വത്തിക്കാന്‍ സ്ഥാനപതി നിയുക്ത ആര്‍ച്ച് ബിഷപ്പ് റവ. ഡോ. ജോര്‍ജ് പനംതുണ്ടില്‍ നാളെ റമ്പാന്‍ സ്ഥാനമേല്‍ക്കും

വത്തിക്കാന്‍ സ്ഥാനപതി നിയുക്ത ആര്‍ച്ച് ബിഷപ്പ്  റവ. ഡോ. ജോര്‍ജ് പനംതുണ്ടില്‍ നാളെ റമ്പാന്‍ സ്ഥാനമേല്‍ക്കും

തിരുവനന്തപുരം: ഖസാക്കിസ്ഥാനിലെ മാര്‍പാപ്പയുടെ സ്ഥാനപതിയായി നിയമിതനായ നിയുക്ത ആര്‍ച്ച് ബിഷപ് റവ. ഡോ. ജോര്‍ജ് പനംതുണ്ടില്‍ നാളെ റമ്പാനായി സ്ഥാനമേല്‍ക്കും. പട്ടം സെന്റ് മേരീസ് കത്തീഡ്രലില്‍ രാവിലെ 8.30 ന് നടക്കുന്ന കുര്‍ബാന മദ്ധ്യേ മലങ്കര ആരാധന ക്രമമനുസരിച്ച് മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവായില്‍ നിന്നുമാണ് റമ്പാന്‍ പട്ടം സ്വീകരിക്കുക.

മലങ്കര സുറിയാനി കത്തോലിക്കാ സഭയില്‍ നിന്ന് വത്തിക്കാന്‍ സ്ഥാനപതിയായി നിയമിക്കപ്പെടുന്ന പ്രഥമ വൈദികനാണ് നിയുക്ത അപ്പസ്തോലിക് നൂണ്‍ഷ്യോ. ഇപ്പോള്‍ സൈപ്രസിലെ വത്തിക്കാന്‍ കാര്യാലയത്തില്‍ പ്രവര്‍ത്തിക്കുന്നു. ജോര്‍ജ് പനംതുണ്ടിലിന്റെ മെത്രാഭിഷേക ശുശ്രൂഷകള്‍ 2023 സെപ്റ്റംബര്‍ ഒന്‍പതിന് റോമില്‍ നടത്തപ്പെടും.

മാര്‍ ഇവാനിയോസ് കോളജിലെ മുന്‍ അധ്യാപകന്‍ പനംതുണ്ടില്‍ ഡോ. പി.വി. ജോര്‍ജിന്റെയും മേരിക്കുട്ടി ജോര്‍ജിന്റെയും മകനായി 1972 ല്‍ തിരുവനന്തപുരത്തായിരുന്നു ജനനം. തിരുവനന്തപുരം പാളയം സമാധാന രാജ്ഞി ബസിലിക്ക ഇടവാംഗമായിരുന്നു.

തിരുവനന്തപുരം നിര്‍മ്മലഭവന്‍ കോണ്‍വെന്റ് സ്‌കൂള്‍, സെന്റ് ജോസഫ്സ് സ്‌കൂള്‍ എന്നിവിടങ്ങളിലെ സ്‌കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം 1987 ല്‍ തിരുവനന്തപുരം അതിരൂപതയുടെ സെന്റ് അലോഷ്യസ് മൈനര്‍ സെമിനാരിയില്‍ വൈദിക പരിശീലനത്തിനായി ചേര്‍ന്നു.

തിരുവനന്തപുരം സെന്റ് മേരീസ് മലങ്കര മേജര്‍ സെമിനാരിയില്‍ നിന്നും തത്വശാസ്ത്ര, ദൈവശാസ്ത്ര പഠനങ്ങള്‍ പൂര്‍ത്തിയാക്കി, 1998 ല്‍ ആര്‍ച്ച് ബിഷപ്പ് സിറില്‍ മാര്‍ ബസേലിയോസ് മെത്രാപ്പോലീത്തായില്‍ നിന്ന് വൈദികപട്ടം സ്വീകരിച്ചു. 1998 മുതല്‍ 2000 വരെ തിരുവനന്തപുരം മേജര്‍ അതിരൂപതയിലെ വിവിധ ഇടവകകളില്‍ സഹവികാരിയായി സേവനം അനുഷ്ഠിച്ചു.

2003 മുതല്‍ കെനിയ, വത്തിക്കാന്‍, കോസ്റ്ററിക്ക, ഗ്വിനിയ, മാലി, ഇറാഖ്, ജോര്‍ദാന്‍ ഓസ്ട്രിയ തുടങ്ങിയ രാജ്യങ്ങളിലെ വത്തിക്കാന്‍ സ്ഥാനപതി കാര്യാലയങ്ങളില്‍ അംഗമായും സെക്രട്ടറിയായും ജെറുസലേം, ഇസ്രായേല്‍ വത്തിക്കാന്‍ സ്ഥാനപതി കാര്യാലയങ്ങളില്‍ ഉപദേഷ്ടാവായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

2003 ല്‍ റോമിലെ പൊന്തിഫിക്കല്‍ ഓറിയന്റല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും കാനന്‍ നിയമത്തില്‍ ബിരുദാനന്തര ബിരുദം നേടി. 2003-2005 കാലഘട്ടത്തില്‍ റോമിലെ പൊന്തിഫിക്കല്‍ അക്കാഡമിയില്‍ നയതന്ത്രത്തില്‍ പരിശീലനവും 2005 ല്‍ റോമിലെ പൊന്തിഫിക്കല്‍ ഓറിയന്റല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും കാനന്‍ നിയമത്തില്‍ ഡോക്ടറേറ്റും കരസ്ഥമാക്കി. റോമിലെ ഉന്നതപഠന കാലത്ത് 2000 മുതല്‍ 2005 വരെ ഇറ്റലിയിലെ മിലാന്‍ അതിരൂപതയില്‍ വൈദിക ശുശ്രൂഷയും നിര്‍വഹിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.