ധനമന്ത്രിയെ നോക്കുകുത്തിയാക്കി ജി.എസ്.ടി വകുപ്പില്‍ നടക്കുന്നത് ഉദ്യോഗസ്ഥ ഭരണം: വി.ഡി സതീശന്‍

ധനമന്ത്രിയെ നോക്കുകുത്തിയാക്കി ജി.എസ്.ടി വകുപ്പില്‍ നടക്കുന്നത് ഉദ്യോഗസ്ഥ ഭരണം: വി.ഡി സതീശന്‍

തിരുവനന്തപുരം: പ്രതിപക്ഷ നേതാവിന്റെ വാര്‍ത്താസമ്മേളനവും നിയമസഭ പ്രസംഗവും സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചതിന്റെ പേരില്‍ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്ന അച്ചടക്ക നടപടി ഇരട്ടനീതിയും ജനാധിപത്യ വിരുദ്ധവുമെന്ന് വി.ഡി സതീശന്‍.

സഭാ ടി.വി സംപ്രേക്ഷണം ചെയ്ത പ്രതിപക്ഷ നേതാവിന്റെ പ്രസംഗം സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചെന്ന് ആരോപിച്ചാണ് നികുതി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥനും സ്റ്റേറ്റ് എംപ്ലോയീസ് യൂണിയന്‍ സംസ്ഥാന സെക്രട്ടറിയുമായ അഷറഫ് മാണിക്യത്തിനെ സസ്പെന്‍ഡ് ചെയ്തത്. പ്രതിപക്ഷ സര്‍വീസ് സംഘടനയില്‍ ഉള്‍പ്പെട്ടെ ആറോളം പേര്‍ക്ക് നോട്ടീസും നല്‍കിയിട്ടുണ്ട്. സസ്പെന്‍ഷന്‍ നടപടി അടിയന്തിരമായി പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും അദേഹം ആവശ്യപ്പെട്ടു.

24 മണിക്കൂറിനകം മറുപടി നല്‍കണന്ന് ആവശ്യപ്പെട്ട് നോട്ടീസ് നല്‍കുന്നത് ഏത് സര്‍വീസ് ചട്ടപ്രകാരമാണെന്നും രാജാവിനേക്കാള്‍ രാജഭക്തി കാണിക്കുന്ന ഉദ്യോഗസ്ഥര്‍ കാലം മാറുമെന്ന് ഓര്‍ക്കണമെന്നും അദേഹം പറഞ്ഞു.

സി.പി.എം അനുകൂല സംഘടനയുടെ ആശീര്‍വാദത്തോടെ ജി.എസ്.ടി ഇന്റലിജന്‍സിന്റെ മറവില്‍ നടക്കുന്ന കൊള്ള കാണാതെയാണ് ഇത്തരം അപഹാസ്യമായ അച്ചടക്ക നടപടികള്‍. ധനമന്ത്രിയെ നോക്കുകുത്തിയാക്കി ചില ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള ഭരണമാണ് ജി.എസ്.ടി വകുപ്പില്‍ നടക്കുന്നത്.

പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെയുള്ള യു.ഡി.എഫ് നേതാക്കള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും എതിരെ അശ്ലീല സന്ദേശങ്ങള്‍ പ്രചരിപ്പിക്കുകയും സൈബര്‍ ആക്രമണത്തിന് ആഹ്വാനം ചെയ്യുകയും ചെയ്ത സി.പി.എം സൈബര്‍ ഗുണ്ടകളെ സംരക്ഷിക്കുന്നവരാണ് സര്‍ക്കാരിന്റെ തെറ്റുകള്‍ ചൂണ്ടിക്കാട്ടിയുള്ളൊരു വാര്‍ത്ത പങ്കുവച്ചതിന്റെ പേരില്‍ പ്രതിപക്ഷ സര്‍വീസ് സംഘടന നേതാക്കള്‍ക്കെതിരെ നടപടിയെടുക്കുന്നത്.

യാഥാര്‍ഥ്യ ബോധത്തോടെയുള്ള വാര്‍ത്തകള്‍ വകുപ്പുതല ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെടുത്തുകയും ജീവനക്കാര്‍ ജാഗ്രതപുലര്‍ത്തണമെന്ന സന്ദേശം നല്‍കുകയും ചെയ്ത സര്‍വീസ് സംഘടന നേതാവിനെതിരെ അച്ചടക്ക നടപടിയെടുത്തത് തെറ്റായ കീഴ്‌വഴക്കം സൃഷ്ടിക്കുമെന്ന് ഭരണ നേതൃത്വം ഓര്‍ക്കണമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.