സെൻറ് നിക്കോളാസിന്റെ പ്രാർത്ഥന ഗാനം

സെൻറ് നിക്കോളാസിന്റെ പ്രാർത്ഥന ഗാനം

എൻറെ കർത്താവേ എൻറെ ദൈവമേ
 നിന്നോടൊപ്പം നിൽക്കുന്നതിൽ നിന്ന്  
എന്നെ തടയുന്ന എല്ലാം എന്നിൽ നിന്ന് എടുക്കുക.  

 എൻറെ കർത്താവേ എൻറെ ദൈവമേ 
എന്നെ നിൻറെ അടുക്കൽ കൊണ്ടു 
വരുന്നതെല്ലാം എനിക്ക് തരണമേ.  

 എൻറെ കർത്താവേ എൻറെ ദൈവമേ  
 എന്നെ എടുത്തു എന്നെ നിൻറെ സ്വന്തമാക്കൂ.  

ഈ പ്രാർത്ഥന ഗാനം  സ്വിറ്റ്സർലൻഡിന്റെ മദ്ധ്യസ്ഥനായ വിശുദ്ധ നിക്കോളോസിന്റേതാണ്. ഇത്  മനോഹരമായ ഈണത്തിൽ  സ്വിറ്റ്സർലൻഡിലെ ദേവാലയ പ്രാർത്ഥന പുസ്തകത്തിൽ നിന്നും  സ്വിറ്റ്സർലൻഡുകാർ വളരെ ഭക്തിപൂർവ്വം ആലപിക്കുന്നു. 1417-ൽ, സ്വിറ്റ്സർലൻഡിലെ ഫ്ലൂ പടർന്നു പിടിക്കുന്നതിന് ഇടയിൽ ആണ് വി.നിക്കോളാസ്  ജനിച്ചത്. മരണം 1487-ൽ ആയിരുന്നു. 20 വർഷം താപസനായി ജീവിച്ചു, അതിൽ അനേക വർഷങ്ങൾ വിശുദ്ധകുർബാന മാത്രമാണ് ഭക്ഷണമായി സ്വീകരിച്ചത്.  

സെന്റ് നിക്കോളാസ് മറ്റെല്ലാ സാധാരണ മനുഷ്യരെ പോലെ, വിവിധ ജീവിത വഴികളിലൂടെ സഞ്ചരിച്ചാണ് വിശുദ്ധനായി തീർന്നത്. അദ്ദേഹം ഒരു കുടുംബ നാഥനായിരുന്നു, കർഷകനായിരുന്നു, പത്തു കുട്ടികളുടെ പിതാവായിരുന്നു, ജഡ്ജിയായിരുന്നു, പട്ടാള നേതാവായിരുന്നു, അസംബ്ലി മെമ്പർ ആയിരുന്നു, കൗൺസിലറും ആയിരുന്നു. പ്രത്യേകിച്ചും, രാഷ്ട്രീയ പ്രശ്നങ്ങൾക്ക് മധ്യസ്ഥം വഹിച്ചിരുന്ന, മികച്ച ഒരു നയതന്ത്രഞൻ ആയിരുന്നു. എല്ലാവർക്കും സമ്മതനായ ഒരു വ്യക്തിയുമായിരുന്നു. അദ്ദേഹം സ്വിറ്റ്സർലൻഡിൽ മാത്രമല്ല, മറ്റു സമീപ രാജ്യങ്ങളുടെ പോലും പ്രശ്നങ്ങൾക്ക് പരിഹാരം നിർദ്ദേശിച്ചു നലകുകയും, സഹായിക്കുകയും ചെയ്തിരുന്നു.   

അദ്ദേഹം തന്റെ മൂത്ത കുട്ടിക്ക് 20 വയസ്സും ഇളയ കുട്ടിക്ക് ഒരു വയസ്സും ആകുന്നതിനു മുൻപുതന്നെ ഭാര്യയായ ഡോറോത്തിയുടെ സമ്മതത്തോടെ ഒരു താപസനായി ജീവിക്കാൻ തീരുമാനിച്ചിരുന്നു. ഒരൽപകാലത്തിന് ശേഷം ഒരു തീർത്ഥാടനത്തിന് പോകുകയും മുൻകൂട്ടി നിശ്ചയിച്ചത് പോലെ പിന്നീട് താപസനായി അദ്ദേഹത്തിൻറെ വീടിനടുത്ത് തന്നെ ഒരു കിലോമീറ്റർ ദൂരത്തുള്ള റാഫ്റ്റ് താഴ്-വരയിൽ ഒരു കുടിൽ കെട്ടി ഏകാന്തനായി താമസിച്ചു. അദ്ദേഹം തിരുസഭാ ചരിത്രത്തിൽ വലിയ ഒരു മിസ്റ്റിക് ആയാണ് കരുതപ്പെടുന്നത്. കർത്താവിന്റെ പീഡാനുഭവമാണ് വിശുദ്ധന്റെ ഏറ്റവും ഇഷ്ടപ്പെട്ട ധ്യാന വിഷയം എന്നാണു അദ്ദേഹം പറയാറുള്ളത്.  

1947 മെയ് 15ന് പന്ത്രണ്ടാം പീയൂസ് മാർപാപ്പ അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചു. സ്വിറ്റ്സർലൻഡിൽ അദ്ദേഹത്തെ അനുസ്മരിക്കുന്ന തിരുനാൾ ദിവസമാണ് സെപ്റ്റംബർ 25 .  

✍ നിമ്മി  വാളിപ്ലാക്കൽ  


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.