ഇറാഖില്‍ വിവാഹച്ചടങ്ങിനിടെ തീപിടിത്തം; ദുരിതബാധിതര്‍ക്ക് ആത്മീയ പിന്തുണ അറിയിച്ച് മാര്‍പ്പാപ്പ

ഇറാഖില്‍ വിവാഹച്ചടങ്ങിനിടെ തീപിടിത്തം; ദുരിതബാധിതര്‍ക്ക് ആത്മീയ പിന്തുണ അറിയിച്ച് മാര്‍പ്പാപ്പ

വത്തിക്കാന്‍ സിറ്റി: ഇറാഖിലെ നിനവേയിലുള്ള ഖരാഖോഷില്‍ വിവാഹ ആഘോഷത്തിനിടെ ഉണ്ടായ തീപിടിത്തത്തില്‍ 114 പേര്‍ കൊല്ലപ്പെടുകയും 150 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ അഗാധ ദുഖം രേഖപ്പെടുത്തി ഫ്രാന്‍സിസ് പാപ്പാ. വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ പിയെത്രോ പരോളിന്‍ ഒപ്പുവച്ചയച്ച ഫ്രാന്‍സിസ് പാപ്പയുടെ ടെലഗ്രാം സന്ദേശത്തില്‍, വിനാശകരമായ ഈ സംഭവത്തില്‍ ദുരിതമനുഭവിക്കുന്ന എല്ലാവര്‍ക്കും തന്റെ ഖേദവും ആത്മീയ പിന്തുണയും പാപ്പാ അറിയിച്ചു.

സിറിയയിലെ മൊസൂളിലെ ആര്‍ച്ചുബിഷപ്പ് പരിശുദ്ധ ബെനഡെക്റ്റസ് യൂനാന്‍ ഹാനോയെ അഭിസംബോധന ചെയ്താണ് സന്ദേശം അയച്ചത്. തീപിടിത്തത്തില്‍ മരിച്ചവരുടെ ആത്മാക്കളെ സര്‍വശക്തനായ ദൈവത്തിന്റെ കാരുണ്യത്തിന് പാപ്പാ ഭരമേല്‍പിക്കുന്നുവെന്നും ഈ ദുരന്തത്തില്‍ പ്രിയപ്പെട്ടവരുടെ ജീവന്‍ നഷ്ടപ്പെട്ടതില്‍ വിലപിക്കുന്നവര്‍ക്ക് ഫ്രാന്‍സിസ് പാപ്പാ തന്റെ അനുശോചനം അറിയിക്കുകയും ചെയ്യുന്നുെവന്നും സന്ദേശത്തില്‍ കുറിച്ചിട്ടുണ്ട്.

പരിക്കേറ്റവരോടും തന്റെ സാമീപ്യം അറിയിച്ച പാപ്പാ, തീ അണയ്ക്കാനും ദുരിതബാധിതര്‍ക്ക് സഹായം നല്‍കാനും മുന്‍നിരയില്‍ നിന്ന് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവര്‍ക്കും തന്റെ പ്രാര്‍ഥന വാഗ്ദാനം ചെയ്തു. വളരെയധികം പ്രയാസമനുഭവിക്കുന്ന ഈ സമയത്ത് എല്ലാവര്‍ക്കും സാന്ത്വനത്തിന്റെയും രോഗശാന്തിയുടെയും ശക്തിയുടെയും ദൈവികാനുഗ്രഹങ്ങള്‍ നല്‍കുകയും ചെയ്തു.

2021-ല്‍ ഫ്രാന്‍സിസ് പാപ്പ ഭൂരിപക്ഷ കത്തോലിക്കാ നഗരമായ ഖരാഖോഷ് സന്ദര്‍ശിച്ചിരുന്നു. ഇസ്ലാമിക് സ്‌റ്റേറ്റിന്റെ അധിനിവേശത്തിനു ശേഷം ഇറാഖില്‍ അവശേഷിക്കുന്ന ചുരുക്കം ചില ക്രിസ്ത്യന്‍ കമ്മ്യൂണിറ്റികളില്‍ ഒന്നാണിത്.

വടക്കന്‍ ഇറാഖിലെ ഖരാഖോഷില്‍ 1,300 ആളുകള്‍ പങ്കെടുത്ത വിവാഹചടങ്ങില്‍ പടക്കം പൊട്ടിച്ചതിനെ തുടര്‍ന്നാണ് അപകടം സംഭവിച്ചത്. പടക്കങ്ങള്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് അലങ്കാര വസ്തുക്കളിലേക്ക് തീ പടരുകയും ഹാളിലുണ്ടായിരുന്ന ആളുകളുടെ മേല്‍ സീലിംഗ് തകര്‍ന്നു വീഴുകയായിരുന്നു എന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. തീപിടിത്തത്തെ തുടര്‍ന്ന് 114 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

കൂടുതല്‍ വായനയ്ക്ക്:

ഇറാഖില്‍ വിവാഹ ചടങ്ങിലെ തീപിടിത്തം: കണ്ണീര്‍ തോരാതെ നിനവേ; ഹൃദയഭേദക ദൃശ്യങ്ങള്‍...

ഇറാഖിലെ ക്രിസ്ത്യൻ വിവാഹത്തിനിടെയുണ്ടായ ദുരന്തം ആസൂത്രിതമെന്ന് ആരോപണം; തീകത്തുമ്പോൾ മുഖം മൂടി ധരിച്ചയാൾ വിജയ ചിഹ്നവുമായി കൈകൾ ഉയർത്തുന്ന ചിത്രം സോഷ്യൽ മീഡിയയിൽ‌

ഇറാഖിൽ പരമ്പരാഗത ക്രിസ്ത്യന്‍ വിവാഹത്തിനിടെ തീപിടിത്തം; മരണം 114; പ്രാര്‍ഥനയ്ക്ക് ആഹ്വാനം നൽകി കല്‍ദായ ആര്‍ച്ചുബിഷപ്പ്


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.