ലിസ്ബൺ: ഫാത്തിമാ മാതാവിന്റെ സന്നിധിയിലെത്തി യുവ ജനതക്കൊപ്പം ജപമാല ചൊല്ലി പ്രാർത്ഥിച്ച് വികാരനിർഭരനായി ഫ്രാൻസിസ് മാർപ്പാപ്പ. ലിസ്ബണിൽ നിന്നും 103 കിലോമീറ്റർ അകലെയുള്ള ഫാത്തിമയിൽ ഹെലികോപ്ടർ മാർഗമെത്തിയ പാപ്പായെ “വിവാ പാപ്പ” ആർപ്പു വിളികളോടെയും കരങ്ങൾ വീശിയുമാണ് ജനം എതിരേറ്റത്. രണ്ടു ലക്ഷത്തോളം വരുന്ന തീർത്ഥാടകർ ഫാത്തിമയിൽ തടിച്ചുകൂടിയിരിന്നു.
പരിശുദ്ധ ദൈവമാതാവിന്റെ ദർശനമുണ്ടായ തീർത്ഥാടന കേന്ദ്രത്തിൽ രോഗികളും അംഗവിഹീനരും തടവുകാരുമായ തിരഞ്ഞെടുക്കപ്പെട്ട ഏതാനും യുവാക്കൾക്കൊപ്പമാണ് മാർപാപ്പ ജപമാലയിൽ പങ്കെടുത്തത്. ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നെത്തിയ യുവതീ യുവാക്കൾ പാപ്പയോടൊപ്പം ജപമാല ചൊല്ലി.
പോർച്ചുഗീസ് ഭാഷയിൽ ചൊല്ലിയ ജപമാലയുടെ ആദ്യ രഹസ്യം സമർപ്പിച്ചത് ജയിൽ ശിക്ഷ അനുഭവിക്കുന്നവർക്കു വേണ്ടിയായിരുന്നു. രണ്ടാം രഹസ്യം സ്പാനിഷ് ഭാഷയിലായിരുന്നു. ലോക യുവജന സംഗമത്തിൽ പങ്കെടുക്കുന്നവർക്കുവേണ്ടിയാണ് രണ്ടാം രഹസ്യം സമർപ്പിച്ചത്.
ഭിന്നശേഷിക്കാരിയായ യുവതിയാണ് ഇറ്റാലിയൻ ഭാഷയിൽ അർപ്പിച്ച മൂന്നാം രഹസ്യത്തിന് നേതൃത്വം നൽകിയത്. ഇംഗ്ലീഷ്, ജർമൻ ഭാഷകളിൽ ചൊല്ലിയ നാലാം രഹസ്യത്തിന്റെ നിയോഗം ലോക സമാധാനമായിരുന്നു. പോളിഷ്, ഫ്രഞ്ച് ഭാഷകളിലാണ് അഞ്ചാം രഹസ്യം ചൊല്ലിയത്. ലോക സമാധാനം, ജനങ്ങളുടെ മാനസാന്തരം, പാപ്പയുടെ നിയോഗങ്ങൾ എന്നിവ സമർപ്പിച്ച് മൂന്ന് തവണ ‘ആവേ മരിയ’ എന്നാരംഭിക്കുന്ന മരിയൻ സ്തുതി ഗീതം ആലപിച്ചുകൊണ്ടാണ് ജപമാല സമാപിപ്പിച്ചത്.
യുക്രൈൻ ഉൾപ്പെടെ യുദ്ധക്കെടുതിയിലായ സകല രാജ്യങ്ങൾക്കുംവേണ്ടി ദൈവമാതാവിന്റെ മാധ്യസ്ഥം തേടാൻ വേണ്ടിക്കൂടിയായിരുന്നു പാപ്പയുടെ ഫാത്തിമാ സന്ദർശനം. ദൈവമാതാവിന് സമ്മാനിക്കാൻ സ്വർണത്തിൽ നിർമിച്ച കൊന്തയും പാപ്പ കൊണ്ടുവന്നിരുന്നു.