൊതുസമൂഹവും മന്ത്രിയും വനിതാ കമ്മീഷനും സാംസ്കാരികനായകരുമൊന്നും ഇവരോടു സഹാനുഭൂതി പ്രകടിപ്പിക്കാത്തതും കുറ്റക്കാർക്കെതിരേ പ്രതികരിക്കാത്തതും എന്തുകൊ ണ്ടാണ്? ലളിതമായി പറയട്ടെ, സൈബർ ആക്രമണം നേരിടുന്ന കന്യാസ്ത്രീ സമൂഹത്തോട് കേരളം കാണിക്കുന്നത് കടുത്ത അനീതിയും അവഗണനയുമാണ്.
അഗതികൾ, അശരണർ, എയിഡ്സ് - കാൻസർ - കുഷ്ഠം തുടങ്ങിയവകൊണ്ടു പൊറുതിമുട്ടുന്ന രോഗികൾ, മാനസികരോഗവും ശാരീരികവൈകല്യം ബാധിച്ചവർ തുടങ്ങി സമൂഹത്തിൽ ഒറ്റപ്പെട്ടുപോകുന്ന എത്രയോ പേർക്ക് താങ്ങായും തണലായും ത്യാഗപൂർണമായ സേവനം ചെയ്യുന്ന നാൽപ്പതിനായിരത്തോളം കന്യാസ്ത്രീകൾ കേരളത്തിലെ കത്തോലിക്കാ സഭയിൽത്തന്നെയുണ്ട്. പ്രതിഫലമോ പ്രശസ്തിയോ സ്ഥാനമാനങ്ങളോ മോഹിക്കാതെ സദാ സേവനതത്പരരായി ജീവിക്കുന്ന ഇവരെ കേട്ടാലറയ്ക്കുന്ന ഭാഷയിൽ അസഭ്യംപറയുകയും അപമാനിക്കുകയും ചെയ്ത ഒരു യുട്യൂബ് വീഡിയോയ്ക്കെതിരേ പരാതികൾ നൽകിയ കന്യാസ്ത്രീകളുടെ അനുഭവം എന്നെ വല്ലാതെ വേദനിപ്പിച്ചു.
കേരളത്തിലെ 14 ജില്ലകളിലുമായി നൂറ്ററുപതോളം പരാതികളാണ് ഇവർ വിവിധ പോലീസ് സ്റ്റേഷനുകളിൽ നൽകിയത്. എന്നാൽ, ഒരു പരാതിപോലും ഒന്നരമാസം കഴിഞ്ഞിട്ടും വേണ്ടരീതിയിൽ പരിഗണിക്കപ്പെട്ടിട്ടില്ല. പോലീസ് സ്റ്റേഷനുകളിൽ മാത്രമല്ല മനുഷ്യാവകാശ കമ്മീഷനിലും വനിതാ കമ്മീഷനിലും സന്യസ്തർ നേരിട്ടുചെന്ന് പരാതി നൽകുകയും വിശദീകരിക്കുകയും ചെയ്തിട്ടും യാതൊരുവിധ നടപടികളും ഉണ്ടായില്ല. മന്ത്രിയും വനിതാ കമ്മീഷൻ അധ്യക്ഷയുമൊന്നും കന്യാസ്ത്രീകളുടെ പരാതികൾ കേട്ടതായിപ്പോലും ഭാവിച്ചിട്ടില്ല.
കന്യാസ്ത്രീകളെ അപമാനിക്കുന്നതിനെതിരേ അവർ മാത്രമല്ല മറ്റു പലരും സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിൽ പരാതികൾ നൽകിയിട്ടുണ്ട്. കഴിഞ്ഞ മാസം 29ന് ഇത്തരത്തിലൊരു പരാതി കണ്ണൂർ ജില്ലാ പോലീസ് ചീഫ് മുമ്പാകെ എത്തുകയുണ്ടായി. പരാതി നൽകിയതിന്റെ പേരിൽ പലദിവസങ്ങളിലും ഫോണിലൂടെ അജ്ഞാതന്റെ തെറിയഭിഷേകം കേൾക്കേണ്ട അവസ്ഥയുണ്ടായി എന്നാണ് പരാതിക്കാരൻ പറഞ്ഞത്. ഇതും പോലീസിനെ അറിയിച്ചെങ്കിലും ഇതുവരെയും നടപടിയൊന്നും ഉണ്ടായിട്ടില്ല. ഇത്തരം സൈബർ ഗുണ്ടകളെ തളയ്ക്കാൻ നിയമമോ നിയമപാലകരോ ഇല്ലാത്ത സംസ്ഥാനത്ത് സ്ത്രീസമൂഹം എങ്ങനെ സ്വൈരമായി ജീവിക്കും. പെൺകുട്ടികൾക്ക് എങ്ങനെ സ്വസ്ഥമായി സഞ്ചരിക്കാനാവും?
സ്ത്രീകൾക്കു നേരേയുള്ള അതിക്രമങ്ങൾക്കു വളംവയ്ക്കുന്നവർ സമൂഹത്തോടു ചെയ്യുന്നത് ക്രൂരതയാണ്. ഇപ്പോൾ ഓൺലൈൻ വിദ്യാഭ്യാസത്തിന്റെ ഭാഗമായി വിദ്യാർഥികളിലടക്കം മൊബൈൽ ഫോൺ ഉപയോഗം സജീവമാണ്. അതിനാൽ സൈബർ ലോകത്ത് ദുഷ്ടലാക്കോടെ നിലയുറപ്പിക്കുന്നവർക്ക് വലിയ അപകടങ്ങൾ സൃഷ്ടിക്കാനാകും. മറ്റുള്ളവരെ വേദനിപ്പിച്ച് ആസ്വാദ്യത കണ്ടെത്തുന്നവരും വരുമാനം ലക്ഷ്യമിടുന്നവരും കുട്ടികളെയടക്കം ടാർജറ്റ് ചെയ്യുന്നുണ്ട്. അതിനാൽ സൈബർ ലോകത്ത് വൈകൃതങ്ങൾ കാട്ടുന്നവരെ കർശനമായിത്തന്നെ നേരിടണം. നിലവിലുള്ള നിയമങ്ങൾ അപര്യാപ്തമാണെങ്കിൽ ആവശ്യമായ നിയമങ്ങൾ നിർമിക്കണം. അല്ലാതെ സർക്കാർ കൈയുംകെട്ടി നോക്കിനിൽക്കരുത്. വനിതാ കമ്മീഷന്റെ ഇടപെടൽ വിവേചനരഹിതവും നീതിയുക്തവുമാകണം.
കെ.സി. റോസക്കുട്ടി
(സംസ്ഥാന വനിതാ കമ്മീഷൻ മുൻ അധ്യക്ഷയും മുൻ എംഎൽഎയുമാണ് ലേഖിക)
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള് സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.