തിരുവനന്തപുരം: ബിജെപി ബന്ധമുള്ള പാര്‍ട്ടിയായി എല്‍ഡിഎഫില്‍ തുടരാനാവില്ലെന്ന് ജനതാ ദള്‍ എസിനോട് സിപിഎം. ദേശീയ നേതൃത്വം ബിജെപി സഖ്യം പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഉടന്‍ നിലപാട് വ്യക്തമാക്കാന്‍ സംസ്ഥാന ജെഡിഎസ് നേതൃത്വത്തോട് സിപിഎം ആവശ്യപ്പെട്ടു.
ബിജെപി സഖ്യത്തിന്റെ ഭാഗമാവുന്നതായി കഴിഞ്ഞ ദിവസം ദള്‍ ദേശീയ നേതൃത്വം വ്യക്തമാക്കിയിരുന്നു. പാര്‍ട്ടി നേതാക്കളായ മുന്‍ പ്രധാനമന്ത്രി ദേവഗൗഡയും മകനും കര്‍ണാടക മുന്‍ മുഖ്യമന്ത്രിയുമായ എച്ച്ഡി കുമാരസ്വാമിയും ഇക്കാര്യം സ്ഥിരീകരിച്ചു. ഈ പശ്ചാത്തലത്തിലാണ് നിലപാടു വ്യക്തമാക്കാന്‍ സംസ്ഥാന ദള്‍ നേതൃത്വത്തോട് സിപിഎം ആവശ്യപ്പെട്ടിരിക്കുന്നത്.
ബിജെപി ബന്ധമുള്ള ദള്‍ മുന്നണിയില്‍ തുടരുന്നതിനെ ഒരു കാരണവശാലും അനുവദിക്കേണ്ടതില്ലെന്നാണ് സിപിഎം നേതൃത്വത്തിന്റെ തീരുമാനം. ഇത്തരമൊരു സാഹചര്യമുണ്ടായാല്‍ വര്‍ഗീയതയോടുള്ള സന്ധി ചെയ്യലായി അത് വിലയിരുത്തപ്പെടുമെന്നും പാര്‍ട്ടി വിലയിരുത്തി. കോണ്‍ഗ്രസ് പ്രചാരണം അതില്‍ ഊന്നുമെന്നും പാര്‍ട്ടി കരുതുന്നു.
ബിജെപി സഖ്യത്തില്‍ ചേരാനുള്ള ദേശീയ നേതൃത്വത്തിന്റെ നിലപാടിനൊപ്പമില്ലെന്ന് ദള്‍ സംസ്ഥാന നേതൃത്വം ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ദളില്‍ തുടര്‍ന്നുകൊണ്ടു തന്നെ സംസ്ഥാന നേതൃത്വത്തിന് ഇത്തരമൊരു നിലപാടെടുക്കാനാവില്ല. അതിനാല്‍ സംസ്ഥാന ഘടകം പുതിയ പാര്‍ട്ടിയായി മാറുന്നതിനെക്കുറിച്ചാണ് ചര്‍ച്ച നടക്കുന്നത്. എല്‍ജെഡിയുമായി സഹകരിക്കുന്നതിനെക്കുറിച്ച് പാര്‍ട്ടിയില്‍ ഒരു വിഭാഗം ചര്‍ച്ച നടത്തുന്നുണ്ട്. എന്നാല്‍ മാത്യു ടി തോമസിന്റെ നേതൃത്വത്തിലുള്ള വിഭാഗത്തിന് ഇതിനോടു താത്പര്യമില്ല. തുടര്‍ നടപടികളെക്കുറിച്ചു ചര്‍ച്ച ചെയ്യാന്‍ അടുത്ത ഏഴിന് ദള്‍ സംസ്ഥാന നേതൃയോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.