അമ്പിളിമാമന്‌ ശേഷം സൂര്യനെ കൈകുമ്പിളിലാക്കാൻ ഇന്ത്യ : ആദ്യ സൂര്യ ദൗത്യത്തിന് ഐഎസ്ആർഒ തയ്യാറെടുക്കുന്നു

അമ്പിളിമാമന്‌  ശേഷം സൂര്യനെ കൈകുമ്പിളിലാക്കാൻ  ഇന്ത്യ : ആദ്യ സൂര്യ ദൗത്യത്തിന് ഐഎസ്ആർഒ തയ്യാറെടുക്കുന്നു

ബംഗളൂരു: ചന്ദ്രയാൻ-3 ന്റെ വിജയകരമായ വിക്ഷേപണത്തിന് ശേഷം, ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രം (ISRO) മറ്റൊരു വിക്ഷേപണത്തിന് ഒരുങ്ങുന്നു, സൂര്യനെക്കുറിച്ച് പഠിക്കാനുള്ള ഇന്ത്യയുടെ ആദ്യ ദൗത്യമാണിത്. ഇതിനായുള്ള ബഹിരാകാശ നിരീക്ഷണ കേന്ദ്രമാണ് ആദിത്യ-എൽ1 എന്ന ഉപഗ്രഹം. ഇതിന്റെ വിക്ഷേപണം ഓഗസ്റ്റ് അവസാനമോ സെപ്റ്റംബറിലോ നടക്കാനാണ് സാധ്യത.
ബംഗളൂരുവിലെ യു ആർ റാവു സാറ്റലൈറ്റ് സെന്ററിൽ (യുആർഎസ്‌സി) യാഥാർത്ഥ്യമാക്കിയ ആദിത്യ-എൽ1 ഉപഗ്രഹം ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ എത്തിയതായി ഐഎസ്ആർഒ ട്വീറ്റിൽ പറഞ്ഞു.

ഐഎസ്ആർഒ പറയുന്നതനുസരിച്ച്, ഭൂമിയിൽ നിന്ന് ഏകദേശം 1.5 ദശലക്ഷം കിലോമീറ്റർ അകലെയുള്ള സൂര്യ-ഭൗമ വ്യവസ്ഥയുടെ ലഗ്രാഞ്ച് പോയിന്റ് 1 -എൽ1 ന് (ഭൂമി-സൂര്യൻ സിസ്റ്റത്തിന്റെ എൽ1 പോയിന്റ് എന്നത് തടസ്സമില്ലാത്ത സൂര്യനെ കാണുവാൻ സാധിക്കുന്ന ഇടമാണ് ) ചുറ്റുമുള്ള ഒരു ഹാലോ ഭ്രമണപഥത്തിലാണ് പേടകം സ്ഥാപിക്കുക. എൽ 1 പോയിന്റിന് ചുറ്റുമുള്ള ഹാലോ ഭ്രമണപഥത്തിൽ സ്ഥാപിച്ചിരിക്കുന്ന ഒരു ഉപഗ്രഹത്തിന്, യാതൊരു മറവിയും ഗ്രഹണവും കൂടാതെ സൂര്യനെ തുടർച്ചയായി വീക്ഷിക്കുന്നതിന് സാധിക്കും. ഇത് സൂര്യന്റെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനും ബഹിരാകാശ കാലാവസ്ഥയിൽ ഉളവാകുന്ന മാറ്റങ്ങളെക്കുറിച്ചും കൂടുതൽ വിവരങ്ങൾ ലഭ്യമാകും.

വൈദ്യുതകാന്തിക, കണികാ ഡിറ്റക്ടറുകൾ ഉപയോഗിച്ച് ഫോട്ടോസ്ഫിയർ, ക്രോമോസ്ഫിയർ, സൂര്യന്റെ ഏറ്റവും പുറം പാളികൾ (കൊറോണ) എന്നിവ നിരീക്ഷിക്കാൻ പേടകം ഏഴ് പേലോഡുകൾ വഹിക്കുന്നു. പ്രത്യേക ഭ്രമണ പഥത്തിൽ നിന്ന് , നാല് പേലോഡുകൾ നേരിട്ട് സൂര്യനെ വീക്ഷിക്കുന്നു, ശേഷിക്കുന്ന മൂന്ന് പേലോഡുകൾ ലാഗ്രാഞ്ച് പോയിന്റ് എൽ 1 ൽ കണികകളുടെയും ഫീൽഡുകളുടെയും അവസ്ഥയെക്കുറിച്ച് പഠനങ്ങൾ നടത്തുന്നു.

കൊറോണൽ ഹീറ്റിംഗ്, കൊറോണൽ മാസ് എജക്ഷൻ, പ്രീ-ഫ്ലെയർ ആൻഡ് ഫ്ലെയർ ആക്ടിവിറ്റികൾ, അവയുടെ സവിശേഷതകൾ, ബഹിരാകാശ കാലാവസ്ഥയുടെ ചലനാത്മകത, കണികകളുടെയും ഫീൽഡുകളുടെയും അവസ്ഥകൾ എന്നിവ മനസിലാക്കാൻ ആദിത്യ എൽ1 പേലോഡുകളുടെ സ്യൂട്ടുകൾ ഏറ്റവും നിർണായക വിവരങ്ങൾ നൽകുമെന്ന് പ്രതീക്ഷിക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.