സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തിന് ഇന്ന് കുന്നംകുളത്ത് തുടക്കം

സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തിന് ഇന്ന് കുന്നംകുളത്ത് തുടക്കം

തൃശൂര്‍: അറുപത്തഞ്ചാമത് സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തിന് ഇന്ന് കുന്നംകുളത്ത് തുടക്കമാകും. എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി. ഇന്ന് രജിസ്‌ട്രേഷനും മറ്റു കാര്യങ്ങളുമാണ് നടക്കുക.

നാളെ രാവിലെ ഏഴിന് മത്സരങ്ങള്‍ ആരംഭിക്കും. രാവിലെ ഒമ്പതിന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ്. ഷാനവാസ് പതാക ഉയര്‍ത്തും. വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി മേള ഉദ്ഘാടനം ചെയ്യും.

ഇനിയുള്ള നാല് ദിനങ്ങള്‍ കൗമാര കുതിപ്പുകളുടെയാണ്. ട്രാക്കിലും ഫീല്‍ഡിലും പോരാട്ടങ്ങള്‍ തീപാറും. 98 ഇനങ്ങളില്‍ മൂവായിരത്തിലധികം കുട്ടികള്‍ ആറ് വിഭാഗങ്ങളിലായി കായിക മേളയില്‍ മാറ്റുരയ്ക്കും. കഴിഞ്ഞ തവണ സംഘടിപ്പിച്ചതുപോലെ ഇത്തവണയും പകലും രാത്രിയുമായിട്ടാണ് കായികോത്സവം.

ദേശീയ സ്‌കൂള്‍ മത്സരങ്ങള്‍ അടുത്ത മാസവും ദേശീയ ഗെയിംസ് ഈ മാസം 25 മുതല്‍ ഗോവയില്‍ നടക്കുന്നത് കൊണ്ടുമാണ് കായികോത്സവം ഇക്കുറി നേരത്തെ നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. കായിക മാമാങ്കത്തിനായി വിവിധ ജില്ലകളില്‍ നിന്നുള്ള കുട്ടികളും അധ്യാപകരും കുന്നംകുളത്തേക്ക് എത്തിത്തുടങ്ങി.

ഇരുപതിന് വൈകുന്നേരമാണ് സമാപന സമ്മേളനവും സമ്മാന ദാനവും. ജില്ലയിലെ 15 ലധികം സ്‌കൂളുകളിലാണ് കുട്ടികള്‍ക്ക് താമസ സൗകര്യം ഒരുക്കിയിരിക്കുന്നത്. കായികോത്സവത്തില്‍ ഒന്നാം സ്ഥാനത്ത് എത്തുന്ന ജില്ലയ്ക്ക് 2,20,000 രൂപയാണ് സമ്മാനം.

രണ്ടാമതെത്തുന്ന ജില്ലയ്ക്ക് 1,65,000 രൂപയും മൂന്നാം സ്ഥാനത്തിന് 1,10,000 രൂപയും നല്‍കും. ഗ്രൗണ്ടില്‍ അത്യാധുനിക സംവിധാനത്തോടെ മെഡിക്കല്‍ സൗകര്യവും ക്രമീകരിച്ചിട്ടുണ്ട്. 15 വര്‍ഷത്തിന് ശേഷമാണ് തൃശൂര്‍ ജില്ല സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തിന് വേദിയാകുന്നത്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.