ലഹരി വിഴുങ്ങുന്ന ജീവിതങ്ങൾ

ലഹരി വിഴുങ്ങുന്ന ജീവിതങ്ങൾ

ഇന്നു നാടിനെ കാർന്നു തിന്നുന്ന വിപത്തായി വളർന്നിരിക്കുകയാണു ലഹരികൾ. ലഹരിമാഫിയകൾ വിരിക്കുന്ന വലയിൽ പെടുകയാണു നമ്മുടെ ഭാവി പ്രതീക്ഷയായ യുവത. നാടിന്റെ നാമ്പായ യുവാക്കളേയും കുരുന്നുകളേയും ലഹരിയുടെ വലയിൽ കുരുക്കി നാടിനെ നാശനരകമായി മാറ്റുന്ന ഇത്തരം ഹീനതകൾ ചെറുക്കപ്പെടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ദൈവത്തിന്റെ സ്വന്തം നാടെന്നു ഓമനപ്പേരിട്ടു നാം വിളിക്കുന്ന നമ്മുടെ കേരളം ലഹരിയുടെ നാടായി മാറുന്നു എന്നതു ഖേദകരമായ സത്യമാണ്. കേരനിരകൾ ഹരിതചാരുത മെനഞ്ഞ കേരളം ലഹരിയുടെ കെണിയിൽ പെട്ടു കരയുകയാണ്. വെറുമൊരു രസത്തിനായി തുടങ്ങി കരകയറാനാവാത്ത ഗർത്തത്തിൽ വീണു കുഴയുകയാണു നമ്മുടെ കുഞ്ഞുങ്ങളും യുവതലമുറയും. നാടിന്റെ വളർച്ചക്കു തുരങ്കം തീർക്കുന്ന ഇത്തരം മ്ലേച്ഛതകൾ നിയന്ത്രിച്ചേ മതിയാകൂ. അല്ലാത്തപക്ഷം നാശത്തിലേക്കുള്ള വാതായനങ്ങൾ അകലെയല്ല.

