നോവിന്റെ നനവുള്ള പ്രവാസിയോണം

നോവിന്റെ നനവുള്ള പ്രവാസിയോണം


ഓണക്കാലം മലയാളിക്കെന്നും ഉന്മേഷത്തിന്റേയും ഉണർവ്വിന്റേയും ദിനങ്ങളാണ്. ഉത്സാഹത്തിന്റെ ഉത്സവമാണു പൊന്നോണം. നാടും വീടും പ്രതീക്ഷയുടെ കിരണത്താൽ ശോഭിതമാകുന്നു. നിറവിന്റേയും നന്മയുടേയും മഹനീയമുഹൂർത്തങ്ങൾ. സന്തോഷത്തിന്റേയും സമൃദ്ധിയുടേയും മഞ്ഞിൻകണങ്ങൾ മനസ്സിൻ ചില്ലിൽ കുളിർമ്മയുടെ ചിത്രം ചാലിക്കുന്നു. ബഹുവർണ്ണപുഷ്പ തരളിതയായി ചെടികൾ ചിരിക്കുന്നു. മന്ദമാരുതൻ തഴുകുമ്പോൾ കേരനിരകൾ മന്ദസ്മിതത്താൽ തലയാട്ടി രസിക്കുന്നു. കാഞ്ചനവയലോ കൊഞ്ചിയാടുന്നു. തോടുകളോ താളത്തിലൊഴുകുന്നു. വള്ളംകളിയും വഞ്ചിപ്പാട്ടുമെല്ലാം ഒരുമയുടെ കഥ മെനയുന്നു. പൂക്കളങ്ങളും പുലികളിയുമൊക്കെ പൊന്നോണദിനത്തിനു മാറ്റേകുന്നു. അതിരാവിലെ കുളിച്ചൊരുങ്ങി ഓണക്കോടിയുടുത്തെല്ലാരും ആഘോഷവേളകൾക്കു ചാരുത ചേർക്കുന്നു. ഒരുമിച്ചിരുന്നു കൊച്ചുവർത്തമാനങ്ങളോതി സമൃദ്ധിയുടെ സദ്യ വിളമ്പുന്നു. കുറവുകൾ നിറവായി മാറുന്ന, നന്മ വിടരുന്ന സുന്ദരനിമിഷങ്ങൾ. കണ്ണിനും കരളിനും വിസ്മയവിരുന്നാണെന്നും മലയാളിക്കു ഓണവും ഓണക്കാഴ്ചകളും.

