ഒത്തുകൂടലിന്റെ ആഘോഷത്തിമിര്‍പ്പിലാണ് മലയാളികളെല്ലാം. നാടെങ്ങും ഓണ ലഹരി നിറഞ്ഞിരിക്കുകയാണ്. സദ്യ വിളമ്പാന്‍ വാഴയില മുതല്‍ പൂക്കളമിടാനുള്ള ബന്ദിയും ജമന്തിയും വരെ നിരത്തുകളില്‍ കാണാം. ഓണാവേശം വീടുകളിലെത്തിക്കാനുള്ള അവസാനവട്ട ഓട്ടമാണ് ഇന്ന്. ഏറെ പ്രിയപ്പെട്ട ഉത്രാടപ്പാച്ചില്‍.
ഓണാഘോഷത്തിന്റെ അവസാന വട്ട ഒരുക്കത്തിനായി ഉത്രാട ദിവസം (തിരുവോണത്തിനു തലേദിവസം) പിറ്റേ ദിവസത്തെ ഓണാഘോഷത്തിന് ആവശ്യമായ സാധനങ്ങള്‍ വാങ്ങിക്കുവാന്‍ മലയാളികള്‍ നടത്തുന്ന യാത്രയ്ക്കാണ് ഉത്രാടപ്പാച്ചില്‍ എന്നു പറയുന്നത്. മലയാളികള്‍ ഓണത്തിനുവേണ്ടതെല്ലാം വാങ്ങിക്കൂട്ടുന്ന ദിവസം ആണു ഉത്രാട ദിവസം. അടുക്കളയിലേക്കും മറ്റും ഓണത്തിനു വേണ്ടതെല്ലാം കൈയ്യെത്തും ദൂരത്ത് എത്തിക്കുക എന്നതാണ് ഉത്രാടപ്പാച്ചിലിന്റെ ഉദ്ദേശം.
ഉത്രാട ദിനത്തിലെ ഓണത്തിനെ ഒന്നാം ഓണം എന്നാണ് വിളിക്കുന്നത്. ഒന്നാം ഓണത്തെ കുട്ടികളുടെ ഓണം എന്നും വിളിക്കാറുണ്ട്. മുതിര്‍ന്നവര്‍ തിരുവോണം കെങ്കേമമാക്കാന്‍ ഓടി നടക്കുമ്പോള്‍ കുട്ടികള്‍ വീട്ടിലിരുന്ന് ആഘോഷിക്കും. തിരുവോണം ആഘോഷിക്കാന്‍ വേണ്ട സാധനങ്ങളെല്ലാം ഉത്രാട ദിനത്തിലാണ് വാങ്ങിക്കുന്നത്.
ഉത്രാടം, ഉച്ചയോടെയാണ് ഉത്രാടപ്പാച്ചില്‍ എന്ന വാക്ക് അന്വര്‍ത്ഥമാകുന്നത്. 'ഉത്രാടം ഉച്ച കഴിഞ്ഞാല്‍ അച്ചിമാര്‍ക്ക് വെപ്രാളം' എന്ന് ചില ദേശങ്ങളില്‍ ഒരു ചൊല്ലു തന്നെയുണ്ട്. ഓണം പ്രധാനമായും ഉത്രാടം മുതലാണെങ്കിലും തിരുവോണം തന്നെയാണ് ഓണം.
ഓണത്തിനുള്ള സ്പെഷ്യല്‍ വിഭവങ്ങള്‍ ഉണ്ടാക്കുന്നതിന്റെ ഉത്തരവാദിത്വം പൊതുവെ സ്ത്രീകള്‍ക്കാണല്ലോ. എന്നാല്‍ 'കാശുണ്ടെങ്കില്‍ എന്നും ഓണം' എന്നാണു ചിലരുടെ നിലപാട്. എങ്കിലും ഓണത്തിനുള്ള പലവ്യഞ്ജനങ്ങളും പച്ചക്കറിയും ഓണക്കോടിയും ഒക്കെ ഓണ സമയത്തു തന്നെ വാങ്ങണം എന്നത് മിക്കവര്‍ക്കും നിര്‍ബന്ധം തന്നെയാണ്. ഇതാണ് ഉത്രാട പാച്ചിലിനു ആക്കം കൂട്ടുന്നത്.
കൂടാതെ സദ്യയിലേക്ക് വേണ്ട ചില വിഭവങ്ങളും ഉത്രാട ദിനത്തില്‍ രാത്രിയില്‍ തന്നെ തയ്യാറാക്കി വെക്കും. ഉപ്പേരി, പുളി ഇഞ്ചി, വിവിധ തരം അച്ചാറുകള്‍ എന്നിവയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നതും ഉത്രാടം ദിനത്തിലാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.