കേരളത്തിൽ ഇന്നു ലഹരി ഉപയോഗം കൊണ്ടുള്ള ദുരന്തങ്ങൾ തുടർക്കഥയായിരിക്കുകയാണ്. പ്രത്യേകിച്ചും സ്ത്രീകളുൾപ്പെടെയുള്ള കുട്ടികളിലും യുവാക്കളിലും. ആകാംക്ഷയാൽ ലഹരി പരീക്ഷിച്ചു തുടങ്ങുകയും പിന്നീടു ക്രമേണ അഡിക്ഷനായി അതു വളരുകയും ചെയ്യുന്നു. ശ്രമിച്ചാലും മാറാനാവാത്ത കെണിയിലാണകപ്പെടുന്നതെന്ന യാഥാർത്ഥ്യം നമ്മുടെ തലമുറ മനസ്സിലാക്കാതെ പോകുന്നു. വിദ്യാർത്ഥികളേയും യുവതലമുറയേയും മയക്കുമരുന്നിന്റെ മായാലോകത്തേക്കാനയിക്കുന്നതിനു ലഹരിമാഫിയകൾ പരുന്തുകൾ പോലെ എങ്ങും വട്ടമിട്ടു പറക്കുകയാണ്. ഇവർ കുട്ടികളെ റാഞ്ചിയെടുത്തു തുടക്കത്തിൽ സൗജന്യമായി മയക്കുമരുന്നുകൾ വിതരണം ചെയ്യുന്നു. സംസ്ഥാനത്തെ 28.7% ഹൈസ്ക്കൂൾ, ഹയർസെക്കൻഡറി വിദ്യാർത്ഥികളും ഒരു തവണയെങ്കിലും മയക്കുമരുന്നുകൾ ഉപയോഗിച്ചിട്ടുണ്ടെന്നു കണക്കുകൾ സൂചിപ്പിക്കുന്നു. ഭീതിതമായ അവസ്ഥയാണിത്. 16 നും 18 നും ഇടയിൽ പ്രായമുള്ള 48% പേരും 14 നും 15 നും ഇടയിലുള്ള 43% പേരും മയക്കുമരുന്നുകൾ ഉപയോഗിച്ചതായി കണ്ടെത്തി. ഒരു തവണ ഉപയോഗം പോലും ലഹരിക്കു നമ്മെ അടിമകളാക്കാം. തലച്ചോറിന്റെ രാസഘടനയിൽ വിവിധതരത്തിലുള്ള മാറ്റങ്ങൾ വരുത്തുകയും ക്രമേണ ലഹരിവസ്തുക്കൾ ഉപയോഗിക്കാതിരിക്കാൻ പറ്റാത്ത സ്ഥിതിവിശേഷത്തിലേക്കു മാറ്റപ്പെടുകയും ചെയ്യുന്നു. കരളിലെ രാസാഗ്നികളെ ഉദ്ദീപിപ്പിക്കാൻ കഞ്ചാവിലെ വിഷവസ്തുക്കൾക്കു കഴിയും. ഉത്തരം വിഷവസ്തുക്കൾ ശരീരത്തിൽ പ്രവേശിച്ചാൽ പൂർണ്ണമായും ശരീരം വിട്ടൊഴിയാൻ ഏകദേശം ഒരു മാസമെങ്കിലുമെടുക്കുമെന്നതുകൊണ്ടു വളരെ ചെറിയ ഉപയോഗം പോലും ശരീരത്തിനു ദോഷം വരുത്തുന്നു. അച്ഛനും അമ്മക്കും ഒരിക്കൽപോലും സംശയം ജനിപ്പിക്കാത്ത രീതിയിൽ ഇത്തരം മരുന്നുകൾ കുട്ടികൾക്കുപയോഗിക്കാനാകുന്നതും ഇതിന്റെ പ്രത്യേകതകളാണ്. ഇവിടെയാണു നമ്മുടെ ശ്രദ്ധ എത്തിപ്പെടേണ്ടത്. കഞ്ചാവു മാഫിയകൾ 18 വയസ്സിനു താഴെയുള്ള കുട്ടികളെ പ്രല്ലോഭിപ്പിച്ചു മരുന്നു വിൽപ്പനക്കാരാക്കുന്നു എന്ന വേദനിപ്പിക്കുന്ന അവസ്ഥയിൽ കാലഘട്ടം എത്തിനിൽക്കുന്നു. കൗമാരക്കാരായ കുരുന്നുകൾ ലഹരി ഉപയോഗിക്കുന്നുണ്ടോ എന്നതു ഏറ്റവും വേഗം മനസ്സിലാക്കാൻ സാധിക്കുന്നതു മാതാപിതാക്കൾക്കും അധ്യാപകർക്കുമാണ്. അവരിലെ പെട്ടെന്നുള്ള സ്വഭാവമാറ്റങ്ങൾ, വൈകല്യങ്ങൾ, ശാരീരികാസ്വസ്ഥതകൾ, ഉറക്കക്ഷീണം, ഉറക്കമില്ലായ്മ, പണത്തോടുള്ള അമിതാർത്തി, മോഷണശ്രമങ്ങൾ, വിഷാദം, ക്ഷീണം, നിരാശ, ഏകാന്തത, കൃത്യനിഷ്ഠതയില്ലായ്മ ഇവയെല്ലാം ഇതിന്റെ ലക്ഷണങ്ങളാണ്.

സ്ക്കൂളുകളും കോളേജുകളും കേന്ദ്രീകൃതമായാണിന്നു കഞ്ചാവ് - മയക്കുമരുന്നുമാഫിയകൾ പ്രവർത്തിക്കുന്നത്. ലഹരിക്കടിമപ്പെടുമ്പോൾ ഏതു കുറ്റകൃത്യം ചെയ്യാനും അവർ മടിക്കുന്നില്ല. മാനസികാവസ്ഥയിൽ മാറ്റംവരുത്തി മരവിച്ച മനോഭാവം തളിർപ്പിച്ചു ത്രസിപ്പിക്കുന്ന അതിഭീകരാന്തരീക്ഷത്തിലേയ്ക്കാണു ലഹരികൾ നമ്മെ നയിക്കുന്നത്. മാനുഷീകത, പൈശാചികതക്കു വഴിമാറുന്ന ഭയാനകാവസ്ഥ ഇതിന്റെ പരിണിതഫലമാണ്. സ്വന്തം അപ്പനേയും അമ്മയേയും സഹോദരങ്ങളേയും സുഹൃത്തുക്കളേയും തിരിച്ചറിയാൻ കഴിയാത്ത മൃഗീയാവസ്ഥയിലേക്കു നമ്മെ കൊണ്ടെത്തിച്ചു പതിയെ നാമറിയാതെ നമ്മെ കൊല്ലുകയാണു ലഹരികൾ. രസിപ്പിച്ചു കൊല്ലുന്ന കോമാളികളാണു ലഹരികളും ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്നവരും. ഇതിനെ വേരോടെ പിഴുതെടുത്തേ മതിയാകൂ. നമ്മുടെ നാടിന്റെ വികസനം വിഴുങ്ങുന്ന, നാടിനെ നാശത്തിലേക്കു നടത്തുന്ന ഇത്തരം അധമപ്രവർത്തികളേയും വ്യക്തികളേയും തിരിച്ചറിഞ്ഞു ഒറ്റപ്പെടുത്തി നിയമത്തിനു മുന്നിൽ കൊണ്ടുവരേണ്ടതു നമ്മുടെ ഓരോരുത്തരുടേയും കർത്തവ്യമാണ്. യുവതയുടെ കിനാവുകൾ കിള്ളുന്ന ലഹരികളേയും ലഹരിമാഫിയകളേയും നശിപ്പിച്ചില്ലെങ്കിൽ നാടു നാളെ നരകസമമാകുമെന്നുറപ്പാണ്.