ലോകത്തിന്റെ ഏതു കോണിലുള്ള മലയാളിക്കും ഓണം മധുരസ്മൃതികളുടെ പുതുമഴയാണ്. എത്ര ദൂരെയാണെങ്കിലും കേരളീയർ നാടണയാൻ കൊതിക്കുന്ന മനോഹരനിമിഷങ്ങൾ. പ്രവാസികൾ മിക്കവരും ഈ ദിനങ്ങളിൽ നാട്ടിലെത്താൻ പരിശ്രമിക്കുന്നു. വരുവാൻ കഴിയാത്തവർ അവർ ജോലി ചെയ്യുന്ന രാജ്യങ്ങളിൽ ഓണം ആവുന്നവിധം മോടിയോടെ ആഘോഷിക്കാൻ ഒരുങ്ങുന്നു. എങ്ങനെ ആഘോഷിച്ചാലും പ്രവാസിയോണം നാടിനൊപ്പമാകില്ലല്ലോ. അതെന്നും പ്രവാസികളുടെ മിഴികളും മൊഴികളും നനക്കുന്ന ഓർമ്മകളുടെ ബാഷ്പമായി മാറാറുണ്ട്. പലരും തിരുവോണദിനം അവധിയെടുക്കുന്നു. മറ്റുപലർക്കും തിരുവോണ ദിവസവും ജോലി എടുക്കേണ്ടിവരുന്നു. വിഷമത്തോടെ അവർ ജോലിക്കു പോകുന്നു. ജോലിയിലുടനീളം നാടും നാട്ടുകാരും പൂവും പുഴയുമൊക്കെ ഹൃദയതിരശ്ശീലയിൽ മാറിമറിയുന്നു. അവരൊക്കെ ജോലിക്കു ശേഷമുള്ള സമയം ആഘോഷിക്കാൻ തയ്യാറെടുക്കുന്നു. കുടുംബമായി താമസിക്കുന്നവരോ, ചിലരൊക്കെ അവധിയെടുത്തു കുടുംബാംഗങ്ങൾക്കൊപ്പം ഓണത്തെ വരവേൽക്കാനൊരുങ്ങുന്നു. ഫ്ലാറ്റുകളിലും ഷെയറിംഗ് വില്ലകളിലുമൊക്കെയായി കുരുന്നുകൾ മാവേലിമന്നനു പൂക്കളങ്ങളൊരുക്കുന്നു. പുത്തൻകോടിയുടുത്തവർ ഓണപ്പാട്ടുകൾ പാടി രസിക്കുന്നു. ആവുന്നവരൊക്കെ ഓണസദ്യ വീട്ടിൽ തന്നെ തയ്യാറാക്കുന്നു. കഴിയാത്തവർ ഓഡർ ചെയ്തു വരുത്തുന്നു. ക്യാമ്പുകളിലോ, മിക്കവർക്കും ജോലിത്തിരക്കു തന്നെയായിരിക്കും. ജോലിയുടെ സമ്മർദ്ദങ്ങളും അവധി കിട്ടാത്തതിന്റെ വിഷമങ്ങളും കഠിനചൂടുമെല്ലാം അവരുടെ മുഖത്തെ എഴുതാതെ എഴുതുന്ന ചുവരെഴുത്താക്കുന്നു. മനസ്സില്ലാമനസ്സോടെ അവർ ജോലിസ്ഥലത്തേക്കു പോകുന്നു. വീട്ടിൽനിന്നും നാട്ടിൽനിന്നുമൊക്കെയുള്ള വിളികൾ അവരുടെ മൊബൈൽ ഫോണുകളെ നിർത്താതെ മുഴക്കുമ്പോൾ വിഷമങ്ങൾ ഉള്ളിലൊതുക്കി ചിരി കൈവിടാതെ സംസാരിച്ചവർ, കുശലം പറഞ്ഞു നീങ്ങുന്നു. സാധിക്കുന്നവർ അനുവാദം ചോദിച്ചു നേരത്തേ റൂമുകളിലെത്താൻ പരിശ്രമിക്കുന്നു. ചെറു സദ്യയും കുരുന്നു വർത്തമാനങ്ങളും പാട്ടും കളികളും സിനിമകളുമൊക്കെയായി ഉള്ളതുപോലെ ഓണത്തെ അവർ ഉള്ളോടു ചേർക്കുന്നു. ഒത്തുകൂടാൻ സാധിക്കുന്ന ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരുമെല്ലാം പാർക്കിലോ, വീടുകളിലോ, ഫ്ലാറ്റുകളിലോ ഒരുമിച്ചു കൂടി വഞ്ചിപ്പാട്ടും പുത്തൻകോടിയുമണിഞ്ഞു ഓണത്തപ്പനെ വരവേൽക്കുന്നു. ഓണസദ്യ കഴിച്ചവർ പിരിയുന്നു. പിരിയുന്ന സമയം പെട്ടെന്നു വാനത്തു കുമിഞ്ഞുകൂടുന്ന കരിമുകിലുപോലെ നോവിൻ മഴമേഘശകലങ്ങൾ അവരുടെയുള്ളിൽ കൂടുകൂട്ടുന്നു. വർഷവേദനയുടെ നനവറിയിക്കാതെ എല്ലാവരും പലവഴി പിരിയുന്നു. അങ്ങനെ കൊച്ചു കൊച്ചു സന്തോഷങ്ങളും അതിലേറെ മനസ്സിൻ ഓർമ്മച്ചെപ്പു തുറക്കുമ്പോൾ കിനിയുന്ന നഷ്ടവസന്തനോവുകളുമായി പ്രവാസിയുടെ തിരുവോണത്തിനു തിരശ്ശീല വീഴുന്നു. ഗൃഹാതുരത്വം തുളുമ്പുന്ന നാട്ടുകാഴ്ചകൾ ഹൃത്തിൻ അഭ്രപാളിയിൽ തെളിയുമ്പോൾ അറിയാതെ അവന്റെ വാക്കും നോക്കും ഇടറും. മനസ്സിനുള്ളിൽ ആ നീറ്റലൊതുക്കി ചെറുപുഞ്ചിരി തൂകി ഉറങ്ങാൻ കിടക്കും.

ലോകത്തിന്റെ ഏതു ദിക്കിൽ രാപ്പാർത്താലും മലയാളിയെ ഒരുമയുടെ മായാജാലകത്തിലേക്കാനയിക്കുന്ന അഭൗമവേളകൾ. ഉത്തരവാദിത്വത്തിന്റെ ഉടവാളെടുത്തു തോൽക്കാതെ പൊരുതുന്ന പ്രവാസികൾക്കെന്നും ഓണം സാന്ത്വനത്തിന്റേയും ആശ്വാസത്തിന്റേയും പൊൻകിരണമാണ്. കലുഷിതാവസ്ഥയിൽ കുളിർക്കാറ്റു വീശുന്ന അനുഭൂതി. ഓർമ്മക്കിനാവുകൾ ഓണക്കോടിയും ഓണപ്പാട്ടുമായി വരവേൽക്കുന്നു. പൂക്കളങ്ങളും ഹരിതചാരുതയും നാട്ടുകൂട്ടവുമെല്ലാം പുതുപ്പന്തലൊരുക്കി നിറക്കാഴ്ചകളായി മനസ്സിന്നോരത്തിരിക്കുന്ന നേരം. അതിർവരമ്പുകൾ മായിച്ചു മലയാളിയെ മനസ്സുകൊണ്ടടുപ്പിക്കുന്ന സ്മൃതിലയതാളം. മലയാളമഹിമക്കു മൊഞ്ചു കൂട്ടുന്ന മേളപ്പെരുമ. ഓർമ്മകളുടെ ഓളങ്ങൾ ഓമനത്തം തുളുമ്പുന്ന ചിരിയൊരുക്കി കൊഞ്ചിയാടുമ്പോൾ ഓർത്തുവയ്ക്കാവുന്ന ഒരുപിടി നല്ല നിമിഷങ്ങൾ നമുക്കു പ്രിയപ്പെട്ടവർക്കു സമ്മാനിക്കാം. ഒരുമയുടെ ഓർമ്മച്ചെപ്പായി ഈ ഓണം ഏവർക്കും അനുഭവവേദ്യമാകട്ടേ.
" ഓർമ്മകളിൽ ഓമനിക്കാവുന്ന ഓണം" നേരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.