ഐക്യത്തിനായി ആഹ്വാനം ചെയ്ത് കൊണ്ട് കുവൈറ്റ് അമീർ ഷെയ്ഖ് നവാഫ് അൽ അഹ്മദ് അൽ സബ സ്ഥാനമേറ്റു

ഐക്യത്തിനായി ആഹ്വാനം ചെയ്ത് കൊണ്ട് കുവൈറ്റ് അമീർ ഷെയ്ഖ് നവാഫ് അൽ അഹ്മദ് അൽ സബ സ്ഥാനമേറ്റു

കുവൈറ്റ്:  91 കാരനായ ഷെയ്ഖ് സബയുടെ നിര്യാണത്തെത്തുടർന്ന് പതിനാറാമത് അമീറായി നിയുക്ത പിൻഗാമിയായ കിരീടാവകാശി പ്രിൻസ് ഷെയ്ഖ് നവാഫ് അൽ അഹ്മദ് അൽ സബ , പാർലമെന്റിൽ  സത്യപ്രതിജ്ഞ ചെയ്തു . രാജ്യത്തിന്റെ അഭിവൃദ്ധി, സ്ഥിരത, സുരക്ഷ എന്നിവയ്ക്കായി പ്രവർത്തിക്കുമെന്ന് 83 കാരനായ ഷെയ്ഖ് നവാഫ് പ്രതിജ്ഞയെടുത്തു. രാഷ്ട്രം ഇന്ന് നേരിടുന്ന പ്രയാസകരമായ സാഹചര്യങ്ങളെയും അപകടകരമായ വെല്ലുവിളികളെയും മറികടക്കുവാൻ എല്ലാവരുടെയും ഒത്തൊരുമയും കഠിനാധ്വാനവും ആവശ്യമാണ് എന്ന് അദ്ദേഹം ദേശീയ അസംബ്ലിയിൽ പറഞ്ഞു.

1937 ജൂൺ 25 ന് കുവൈറ്റിൽ ജനിച്ച ഷെയ്ഖ് നവാഫ് 1921 നും 1950 നും ഇടയിൽ കുവൈറ്റ് രാജ്യം ഭരിച്ച പത്താമത്തെ കുവൈറ്റ് ഭരണാധികാരിയായ ഷെയ്ഖ് അഹ്മദ് അൽ ജാബർ അൽ മുബാറക് അൽ സബയുടെ ആറാമത്തെ മകനാണ്. ഔദ്യോഗിക വെബ്‌സൈറ്റ് പ്രകാരം 2006 ഫെബ്രുവരി 7 നാണ് ഷെയ്ഖ് നവാഫിനെ കിരീടാവകാശിയായി തിരഞ്ഞെടുത്തത്. ഈ സ്ഥാനം ഏറ്റെടുക്കുന്നതിനുമുമ്പ്, 2003 ഒക്ടോബർ മുതൽ ഉപപ്രധാനമന്ത്രിയായും ആഭ്യന്തരമന്ത്രിയുമായും അദ്ദേഹം സേവനമനുഷ്ഠിച്ചു വരികയായിരുന്നു. 1978 മാർച്ചു മുതൽ 1988 ജനുവരിവരെ ആഭ്യന്തരമന്ത്രിയായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. അതിന് ശേഷം 1988 ൽ അദ്ദേഹം പ്രതിരോധ മന്ത്രിയായും സേവനം അനുഷ്ഠിച്ചു. 1994 ഒക്ടോബറിൽ കുവൈറ്റ് നാഷണൽ ഗാർഡിന്റെ ഡെപ്യൂട്ടി ഹെഡ് ആയി സേവനമനുഷ്ഠിച്ച ഈ കാലയളവിൽ കുവൈറ്റ് സായുധ സേനയുടെ വികസനത്തിന് ഗണ്യമായ സംഭാവന നൽകി.

1991 ഏപ്രിലിൽ ഇറാഖ് അധിനിവേശത്തിൽ നിന്ന് കുവൈറ്റിനെ മോചിപ്പിച്ചശേഷം രൂപീകരിച്ച ആദ്യത്തെ കുവൈറ്റ് മന്ത്രിസഭയിൽ സാമൂഹ്യകാര്യ വകുപ്പും, തൊഴിൽ വകുപ്പും കൈകാര്യം ചെയ്തത് ഷെയ്ഖ് നവാഫ് ആയിരുന്നു.  

പ്രാദേശിക സമാധാനം നേടുന്നതിനും അറബ് രാജ്യങ്ങൾ തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കുന്നതിനുമായി സന്തുലിതവും മിതവുമായ രീതിയിൽ നയങ്ങൾ സ്വീകരിച്ച മുൻഗാമിയുടെ ഭരണ തന്ത്രങ്ങൾ തന്നെയാവും പുതിയ അമീറും സ്വീകരിക്കുന്നത് എന്ന് നിരീക്ഷകർ പ്രതീക്ഷിക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.