വീടിനേയും നാടിനേയും നോവിന്റെ കയത്തിൽ തള്ളുന്ന ലഹരികളെ ഉത്മൂലനം ചെയ്യാൻ നമുക്കിന്നു പ്രതിജ്ഞയെടുക്കാം. എന്റെ നോക്കുകളും വാക്കുകളും ചിന്തകളും ചെയ്തികളുമെല്ലാം മറ്റാരോ നിയന്ത്രിക്കുന്ന അതിഭീകരാന്തരീക്ഷത്തിലേക്കു മാറ്റപ്പെടുന്നു. വിദ്യ വിളയേണ്ട വിദ്യാലയങ്ങളും കലാലയങ്ങളും ഇന്നു മയക്കുമരുന്നുകളുടെ വിളനിലമായി മാറിയിരിക്കുന്നു. ലഹരിമാഫിയകളുടെ കണ്ണിയറുത്തേ മതിയാകൂ. നമ്മുടെ ജീവിതം ഹനിക്കുന്ന, നാടിന്റെ പ്രതീക്ഷയായ കുട്ടികളുടേയും യുവാക്കളുടേയും ഭാവി പന്താടുന്ന നരാധമൻമാരെ അകറ്റിയേതീരൂ. ഇപ്പോഴെങ്കിലും നാം ക്രിയാത്മകമായി ഇടപെട്ടില്ലെങ്കിൽ കരയാൻ കണ്ണീരില്ലാത്ത ദുരവസ്ഥയിലേക്കു മാറ്റപ്പെടാനുള്ള ദൂരം വിദൂരമല്ല. ഈ മഹാവിപത്തിനെ അമർച്ച ചെയ്യാൻ ഇടപെടാൻ പറ്റുന്ന തലങ്ങളിലെല്ലാം നമുക്കിടപെടാം. അറിയിക്കേണ്ട കാര്യങ്ങൾ അറിയിക്കേണ്ടവരെ അറിയിക്കാം. ഓർക്കുക മക്കളേ, നിശബ്ദ കൊലയാളിയായ ലഹരികളും അതിനു തിരക്കഥ തീർക്കുന്ന പിന്നാമ്പുറക്കാരും നുള്ളുന്നതു നിങ്ങളുടെ ജീവിതങ്ങൾ മാത്രമല്ല, മറിച്ചു നിങ്ങളെയോർത്തു സ്വപ്നങ്ങളുടെ വർണ്ണലോകം മെനഞ്ഞ ഒരുകൂട്ടം സുമനസ്സുകളുടെ ചിന്തകളുമാണ്. ഇന്നു എന്നേയും നിങ്ങളേയുമോർത്തു അഭിമാനിക്കുന്ന അവരുടെ മിഴികളും മനസ്സും കണ്ണീർക്കയത്തിൽ മുങ്ങാൻ ഇടയാകാതിരിക്കട്ടെ. ലഹരിമുക്ത കേരളം എന്ന സ്വപ്നസാക്ഷാത്ക്കരത്തിനായി നമുക്കൊരുമിച്ചു നീങ്ങാം.

"തുരത്താം ലഹരിയെ
കൊരുക്കാം നാളെകൾ
കരുതലോടെ നീങ്ങിടാം
കരുത്തരായ് വളർന്നിടാം"


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.