അയാള്‍ക്കതിനു കഴിവുണ്ട്, വേണ്ടത് ചെറിയ മാനസികമായ മാറ്റം മാത്രം; സൂര്യകുമാറിന് പിന്തുണയുമായി ഡിവില്ലിയേഴ്‌സ്

അയാള്‍ക്കതിനു കഴിവുണ്ട്, വേണ്ടത് ചെറിയ മാനസികമായ മാറ്റം മാത്രം; സൂര്യകുമാറിന് പിന്തുണയുമായി ഡിവില്ലിയേഴ്‌സ്

ഇന്ത്യയുടെ ടി20 സെന്‍സേഷന്‍ സൂര്യകുമാര്‍ യാദവിനെ ലോകകപ്പ് 2023 സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയതിനെ അനുകൂലിച്ച് മുന്‍ ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍ താരം എബി ഡിവില്ല്യേഴ്‌സ്.

സൂര്യകുമാര്‍ യാദവിനെ ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തിയതില്‍ ആശ്വാസമുണ്ടെന്നും താന്‍ അദ്ദേഹത്തിന്റെ വലിയ ആരാധകനാണെന്നും മിസ്റ്റര്‍ 360 പറഞ്ഞു. ഏകദിനത്തില്‍ തിളങ്ങാന്‍ സൂര്യകുമാറിനു കഴിവുണ്ടെന്നും ഡിവില്ല്യേഴ്‌സ് വെളിപ്പെടുത്തി. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് എബി ഡിയുടെ പ്രസ്താവന.

സൂര്യകുമാറിനെ ലോകകപ്പ് ടീമിലെടുത്തതില്‍ ആശ്വാസമുണ്ട്. അയാളുടെ വലിയ ആരാധകനാണു ഞാന്‍. താന്‍ പണ്ടു ടി-20 ക്രിക്കറ്റില്‍ കളിച്ചതുപോലെയാണ് സൂര്യ ഇപ്പോ കളിക്കുന്നതെന്നും ഡിവില്ലിയേഴ്‌സ് പറഞ്ഞു.

അതേ സമയം, ഏകദിനത്തില്‍ മികച്ച പ്രകടനം നടത്തിയിട്ടില്ലെന്നതില്‍ കാര്യമില്ലെന്നും സൂര്യയ്ക്ക് കഴിവുണ്ടെന്നും, ചെറിയ മാനസികമായ ഒരു മാറ്റം മാത്രമേ നല്ല പ്രകടനം ഏകദിനത്തില്‍ കാഴ്ചവയ്ക്കുന്നതിന് ആവശ്യമുള്ളുവെന്നും ഡിവില്ലിയേഴ്‌സ് കൂട്ടിച്ചേര്‍ത്തു.

മലയാളി താരം സഞ്ജു സാംസണെയും ഡിവില്ല്യേഴ്‌സ് അഭിനന്ദിച്ചു. 2018 ഐപിഎലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനതിരെ 45 പന്തില്‍ 92 റണ്‍സ് നേടി പുറത്താവാതെ നിന്ന സഞ്ജുവിന്റെ പ്രകടനത്തെ പുകഴ്ത്തിയ താരം സഞ്ജുവിന്റെ കയ്യില്‍ എല്ലാ ഷോട്ടുകളുമുണ്ടെന്ന പറഞ്ഞ ഡിവില്ലിയേഴ്‌സ് ഏകദിന ക്രിക്കറ്റിനോട് മാനസികമായി പൊരുത്തപ്പെടണമെന്നും പറഞ്ഞു.

ഏകദിനത്തില്‍ സൂര്യകുമാര്‍ യാദവിനേക്കാള്‍ മികച്ച റെക്കോര്‍ഡ് കൈവശമുള്ള സഞ്ജുവിനെ തഴഞ്ഞ് സുര്യകുമാറിനെ ടീമില്‍ ഉള്‍പ്പെടുത്തിയതില്‍ ആരാധകരോഷം ഉയരുന്നതിനിടെയാണ് ഡിവില്ല്യേഴ്‌സിന്റെ പ്രസ്താവന.

രോഹിത് ശര്‍മയുടെ നേതൃത്വത്തില്‍ 15 അംഗ സ്‌ക്വാഡിനെയാണ് ഇന്ത്യ പ്രഖ്യാപിച്ചത്. ഹാര്‍ദിക് പാണ്ഡ്യയാണ് ഉപനായകന്‍. പരിക്കില്‍ നിന്നു മുക്തനായി തിരിച്ചെത്തിയ കെഎല്‍ രാഹുലാണ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍. ഏഷ്യാകപ്പിലെ ആദ്യ മല്‍സരത്തില്‍ പാക്കിസ്ഥാനെതിരെ മികച്ച പ്രകടനം കാഴ്ചവെച്ച ഇഷാന്‍ കിഷന്‍ രണ്ടാം വിക്കറ്റ് കീപ്പറായി സ്‌ക്വാഡിലുണ്ട്.

ഏഷ്യാ കപ്പില്‍ കളിക്കുന്ന ടീമിലെ മൂന്ന് താരങ്ങളെ ഒഴിവാക്കിയുള്ള ടീമാണ് ഏകദിന ലോകകപ്പില്‍ കളിക്കുക. സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അജിത് അഗാര്‍ക്കറും ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ചേര്‍ന്നാണ് ടീമിനെ പ്രഖ്യാപിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.