മുതിര്‍ന്ന സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദന്‍ അന്തരിച്ചു

മുതിര്‍ന്ന സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദന്‍ അന്തരിച്ചു

തിരുവനന്തപുരം: മുതിര്‍ന്ന സിപിഎം നേതാവും സിഐടിയു സംസ്ഥാന പ്രസിഡന്റുമായ ആനത്തലവട്ടം ആനന്ദന്‍(86) അന്തരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വച്ചായിരുന്നു അന്ത്യം. രോഗബാധയെ തുടര്‍ന്ന് ഒരാഴ്ചയിലേറെയായി ചികിത്സയിലായിരുന്നു.

1937 ഏപ്രില്‍ 22 ന് തിരുവനന്തപുരം ജില്ലയിലെ വര്‍ക്കല ചിലക്കൂരില്‍ കേടുവിളാകത്ത് വിളയില്‍ നാരായണിയുടെയും വി.കൃഷ്ണന്റെയും മകനായി ജനിച്ചു. 1954 ല്‍ ഒരണ കൂടുതല്‍ കൂലിക്കു വേണ്ടി നടന്ന കയര്‍ തൊഴിലാളി പണിമുടക്കാണ് ആനന്ദന് രാഷ്ട്രീയത്തിലേക്കും സാമൂഹിക പ്രവര്‍ത്തനത്തിലേക്കും വഴി തുറന്നത്.

ഈ സമരത്തിനായി റെയില്‍വേയില്‍ ടിക്കറ്റ് എക്സാമിനര്‍ ആയി ലഭിച്ച ജോലി അദ്ദേഹം വേണ്ടെന്ന് വച്ചു. ട്രാവന്‍കൂര്‍ കയര്‍ വര്‍ക്കേഴ്സ് യൂണിയന്‍ മാനേജിംഗ് കമ്മിറ്റി അംഗം, മറ്റു പ്രാദേശിക യൂണിയനുകളുടെ ഭാരവാഹി എന്ന നിലയില്‍ അദ്ദേഹം പ്രവര്‍ത്തിച്ചു.

1956ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗം ആയി. പാര്‍ട്ടി പിളര്‍ന്നപ്പോള്‍ സിപിഎമ്മിനൊപ്പം ചേര്‍ന്നു. 1971 ല്‍ സിപിഎം ജില്ലാ കമ്മിറ്റി അംഗം, ട്രാവന്‍കൂര്‍ കയര്‍ തൊഴിലാളി യൂണിയന്‍ ജനറല്‍ സെക്രട്ടറി, കേരള കയര്‍ വര്‍ക്കേഴ്സ് സെന്റര്‍ ജോയിന്റ് സെക്രട്ടറി എന്നീ പദവികള്‍ വഹിച്ചു. 1972 ല്‍ കേരള കയര്‍ വര്‍ക്കേഴ്സ് സെന്റര്‍ സെക്രട്ടറി ആയി. 1987, 1996, 2001 വര്‍ഷങ്ങളില്‍ ആറ്റിങ്ങല്‍ നിയമസഭാ മണ്ഡലത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടു.

കേന്ദ്ര സര്‍ക്കാരിന്റെ കയര്‍മിത്ര പുരസ്‌കാരം, കയര്‍ മില്ലനിയം പുരസ്‌കാരം, സംസ്ഥാന സര്‍ക്കാരിന്റെ കയര്‍ അവാര്‍ഡ്, സി.കേശവന്‍ സ്മാരക പുരസ്‌കാരം, എന്‍.ശ്രീകണ്ഠന്‍ നായര്‍ പുരസ്‌കാരം തുടങ്ങിയ അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

നിലവില്‍ സിപിഎം സംസ്ഥാന സമിതിയിലെ പ്രത്യേക ക്ഷണിതാവും സിഐടിയു ദേശീയ വൈസ് പ്രസിഡന്റും അപ്പക്‌സ് ബോഡി ഫോര്‍ കയര്‍ വൈസ് ചെയര്‍മാനുമാണ്. ഭാര്യ ലൈല. മക്കള്‍: ജീവ ആനന്ദന്‍, മഹേഷ് ആനന്ദന്‍.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.